‘ആണുങ്ങൾക്കും വന്ധ്യതയുണ്ടാകുമോ?...’ സ്വതവേ വലിയ കണ്ണുകൾ ഒന്നുകൂടി വലുതാക്കിയാണ് ലജ്ജോ കൂട്ടുകാരികളോട് ആ സംശയമുന്നയിച്ചത്. കൂട്ടുകാരികൾ മൂവരും പറഞ്ഞു ‘എന്താ സംശയം, ചിലപ്പോൾ ആണുങ്ങളുടെ കുറ്റം കൊണ്ടും കുട്ടികളുണ്ടാകാതെ വരാം...’ ലജ്ജോയുടെ വീട്ടിൽ അവൾക്ക് എന്നും ഭർത്താവിന്റെ വക വഴക്കും തല്ലുമാണ്. പകൽ സമയത്ത് മാന്യനായി, എല്ലാവരുടെയും പ്രിയപ്പെട്ടവനായിരിക്കുന്ന അയാൾ രാത്രിയിൽ ലജ്ജോയെ ഒരു കാരണവുമില്ലാതെ തല്ലും.
അവൾക്ക് പ്രസവിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് മിക്കസമയവും തല്ല്. അതിനിടെയാണ് ആണുങ്ങളുടെ ‘പ്രശ്നം’ കാരണവും കുട്ടികളുണ്ടാകില്ലയെന്ന് കൂട്ടുകാരികൾ പറയുന്നത്. റാണി, ജാൻകി, ഗുലാബ് എന്നിവരാണാ കൂട്ടുകാരികൾ. അവരും പല വിധത്തിൽ ഗാർഹിക പീഡനത്തിനും സമൂഹത്തിന്റെ കൈയ്യേറ്റത്തിനും വിധേയരായിട്ടുള്ളവരാണ്.
Parched Official Trailer (2015, India) (English Subtitles) Leena Yadav
ഒരാൾക്ക് സ്വന്തം വീട്ടിലുള്ളവരിൽ നിന്നു വരെ ലൈംഗിക പീഡനമേറ്റുവാങ്ങേണ്ടി വന്നു. മറ്റൊരാൾ തെരുവുനർത്തകിയാണ്, പക്ഷേ എല്ലാവരും കൊതിയോടെ നോക്കുന്നത് അവളുടെ നൃത്തമല്ല ശരീരത്തെയാണ്. ബാലവിവാഹത്തിനു വിധേയയായ പെൺകുട്ടിയുമുണ്ട് കൂട്ടത്തിൽ. പീഡനദുരിതങ്ങൾക്കും അപരിഷ്കൃത ഗ്രാമീണ നിയമങ്ങൾക്കും ഇടയിൽ നിന്ന് ഒരുദിവസം ഒളിച്ചോടിപ്പോകുകയാണ് നാലു പേരും. ആ യാത്രയുടെ മനോഹരമായ ദൃശ്യാവിഷ്കാരമാണ് ‘പാർഷ്ഡ്’ എന്ന ചിത്രം. ലൈംഗികതയിൽ ഉൾപ്പെടെ തുറന്നുപറച്ചിലും മറയില്ലാതെയുള്ള അഭിനയവും എല്ലാംകൊണ്ട് ഇതിനോടകം ശ്രദ്ധേയമായ സിനിമ.
ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് കൈയ്യടികളേറെ വാങ്ങിയ ചിത്രമാണിത്. യുഎസിലും ഫ്രാൻസിലും റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടില്ല. സെൻസർ ബോർഡിനു മുന്നിലേക്ക് ചിത്രമെത്തും മുൻപേ മറ്റൊന്നു സംഭവിച്ചു. ചിത്രത്തിൽ ലജ്ജോ ആയെത്തുന്ന ബോളിവുഡ് നടി രാധിക ആപ്തെയുടെ നഗ്ന വിഡിയോ പുറത്തിറങ്ങി. ‘കബാലി’യിലെ നായികമാരിലൊരാളായ രാധിക മലയാളത്തിൽ ‘ഹരം’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 118 മിനിറ്റ് ദൈർഘ്യമുള്ള ‘പാർഷ്ഡി’ൽ നിന്ന് നടൻ ആദിൽ ഹുസൈനുമൊത്തുള്ള കിടപ്പറ ദൃശ്യത്തിന്റെ ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തായത്. ഇന്ത്യയിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണിതു ചെയ്തതെന്നു ചിലർ പറയുമ്പോൾ, അത്തരത്തിലൊരു പബ്ലിസിറ്റിക്ക് ശ്രമിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് പ്രൊഡ്യൂസർ അസീം ബജാജ്. തന്നെ പറയുന്നു.
മാത്രവുമല്ല രാധിക ആപ്തെയുടെ നഗ്നവിഡിയോയുടെ പേരിൽ അറിയപ്പെടേണ്ട ചിത്രവുമല്ല ‘പാർഷ്ഡ്’. ഒരുപക്ഷേ ദീപ മേത്തയുടെ ‘ഫയറി’നു ശേഷം ഏറെ ചർച്ചാവിഷയമായേക്കാവുന്ന ചിത്രം കൂടിയാണിത്. ‘വൈബ്രേറ്റർ മോഡിലുള്ള ഒരു മൊബൈലുള്ളപ്പോൾ എന്നെ തൃപ്തിപ്പെടുത്താൻ വേറെന്തു വേണം...’ എന്ന് ലജ്ജോയുടെ കഥാപാത്രം പറയുന്നതും ചിത്രത്തിൽ കാണാം. ഇത്തരത്തിൽ ഒന്നിനും കാര്യമായ ഒരു മറയില്ലാതെ, അത് സ്ത്രീകൾ അനുഭവിക്കുന്ന ദുരിതമായാലും ലൈംഗികതയായാലും, സധൈര്യം പറയുന്നു സംവിധായിക ലീന യാദവ്. തുറന്നുപറച്ചിലുകൾ ആയതിനാൽത്തന്നെ പലര്‍ക്കും ദഹിക്കാത്ത കാഴ്ചകളും വാക്കുകളുമേറെയുണ്ട് ചിത്രത്തിൽ.
Parched (Trailer)
നേരത്തെ അനുരാഗ് കശ്യപിന്റെ ഒരു ഹ്രസ്വചിത്രത്തിലെ ഭാഗവും ഇത്തരത്തിൽ ചോർന്നിരുന്നു. തന്റെ വസ്ത്രം ഉയർത്തിക്കാണിക്കുന്ന രാധികയുടെ ഏതാനും സെക്കൻഡ് ദൃശ്യമായിരുന്നു അത്. ഇന്ത്യയിൽ നിന്നുള്ള ചിത്രമായതിനാൽത്തന്നെ നിര്‍ദേശിച്ചിരിക്കുന്ന ഷോട്ടുകൾ ‘പിക്സലേറ്റ്’ ചെയ്തു കാണിക്കണമെന്ന നിർദേശത്തോടെയായിരുന്നു ആ ചിത്രം ന്യൂയോർക്കിലേക്കയച്ചത്. രാജ്യാന്തരതലത്തിലെ വിവിധ സംവിധായകർ ഒരുമിച്ചൊരുക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു കശ്യപിന്റേത്. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ആ ചിത്രത്തിലെ ഒരൊറ്റ നഗ്നരംഗത്തിന്റെ പേരിൽ ഒട്ടേറെ കളിയാക്കലുകള്‍ക്കാണ് സംവിധായകൻ വിധേയനായത്. രാധികയുടേതെന്ന പേരിൽ പ്രചരിച്ച നഗ്നസെൽഫികൾക്കു പിറകെയായിരുന്നു ഈ രംഗത്തിന്റെയും വരവ്. അതോടെ സിനിമയുടെ ലക്ഷ്യം തന്നെ വഴിമാറ്റപ്പെട്ടുവെന്നും കശ്യപ് പറയുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ‘ന്യൂയോർക്കിൽ നിന്നാണത് ചോർന്നത്. ചോർത്തിയത് ഒരു ഇന്ത്യക്കാരനായിരിക്കുമെന്നതും എനിക്ക് ഉറപ്പാണ്...വേറെ ആരും ഇത്തരത്തിൽ ഒരു നടിയുടെ നഗ്നത പ്രചരിപ്പിച്ച് ആത്മസംതൃപ്തി കണ്ടെത്തില്ല’ അനുരാഗ് കശ്യപ് അന്നു പറഞ്ഞു.
സമാനമായി ആദിൽ ഹുസൈനും ഇത്തവണ പറഞ്ഞിട്ടുണ്ട് - ‘എന്തു കൊണ്ടാണ് രാധിക ആപ്തെയുടെ നഗ്നവിഡിയോ എന്ന പേരിൽ ഇത് പ്രചരിക്കുന്നത്. ഞാനും ഇല്ലേ, ആ ദൃശ്യത്തില്‍? ആദിൽ ഹുസൈന്റെ നഗ്നവിഡിയോ എന്ന് എന്തുകൊണ്ടാണ് ആരും പറയാത്തത്?’ ഒരു ഓൺലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ ആദിൽ ചോദിക്കുന്നു. ‘ഫ്രാൻസിൽ നിന്നോ യുഎസിൽ നിന്നോ ആണിത് ചോർന്നത്. ഇന്ത്യയിൽ നിന്നുള്ള ഒരു ‘പുരുഷനാ’ണ് ഇത് ചെയ്തിരിക്കുന്നതെന്നതിലും യാതൊരു സംശയവും വേണ്ട..’ ആദിൽ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയിൽ സിനിമാനടിമാരുടെ ബിക്കിനിയും നഗ്നതയുമെല്ലാം പ്രചരണ തന്ത്രമാകുന്നതിനെയും ‘പാർഷ്ഡി’ന്റെ അണിയറപ്രവർത്തകർ വിമർശിക്കുന്നുണ്ട്.
രാധികയുടെ നഗ്നമായ മാറിടങ്ങളുടെ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. പക്ഷേ ഇന്ത്യയിൽ ഇത് മറച്ചായിരിക്കും കാണിക്കുക. നേരത്തേ ചിത്രത്തിന്റെ ട്രെയിലറിൽത്തന്നെ ‘മറയ്ക്കപ്പെട്ട’ ചില നഗ്നദൃശ്യങ്ങളുണ്ടായിരുന്നു. എന്നിരുന്നാൽപ്പോലും ആ ദൃശ്യത്തിന്റെ ആവശ്യകത സെൻസർ ബോർഡിനു പോലും വ്യക്തമാകുന്ന വിധത്തിലുള്ളതാണെന്നും ചിത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു. അതിനാൽത്തന്നെ ഒഴിവാക്കേണ്ടി വരില്ലെന്ന പ്രതീക്ഷയുമുണ്ട്.
PARCHED Trailer - Wolfe Releasing
വിഡിയോ ചോർന്നതിനെപ്പറ്റി പരാതി നൽകിയാലും വലിയ പ്രതീക്ഷയില്ല. കാരണം ആരുടെ പേരിലാണ് പരാതി നൽകേണ്ടതെന്നറിയില്ല. നേരത്തേ കശ്യപിന്റെ നേതൃത്വത്തിൽ വിഡിയോലീക്കിന്റെ വിവരമറിയാൻ വാട്ട്സാപ്/ഫെയ്സ്ബുക്ക് അധികൃതരെ സമീപിച്ചിട്ടു പോലും നടപടിയുണ്ടായിരുന്നില്ല. സ്ത്രീയെ വെറും ശരീരമെന്ന നിലയിൽ കൈകാര്യം ചെയ്യുന്ന പ്രാകൃത ഇന്ത്യൻ രീതിയെപ്പറ്റിയുള്ളതാണ് ‘പാർഷ്ഡ്’. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയെല്ലാം സംഭവിക്കുന്ന സ്ഥലങ്ങളുണ്ടോ എന്നായിരുന്നു വിദേശരാജ്യങ്ങളിൽ ഈ സിനിമയുടെ സ്ക്രീനിങ്ങിനു ശേഷമുണ്ടായ പ്രധാന ചോദ്യം. ഉത്തരേന്ത്യയിലെ മരുഭൂമിക്ക് നടുവിലുള്ള ഒരു ഗ്രാമത്തിലാണ് ‘പാർഷ്ഡി’ന്റെ കഥ നടക്കുന്നത്.
ഗ്രാമത്തിൽ മാത്രമല്ല പരിഷ്കൃത സമൂഹമെന്നു നടിക്കുന്നവരുടെ ഇടയിലും സ്ത്രീശരീരം കൈകാര്യം ചെയ്യുന്നതെങ്ങനെയാണെന്നതിന്റെ മികച്ച ഉദാഹരണമാണിപ്പോൾ രാധികയുടെ വിഡിയോ പുറത്തിറങ്ങിയതിലൂടെ വ്യക്തമായിരിക്കുന്നത്. ആ രീതിയിലുള്ള ചർച്ചകളും മുന്നോട്ടു പോകുന്നു. ഇനിയീ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി ലഭിക്കുമോ എന്നതാണറിയേണ്ടത്. ബോണ്ടിന്റെ ചുംബനത്തിന്റെ നീളം കുറയ്ക്കുകയും ജംഗിൾബുക്കിനെ ‘ഭയാനക’ ചിത്രമാക്കുകയും ചെയ്തവരുടെ കൈകളിലേക്കാണ് ‘പാർഷ്ഡും’ എത്തുന്നതെന്ന് വെറുതെയെങ്കിലും ഓർക്കാം....