Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകനല്ല, നമ്മളിലൊരുവൻ വേലൈക്കാരൻ; റിവ്യു

velaikaran-review

എല്ലാവർക്കും രക്ഷകനാകുന്നൊരു നായകന്‍, അമാനുഷികത്വം, മസാല, ഗ്ലാമർ ഇവയൊക്കെയാകും തമിഴിൽ സൂപ്പർസ്റ്റാര്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവകൾ. എന്നാൽ വേലൈക്കാരൻ ആ തലത്തിനപ്പുറം സഞ്ചരിക്കുന്നൊരു ചിത്രമാണ്. കച്ചവട താൽപര്യങ്ങളുടെ മത്സരം സമൂഹത്തിന്റെ അടി മുതൽ മുടി വരെ തീർത്ത ജീർണതകളോട് കലഹിക്കുന്ന സിനിമ.

കണ്ണില്ലാത്ത ക്രൂരതകളെ ആഡംബരക്കടലാസിൽ പൊതിഞ്ഞു തന്നു കാലങ്ങളായി നമ്മെ പറ്റിക്കുന്ന കോർപ്പറേറ്റ് തന്ത്രങ്ങളോടു പോരടിക്കുന്ന സിനിമ. പച്ചയായ ജീവിതത്തിൽ നിന്നുകൊണ്ട് ഒട്ടുമേ നാടകീയതകളില്ലാതെ വേലൈക്കാരൻ വെള്ളിത്തിരയിലാടുന്നു. ഏതു രാഷ്ട്രീയ കുലപതിയും അവന്റെ സംഹിതകളും മാറിവന്നാലും കാര്യമില്ല, പൊള്ളത്തരങ്ങൾ ഏറെയുള്ള ഇക്കാലത്ത് മാറേണ്ടത് ജനങ്ങളാണെന്ന സത്യം പറയുകയാണ് വേലൈക്കാരൻ എന്ന ചിത്രം.

Velaikkaran - Official Teaser | Sivakarthikeyan, Nayanthara, Fahadh Faasil | Anirudh | Mohan Raja

അഴിമതി നിറഞ്ഞ അധികാരവർഗങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന 'അറിവ്' എന്ന ചെറുപ്പക്കാരനാണ് ഇവിടെ നായകൻ. ചെന്നൈയിലെ ചേരിയിലാണ് 'അറിവ്' ജനിച്ച് വളർന്നത്. ചേരിയാകട്ടെ അവിടെ ലോക്കൽ റൗഡിയായ കാശിയുടെ അധീനതയിലാണ്. യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാതെ കാശിക്കായി തല്ലാനും കൊല്ലാനും പോകുന്ന യുവതലമുറയെ എങ്ങനെയും നല്ല വഴിക്ക് നടത്താനാണ് 'അറിവ്' ശ്രമിക്കുന്നത്.

അതിനിടെ വലിയൊരു കമ്പനിയിൽ സെയിൽസ് മാനേജറായി അറിവിന് ജോലി ലഭിക്കുന്നു. ആ കമ്പനിയിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനാണ് ആദി. അങ്ങനെ ആദിയും അറിവും സുഹൃത്തുക്കളാകുകയും തന്റെ ജീവിതലക്ഷ്യം ആദിയെ അറിയിക്കുകയും െചയ്യുന്നു. എന്നാൽ അവിടെ ചെല്ലുമ്പോഴാണ് അറിവ് അറിയുന്നത് താനും ഗുണ്ടയായ കാശിയുമൊക്കെ ചെയ്യുന്നത് ഒരേ ജോലി തന്നെയാണെന്ന്. കോർപറേറ്റുകളുടെ ആർത്തിയും സമൂഹമാധ്യമങ്ങളിലൂടെ നേരിനെ തെറ്റാക്കി മാറ്റുന്ന പ്രവണതകളും അറിവിന്റെ പോരാട്ടവഴികളിലൂടെ കൃത്യമായി പ്രതിപാദിക്കുന്നു.

velaikran

മികച്ചൊരു സന്ദേശം സമൂഹത്തിന് നൽകുന്ന വളരെ ഗൗരവമായ രീതിയിൽ കഥപറഞ്ഞുപോകുന്ന സോഷ്യൽഡ്രാമയാണ് വേലൈക്കാരൻ. തനിഒരുവൻ പോലൊരു പാക്ക്ഡ് ആക്​ഷൻ ത്രില്ലറായല്ല മോഹൻരാജ വേലൈക്കാരൻ ചെയ്തിരിക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ തന്നെ.

രണ്ട് മണിക്കൂർ നാൽപത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. അതാണൊരു പ്രധാനപോരായ്മ. കൂടാതെ നെടുനീളൻ ഡയലോഗുകളുടെ അതിപ്രസരവും. എന്നാൽ മസാലചേരുവകളൊന്നും ചേർക്കാതെ സാമൂഹികപ്രതിബദ്ധതയുള്ള വിഷയത്തെ സത്യസന്ധമായി അവതരിപ്പിച്ച സംവിധായകന് കയ്യടി നല്‍കണം.

ശിവകാർത്തികേയന്റെ ഇതുവരെയുള്ളതിൽ മികച്ച പ്രകടനമെന്ന് തന്നെ പറയേണ്ടി വരും. പക്വതയാർന്ന അഭിനയമാണ് ശിവയുേടത്. സൂത്രശാലിയായ വില്ലനായി ഫഹദ് ഫാസിൽ ഒരുപിടി മുന്നിൽനിന്നെന്ന് പറയാം. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തത് ഒരിക്കലും കല്ല് കടിയായില്ല. തമിഴിൽ ഇനിയും അദ്ദേഹത്തിന് മികച്ച വേഷങ്ങൾ തേടിയെത്തിയേക്കും. മൃണാളിനിയായ നയൻതാരയും തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. സ്‌നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ, രോഹിണി എന്നിവരും തങ്ങളുടെ റോൾ മികച്ചതാക്കി.

അനിരുദ്ധ്‌ ഒരുക്കിയ ഗാനങ്ങളേക്കാൾ ബിജിഎം സിനിമയുടെ കരുത്ത് ആയിരുന്നു. രാംജിയുടെ ഛായാഗ്രഹണവും റൂബെന്റെ ചിത്രസംയോജനവും മുത്തുരാജിന്റെ കലാസംവിധാനവും എടുത്തുപറയേണ്ടതാണ്.

ത്രില്ലറോ മുഴുനീള ആക്​ഷൻ സിനിമയോ പ്രതീക്ഷിച്ച് പോകരുത്. അഭിനേതാക്കളുടെ പ്രകടനവും പ്രമേയത്തിന്റെ കരുത്തും അത് ആവിഷ്കരിച്ച സിനിമാ ഭാഷ്യവും ഒന്നുചേർന്ന മികവുറ്റ ചിത്രമാണ് വേലൈക്കാരൻ.

നിങ്ങൾക്കും റിവ്യൂ എഴുതാം