തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ പതിമൂന്നു പേർ ജീവിതത്തിലേക്കു തിരിച്ചെത്തിയ കാഴ്ച ഈ അടുത്തിടെ നമ്മൾ കണ്ടതാണ്. അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയത് കൂട്ടപ്രയത്നത്തിന്റെ മാത്രം ബലത്തിലല്ല, ആ കുട്ടികളുടെ മനക്കരുത്തിന്റെ കൂടെ പിൻബലത്തിലായിരുന്നു. മോഹൻലാൽ ചിത്രം ‘നീരാളി’യും ഇങ്ങനെയൊരു അതിജീവനത്തിന്റെ കഥയാണ്. മരണത്തിന്റെ മുൾമുനമ്പിൽ ജീവനു വേണ്ടി പോരാട്ടം നടത്തുന്ന സണ്ണിയുടെ അതിജീവനം.
ടോം ഹാങ്ക്സിന്റെ കാസ്റ്റ് എവേ, ഡാനി ബോയ്‌ലിന്റെ 127 അവേഴ്സ് എന്നീ സർവൈവൽ സിനിമകളുടെ ഗണത്തിൽപെടുത്താവുന്ന സിനിമയാണ് നീരാളി. രത്‌നക്കല്ലുകളുടെ മൂല്യം നിശ്ചയിക്കുന്ന ഒരു ജെമ്മോളജിസ്റ്റാണ് മോഹൻലാലിന്റെ സണ്ണി ജോർജ്. പ്രസവം അടുത്ത് ആശുപത്രിയിൽ കഴിയുന്ന ഭാര്യ മോളിക്കുട്ടിയെ കാണാൻ ബെംഗളൂരുവില്‍നിന്നു കമ്പനി വണ്ടിയിൽ സണ്ണി യാത്ര തിരിക്കുന്നു. ഒപ്പം ഡ്രൈവര്‍ വീരപ്പനും ഉണ്ട്.

ആ യാത്രയ്ക്കിടയിൽ അവർ വലിയൊരു അപകടത്തിൽപെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നീരാളി. വലിയൊരു കൊക്കയിലേക്ക് മറിയാനൊരുങ്ങി നിൽക്കുന്ന വാഹനം. അപകടത്തിന്റെ നടുക്കത്തിൽനിന്നു കണ്ണുതുറക്കുമ്പോൾ സണ്ണി കാണുന്ന കാഴ്ച അതിഭീകരവും.

മരണത്തിന്റെ നൂലിൽതൂങ്ങിക്കിടക്കുന്ന സണ്ണിയുടെ ഭയത്തിന്റെ നേർകാഴ്ചകളിലൂടെയാണ് പിന്നീടുള്ള യാത്ര. പ്രേക്ഷകനും നീരാളിപിടുത്തത്തിൽ മുറുകുന്ന അവസ്ഥ. രണ്ടാം പകുതിയിൽ സിനിമയുടെ വേഗതയ്ക്ക് അൽപം അയവുവരുന്നുണ്ട്. വിഎഫ്എക്സ് രംഗങ്ങൾ മിതമായി മാത്രമാണ് വന്നുപോകുന്നത്.
മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തൊരു ആവിഷ്കാരശൈലിയാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. നോൺലീനിയർ എഡിറ്റിങ്ങിൽ ചെറിയ കഥാതന്തുക്കളായി സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നു. കഥ ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിൽ ഉള്ളത്.
മോഹൻലാലിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. സുരാജ് വെഞ്ഞാറമ്മൂടും പാര്‍വതിയും നദിയാ മൊയ്തുവും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. ദിലീഷ് പോത്തൻ, നാസർ, ബിനീഷ് കൊടിയേരി എന്നിവരാണ് മറ്റുതാരങ്ങൾ.

വെല്ലുവിളി നിറഞ്ഞ തിരക്കഥ സംവിധാനം ചെയ്യാൻ കാണിച്ച ചങ്കൂറ്റം കണ്ടില്ലെന്ന് നടിക്കരുത്. ബോളിവുഡിൽ ഒരു ചിത്രം ചെയ്ത അജോയ്‍യുടെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് നീരാളി. നവാഗതനായ സാജു തോമസിന്റേതാണ് തിരക്കഥ. സന്തോഷ് തുണ്ടിയിലിന്‍റെ ക്യാമറ ചലനങ്ങൾ എടുത്തുപറയേണ്ടതാണ്. ക്ലോസ് ഷോട്ടുകൾ മികവു പുലർത്തുന്നു. സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവും മികവു പുലർത്തി.
പരീക്ഷണ ചിത്രമെന്നതിലുപരി ആപത്തുകളിൽനിന്നുള്ള രക്ഷപ്പെടൽ പ്രമേയമാകുന്ന സിനിമകളുടെ ആരാധകർക്ക് നീരാളി ഇഷ്ടമാകും.