മലർത്തിയടിച്ച് ഗോദ; റിവ്യു

കണ്ണാടിക്കൽ – പഴയകാല വടക്കൻപാട്ടിലൊക്കെ കേട്ടിട്ടുള്ളതുപോലെ വീരശൂരപരാക്രമികള്‍ക്ക് ജന്മം നൽകിയ നാട്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ മല്ലന്മാരുടെ നാട്. ഗുസ്തി എന്ന കായികവിനോദം ഒരു ലഹരിപോലെ ഈ നാട്ടുകാരുടെ സിരകളിൽ പടർന്നു പിടിച്ച ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെയുള്ള കണ്ണാടിക്കലിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനയത്ത് വയൽ എന്ന ഗുസ്തികൊട്ടകയിലേക്കാണ് ‘ഗോദ’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ബേസിൽ ജോസഫ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

മനയത്ത് വയലിലെ മണ്ണും ഈ ഗോദയുമെല്ലാം ഇന്നു നഷ്ടപ്രതാപങ്ങളുടെ ഓർമപ്പെടുത്തൽ മാത്രമായി മാറിക്കഴിഞ്ഞു. എങ്കിലും, ആ പോയകാലത്തെ നെഞ്ചോടു ചേർക്കുന്ന, ആ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ചില ആളുകൾ ഇന്നും അവിടെയുണ്ട്. ‘ഗോദ’ അവരുടെ കഥയാണ്. കേവലമൊരു ഗുസ്തിക്കഥയ്ക്കപ്പുറം, ചില കൊച്ചു നൊമ്പരങ്ങളും തമാശകളും പ്രണയവുമൊക്കെ ഇഴചേർന്ന ഒരു ‘ഗുസ്തി കോമഡി എന്റർടെയ്നറാ’ണ് ‘ഗോദ’.

കണ്ണാടിക്കലിലെ ആ പഴയ തലമുറയില്‍ ഗുസ്തി മാത്രം നെഞ്ചിലേറ്റി നടക്കുന്ന ക്യാപ്റ്റൻ (രൺജി പണിക്കർ). ക്യാപ്റ്റന്റെ മകൻ ആഞ്ജനേയ ദാസിനു (ടൊവിനോ) പക്ഷേ, ക്രിക്കറ്റിലാണ് കമ്പം. പ്രായമായതോടെ പഴയ പ്രതാപം കെട്ടടങ്ങിയ ക്യാപ്റ്റന് ഗുസ്തി നാട്ടിൽ അന്യംനിന്നുപോകുന്നതിന്റെ സങ്കടമുണ്ട്.

ഗുസ്തി എന്ന കായികയിനത്തെ ഇപ്പോഴും നെഞ്ചിലേറ്റുന്ന പഞ്ചാബിൽ നിന്നാണ് സിനിമയിലെ നായികയായ അതിഥി സിങ് എത്തുന്നത്. ഗുസ്തിയുടെ വീറും ഗോതമ്പിന്റെ നിറവുമുള്ള സുന്ദരിപ്പെണ്ണ്. ഗോദയില്‍ പൊന്നു വിളയിക്കണമെന്ന അവളുടെ സ്വപ്നം അച്ഛന്റെ മരണത്തോടെ നിറംമങ്ങുന്നു. ഗതികേടുകൊണ്ട് നാടും വീടും വിടുന്ന അതിഥി എത്തിച്ചേരുന്നതാകട്ടെ ഗുസ്തിയുടെ ആത്മാവുറങ്ങുന്ന കണ്ണാടിക്കലിന്റെ മണ്ണിലും. തുടർന്നങ്ങോട്ട് കണ്ണാടിക്കലിലും മന്നത്ത് വയലിലും അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ‘ഗോദ’ നിറയ്ക്കുന്നത്.

ലളിതമായ ഭാഷയിൽ ഇതൊരു ഗ്രാമീണ സിനിമയാണ്. ഗ്രാമീണമായ സത്യസന്ധതയോടു കൂടിയാണ് സിനിമയുടെ എല്ലാ തലങ്ങളെയും സംവിധായകൻ സമീപിച്ചിട്ടുള്ളത്. ‘ഗോദ’യെ എല്ലാത്തരം പ്രേക്ഷകരുടെയും സിനിമയാക്കി മാറ്റുന്നതും ഈ സംവിധാനരീതി തന്നെയാണ്. അവതരണരീതിയിൽ മാത്രമല്ല, സാങ്കേതികമികവിലും ക്രിയാത്മകതയുടെ പുതിയ തലം കൊണ്ടുവരാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. സിനിമയുടെ സ്റ്റണ്ട് രംഗങ്ങൾ പരിശീലിപ്പിച്ചിരിക്കുന്നതുപോലും ബേസിലും ചേർന്നാണ്.

ക്രിക്കറ്റോ ഫുട്ബോളോ പോലെ മലയാളിയെ ഹരംപിടിപ്പിക്കുന്ന ഒന്നല്ല ഗുസ്തി. എന്നിട്ടും, ആ കായികവിനോദത്തിന്റെ വികാരവും ആവേശവും നന്മയുമൊക്കെ ഈ സിനിമയിലൂടെ മലയാളിയുടെ മനസ്സിലേക്ക് കുടിയിരുത്താൻ ബേസിലിന് സാധിച്ചുവെന്നതാണ് സത്യം. ഇതിനെല്ലാമപ്പുറം, ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിനും അവളുടെ സ്വപ്നങ്ങള്‍ക്കും അതിരിടാൻ ആർക്കും അവകാശമില്ലെന്നും ഗോദ പറഞ്ഞുവയ്ക്കുന്നു. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഗുസ്തിയിലൂടെ പഞ്ചാബിനെയും കേരളത്തെയും യോജിപ്പിച്ച രാകേഷ് മണ്ടോടിയുടെ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്.

കലാസംവിധാനത്തിലും ക്യാമറയിലും എഡിറ്റിങിലും സംഗീതത്തിലും ചിത്രം ഏറെ മികവ് പുലർത്തുന്നു. ഗുസ്തിയാണ് സിനിമയുടെ പശ്ചാത്തലമെങ്കിലും ഗോദയൊരു മുഴുനീള ഗുസ്തിപടമല്ല. ഇതൊരു മ്യൂസിക്കല്‍ മൂവി കൂടിയാണ്. ഷാൻ റഹ്മാൻ ഒരുക്കിയ ഒന്‍പതു ഗാനങ്ങളാണ് സിനിമയിലുള്ളത്. അതിമനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്ന ഗാനങ്ങൾ വളരെ ആസ്വാദ്യകരമാണ്. പശ്ചാത്തല സംഗീതത്തിലാകും ഷാൻ കൂടുതൽ കൈയ്യടി നേടുക. രൺജി പണിക്കറുടെ കഥാപാത്രത്തിന്റെ അവതരണ സംഗീതം പ്രേക്ഷകരെ കോരിത്തരിപ്പിക്കുമെന്നുറപ്പ്.

സങ്കീർണമായ ചലനങ്ങളോട് ഗുസ്തി പിടിച്ച് മിഴിവുറ്റ രംഗങ്ങൾ ക്യാമറയിലാക്കിയ വിഷ്ണു ശര്‍മ്മയും അഭിനന്ദനമർഹിക്കുന്നു. ഗുസ്തി മത്സരങ്ങളുടെ ദൃശ്യങ്ങൾ വിശ്വസനീയത ചോരാതെ ക്യാമറയില്‍ പകർത്താൻ വിഷ്ണുവിന് സാധിച്ചു. രസച്ചരട് പൊട്ടാതെ സിനിമയുടെ വേഗത്തിനൊത്തുള്ള ചിത്രസംയോജനമാണ് അഭിനവ് സുന്ദറിന്റേത്. രണ്ടുമണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.

ഫയല്‍വാന്‍ മിന്നല്‍ ജോര്‍ജ്, പഞ്ചാബി ഫയല്‍വാൻ അശോക് കുമാർ എന്നിവരാണ് സിനിമയ്ക്കായി താരങ്ങളെ ഗുസ്തി അഭ്യസിപ്പിച്ചത്. ടൊവിനോയും വാമിഖയും ഉൾപ്പെടെയുള്ള താരങ്ങൾ തികഞ്ഞ അർപ്പണബോധത്തോടെ ഗുസ്തി പഠിച്ചിട്ടുണ്ടെന്നതിന് ചിത്രത്തിലെ ഗുസ്തി സീക്വൻസുകൾ നേടുന്ന കൈയ്യടി സാക്ഷി. അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രത്തെ അങ്ങേയറ്റം ആത്മാർത്ഥയോടെ അവതരിപ്പിക്കുന്ന ടൊവിനോ ശൈലി ഇതിലും കാണാം. പഞ്ചാബിൽ നിന്നുള്ള പെൺകുട്ടിയായതുകൊണ്ടുതന്നെ കഥാപാത്രത്തോട് നൂറുശതമാനം നീതിപുലർത്താൻ നായികയായ വാമിഖയ്ക്കായി. പ്രായത്തെ വെറും സംഖ്യയാക്കി മാറ്റി അവിശ്വസനീയ പ്രകടനം കാഴ്ചവച്ചത് രൺജി പണിക്കറാണ്. രൺജി പണിക്കറിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച വേഷമാണ് ക്യാപ്റ്റൻ.

ബാലേട്ടനായി എത്തിയ അജു, ഡെയ്ഞ്ചറായ ധർമജൻ, ബിജുക്കുട്ടൻ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, മാമുക്കോയ, കോട്ടയം പ്രദീപ്, മാലാ പാർവതി, ഹരീഷ് കണാരന്‍, കിടിലൻ ഫിറോസ് ആയി അതിഥി വേഷത്തിലെത്തിയ ഷൈൻ ടോം ചാക്കോ, ഗുസ്തി രംഗങ്ങളിൽ റഫറിയായി എത്തിയ സാക്ഷാൽ മിന്നൽ ജോർജ് തുടങ്ങി എല്ലാവരും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്.

സമകാലീന ചലച്ചിത്രലോകത്തു കണ്ട പതിവു കായികചിത്രങ്ങളുടെ ചേലല്ല ഗോദയുടേത്. ഇത് മെയ്ക്കരുത്തിന്റെ മാത്രം സിനിമയുമല്ല. പ്രണയവും ചിരിയും ഗുസ്തിയും ചേർന്ന ഒരുഗ്രൻ എന്റർടെയ്നറാണ്. പണം മുടക്കുന്ന പ്രേക്ഷകന് നൂറുശതമാനം സംതൃപ്തി നൽകുന്ന ഒരു നല്ല സിനിമ.