പ്രണയവും ദാമ്പത്യവും കളിപ്പാട്ടംപോലെയാണെന്ന് പണ്ട് ആരോ പറഞ്ഞ പല്ലവി ഓർമിപ്പിച്ചു അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ. ഏറെ കൗതുകത്തോടെയാവും അമ്പലപ്പറമ്പിലെ ആ പാവക്കുട്ടിയെ സ്വന്തമാക്കുന്നത്. കൊതിച്ചു കൊതിച്ചു വാങ്ങിയതിന്റെ കൗതുകം അടങ്ങുന്നതോടെ, ഏതെങ്കിലും മൂലയിൽ പൊടിയും മാറാലയും പിടിച്ച് അത് അവിടെ അങ്ങനെ കിടക്കും. തിരക്കിന്റെ ഇടയിൽ ഒരുകാലത്ത് ഒരുപാട് ഇഷ്ടത്തോടെ സ്വന്തമാക്കിയതായിരുന്നു അതെന്ന് നമ്മൾ ഓർമിക്കില്ല. പ്രണയമായാലും വിവാഹമായാലും അതുപോലെ തന്നെ. ആദ്യത്തെ ആ ഒരു കൗതുകം തീരുന്നതോടെ പണ്ട് ഒരുപാട് ആഗ്രഹിച്ചു മോഹിച്ചു സ്വന്തമാക്കിയ വ്യക്തിയാണ് കൂടെയുള്ളതെന്ന് മറന്നേ പോകും. പിന്നെ അവർ തൊടുന്നതും പിടിക്കുന്നതുമെല്ലാം കുറ്റമാകും.
ഒരുകാലത്ത് ഒരുമിച്ച് എൻജോയ് ചെയ്തിരുന്നതെല്ലാം ഡിസ്റ്റർബൻസ് ആകും. ഏറെ വൈകിയാകും, ആ ശല്യങ്ങളൊക്കെയും ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നെന്ന് മനസ്സിലാകുന്നത്. ആർക്കും ആരോടും ഐ ലൗവ് യൂ പറയാം, ആരെ വേണമെങ്കിലും വിവാഹം കഴിക്കാം. പക്ഷെ അതുകഴിഞ്ഞുള്ള ജീവിതം മനോഹരമാക്കുന്നതിലാണ് യഥാർഥ മിടുക്ക്. രണ്ടുതലമുറയിലൂടെ കടന്നുപോകുന്ന സിനിമ പറഞ്ഞുവയ്ക്കുന്നത് ഒറ്റ ആശയം മാത്രമാണ്- ജനറേഷൻ ഓൾഡ് ആയാലും ന്യൂ ആയാലും പ്രണയത്തിൽ നിന്നും ദാമ്പത്യത്തിൽ നിന്നും സ്ത്രീ ആഗ്രഹിക്കുന്നത് പരിഗണനയാണ്.
ആ പരിഗണനകിട്ടാതെ വന്നപ്പോഴാണ് എലിസബത്ത് എന്ന എലി ശല്യമായി മാറാൻ തുടങ്ങിയത്. നിരന്തരമായി അവൾ ഫോൺ വിളിക്കുന്നത് ഒരിക്കലും ശല്യപ്പെടുത്താൻ ആയിരുന്നില്ല, അത്രമേൽ പരിഗണന അവൾ അവനിൽ നിന്നും ആഗ്രഹിച്ചിരുന്നതുകൊണ്ടാണ്. അനുരാഗ കരിക്കിൻവെള്ളത്തിലെ സുമയും എലിസബത്തുമൊക്കെ നമ്മുടെ ഇടയിൽ തന്നെയുള്ളവരാണ്. പരിഗണന കിട്ടാൻ ആഗ്രഹിക്കുന്നവർ. അവരെ സംബന്ധിച്ച് വിലകൂടിയ സമ്മാനപൊതികളല്ല വേണ്ടത്, പ്രണയിക്കുന്നവരുടെ സ്നേഹത്തോടെയുള്ള ഒരു വാക്ക്, നോട്ടം, സാമിപ്യം അതുമതിയാകും അവരുടെ ജീവിതം സന്തോഷമാകാൻ.
കാരണം യഥാർഥ പ്രണയത്തിലാണ് ജീവിതം ഒരാളിലേക്കു തന്നെ ചുരുങ്ങുന്ന അവസ്ഥ വരുന്നത്. അവരുടെ വാക്ക് പ്രവർത്തി ചിന്തകൾ എല്ലാം ആ ഒരാളെ ചുറ്റിപറ്റിയുള്ളതാണ്. ആ ഒരാളുടെ ലോകം അതിവിശാലമായിരിക്കും, അതിൽ സുഹൃത്തുകൾ കാണും, സഹപ്രവർത്തകർ കാണും, തിരക്കുകൾ കാണും. ഈ തിരക്കുകളുടെയെല്ലാം ഇടയിൽ അവരെ മാത്രം ലോകമായി കാണുന്നവർക്കു വേണ്ടി അൽപ്പം സമയം മാറ്റിവച്ചാൽ ഇപ്പോഴുള്ളതിനേക്കാൾ ജീവിതം സുന്ദരമാകും എന്ന് അവർ മനസ്സിലാക്കുന്നതേയില്ല.
എലി നിരന്തരം ഫോൺ വിളിച്ചു ശല്യപ്പെടുത്തുമ്പോൾ നായകൻ അഭിലാഷ് ഇപ്പോ വിളിക്കാം പിന്നെ വിളിക്കാം, തിരക്കാണ്, നിനക്ക് എന്താ? നീ എന്തിനാ ഇങ്ങനെ വിളിക്കുന്നത്? തുടങ്ങിയവ പറഞ്ഞ് ഒഴിവാക്കാതെ കൃത്യമായി ആശയവിനിമയം നടത്തിയിരുന്നെങ്കിലെന്ന് പ്രേക്ഷകനു പലപ്പോഴും തോന്നിയിട്ടുണ്ട്. അയാൾ ഫോൺ കട്ട് ചെയ്യുമ്പോൾ, തിരക്കാണെന്നു പറഞ്ഞ് ഒഴിവാക്കുമ്പോൾ ഒരിക്കൽ പോലും അങ്ങേതലയ്ക്കലുള്ളവളുടെ ടെൻഷനെക്കുറിച്ചോ വികാരങ്ങളെക്കുറിച്ചോ ചിന്തിക്കാറേയില്ല.
അഭിലാഷിനെപോലെ ഒരുപാട് പേരുണ്ട്, ഞാൻ വിളിക്കാം എന്നു പറയും, പിന്നെ യാതൊരു അനക്കവും കാണില്ല. പക്ഷെ എലിസബത്തിനെപ്പോലെയുള്ളവർ ഈ പറയുന്ന ഒരു വാക്കിന്റെ പ്രതീക്ഷയിലാവും ജീവിക്കുക, വിളിക്കുമായിരിക്കും വിളിക്കുമായിരിക്കും എന്ന പ്രതീക്ഷ. യഥാർഥ പ്രണയത്തിൽ പ്രതീക്ഷകൾ നൽകിയാൽ പാലിക്കാനും സാധിക്കണം. അല്ലെങ്കിൽ പ്രതീക്ഷകൾ നൽകാൻ പോകരുത്. അയാൾ ഒന്നു വിളിച്ചാൽ, മെസേജ് അയച്ചാൽ തീരാവുന്ന സങ്കടങ്ങളെ എലിസബത്തിനുള്ളായിരുന്നു. അതു കിട്ടാതെ വന്നപ്പോഴാണ് ചെറിയ കുഞ്ഞിനെപ്പോലെ അവൾ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞത്.
വീട്ടമ്മയായ സുമയും ജീവിക്കുന്നത് ഈയൊരു പ്രതീക്ഷയുടെ പേരിലാണ്. എന്നെങ്കിലും ഒരിക്കലും പൊലീസുകാരനായ ഭർത്താവ് തന്നോട് സ്നേഹത്തോടെ ഒന്ന് നോക്കുകയെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിൽ. നിനക്ക് എന്തെങ്കിലും വാങ്ങിച്ചുകൊണ്ടുവരണോ എന്ന് അയാൾ ചോദിക്കുമ്പോൾ, ഒന്നും വേണ്ട നേരത്തെ വന്നാൽ മതി എന്നു പറയുമ്പോൾ ആ കഥാപാത്രത്തിന്റെ കണ്ണിൽ തെളിയുന്ന ചിരി ആ പ്രതീക്ഷ സഫലമായതിന്റെ ചിരിയാണ്.
രഘു വരാൻ താമസിക്കുമ്പോൾ ഗേറ്റിന്റെ അടുത്ത് അവർ കാത്തുനിൽക്കുന്നത് ഭർത്താവ് കൊച്ചുകുട്ടിയായതു കൊണ്ടോ, വീട്ടിലേക്കു വരാൻ വഴിയറിയാത്തതുകൊണ്ടോ അല്ല. എവിടെ പോയി? എന്തുപറ്റി? രാവിലെ മുതൽ ഒരു വിവരവുമില്ലല്ലോ? വല്ല അത്യാഹിതവും സംഭവിച്ചോ? തുടങ്ങിയ നൂറായിരം ചോദ്യങ്ങൾ അവരുടെ തലച്ചോറിലൂടെ മിന്നായം പോലെ കടന്നു പോകുന്നതുകൊണ്ടാണ്. അയാൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ്. പണ്ട് വേലിയുടെ മറവിൽ നിന്നും കൺകോണു കൊണ്ടുള്ള ഒരു നോട്ടം മതി നായികയ്ക്ക് ജീവിതം സഫലമാകാനെങ്കിൽ ഇന്ന് പ്രിയപ്പെട്ടവൻ അയക്കുന്ന ഒരു സ്മൈലി മതിയാകും അവരുടെ ഒരു ദിവസം മുഴുവൻ സന്തോഷം നിറയ്ക്കാൻ. കാലം നാട്ടുവഴിയിൽ നിന്നും വാട്ട്സ് ആപ്പിലെത്തിയെങ്കിലും പ്രണയം ഇന്നും പഴയ പ്രണയം തന്നെയാണെന്ന് പിന്നെയും പിന്നെയും ഓർമിപ്പിക്കുകയാണ് അനുരാഗ കരിക്കിൻ വെള്ളം എന്ന ചെറിയ സിനിമ.