അപാരത ആരുടെയും ആത്മകഥ അല്ല: ടൊവിനോ

തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുന്ന ഒരു മെക്‌സിക്കന്‍ അപാരതയ്ക്കെതിരെ രാഷ്ട്രീയ സംഘടന രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ പ്രവർത്തകരും മറ്റു ഇടത് അനുഭാവികളും ഉള്‍പ്പെടെ സിനിമയെ ആവേശമാക്കുമ്പോൾ ഈ സിനിമ യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ചതാണെന്ന് കെഎസ്യു ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ടൊവിനോ എത്തി.

‘ഈ സിനിമയിെല കഥ ആരുടെയെങ്കിലും ജീവചരിത്രമോ ആത്മകഥയോ അല്ല. ഒരു കഥയാകുമ്പോൾ പല കാര്യങ്ങളുണ്ടാകാം. അതൊരു പ്രത്യേക സ്ഥലത്തോ സമയത്തോ സംഭവിച്ചതാകില്ല. കേരളത്തില്‍ അങ്ങോളുമിങ്ങോളമുള്ള കൊളേജുകളിൽ നടന്ന പല സംഭവങ്ങൾ സിനിമയിൽ ഉണ്ടാകാം. അതെല്ലാം കൂട്ടിയോജിപ്പിച്ചാകും ഈ സിനിമ ഉണ്ടാകുക. കഥ പറയാനായി രണ്ടുപാർട്ടികൾ വേണമായിരുന്നു. അല്ലാതെ ഈ പാർട്ടിയ്ക്കു വേണ്ടി ഒരു പാർട്ടിയെ തരംതാഴ്ത്തുകയോ അല്ല. ഇങ്ങനെ വരുമ്പോൾ പല കഥകളുമായി സാമ്യം തോന്നും. അത്രമാത്രം.’ ടൊവിനോ പറഞ്ഞു.

‘സിനിമ വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. നിന്റെ പടത്തിന് ടിക്കറ്റ് കിട്ടാനില്ലല്ലോ എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്. സിനിമ ഇറങ്ങുന്നതിന് മുമ്പ് ടെൻഷനൊക്കെ ഉണ്ടായിരുന്നു. റിലീസിന്റെ അന്ന് കൊളേജ് വിദ്യാർഥികളാണ് കയറിയത്. പിന്നീട് കുടുംബപ്രേക്ഷകരും കയറി തുടങ്ങി. ആറിലും അറുപതിലും ഉള്ള എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടാൻ പറ്റിയ സിനിമയെന്നാണ് ഈ ചിത്രം കണ്ടൊരു പ്രേക്ഷകൻ പറഞ്ഞത്.

വലിയ ബഡ്ജറ്റിലൊന്നുമല്ല ഈ ചിത്രം ചെയ്തത്. എന്നാല്‍ ആ ബഡ്ജറ്റിൽ നിന്നുകൊണ്ടുതന്നെ സംവിധായകൻ ചോദിച്ച എല്ലാ കാര്യങ്ങളും നിർമാതാവ് അനൂപ് കണ്ണൻ നൽകിയിട്ടുണ്ട്.
മാത്രമല്ല ഗപ്പി സിനിമ തിയറ്ററിൽ പോയി കാണാതിരുന്നവർ സോഷ്യൽമീഡിയയിലൂടെ തന്നൊരു വാക്കുണ്ടായിരുന്നു. എന്റെ അടുത്ത സിനിമ അവർ തിയറ്ററില്‍ പോയി കാണുമെന്ന്. ആ ആളുകളൊക്കെ വാക്കുപാലിച്ചു. അത് ഞാൻ വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ അവരെ വിശ്വസിക്കുന്നു. അവരൊക്കെ തിയറ്ററിൽ വന്നത് ഞാൻ കണ്ടറിഞ്ഞു.

അടിച്ചമർത്തപ്പെടുന്നവൻ അവൻ ഏത് രാജ്യക്കാരനോ മതക്കാരനോ പാർട്ടിക്കാരനോ ആകട്ടെ, അവന്റെ മനസ്സിലുണ്ടാകാൻ പോകുന്നത് വിപ്ലവമാണ്. പ്രതിരോധിക്കാൻ തോന്നും, പ്രതികാരമല്ല. അക്രമരാഷ്ട്രീയത്തിനെതിരെയാണ് ഈ ചിത്രം സംസാരിക്കുന്നത്. അടി വാങ്ങുന്നത് മുഴുവൻ നായകനാണ്. ആയുധങ്ങളല്ല ആശയമാണ് അക്രമത്തെ തോൽപ്പിക്കാനുള്ള മാർഗമെന്നാണ് സിനിമ പറയുന്നത്.’– ടൊവിനോ വ്യക്തമാക്കി.