യുവ സംവിധായകന്‍ അലി അബ്ബാസിയുടെ സ്വീഡിഷ് സിനിമ ‘ബോര്‍ഡര്‍’ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ്. പ്ലോട്ടിനെപ്പറ്റി ഒന്നുമറിയാതെ വേണം പോകാന്‍. സിനിമ തരുന്ന പ്രകമ്പനം പൂര്‍ണ തോതില്‍ അനുഭവിക്കാന്‍ അതു വേണം.
പ്രമേയപരമായ ധീരത മാത്രമല്ല ഭാവുകത്വപരമായ പ്രകോപനവും ചേരുമ്പോള്‍ അത് കാഴ്ചക്കാരന്റെ പഞ്ചേന്ദ്രീയങ്ങളെയും പിടികൂടുന്നതായി മാറുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ രണ്ടുതരം പ്രതികരണങ്ങളുണ്ടാകാം. ആദ്യത്തേത് കല നല്‍കുന്ന വിസ്മയമാണ്. യൂറോപ്യന്‍ ഭാവന ആര്‍ജ്ജിച്ച ഉജ്ജ്വലമായ മുഹൂര്‍ത്തങ്ങളിലൊന്ന്. രണ്ടാമത്തേത് ജുഗുപ്‌സയാണ്. അതായത് പുഴുക്കളെ ചവച്ചരച്ചു തിന്നുന്നതു കണ്ടാല്‍ നമുക്കുണ്ടാകുന്ന പ്രതികരണം.
ജുഗുപ്സാപരമോ ഭയാനകത ജനിപ്പിക്കുന്നതോ ആയ ക്രൂരസിനിമകള്‍ യൂറോപ്പില്‍നിന്നു വരാറുണ്ട്. അക്കൂട്ടത്തിലല്ല അത്. എന്നാല്‍ സാധാരണ പ്രേക്ഷകരെ അറപ്പിക്കുന്നതും വിമ്മിട്ടമുണ്ടാക്കുന്നതുമായ രംഗങ്ങള്‍ ഉണ്ടു താനും.
Border (Gräns), de Ali Abbasi
വിമാനത്തിലെ കസ്റ്റംസ് വിഭാഗത്തിലാണു ടിന ജോലിയെടുക്കുന്നത്. കുറ്റവാളിയെ മണത്തു കണ്ടുപിടിക്കാന്‍ ടിനയ്ക്കു കഴിയും. അന്യരുടെ ഉള്ളിലിരുപ്പുകള്‍, അവര്‍ എന്തെങ്കിലും മറയ്ക്കുന്നുവെങ്കില്‍, മണത്തറിയാനുള്ള ശേഷി ടിനയ്ക്ക് ഉള്ളതിനാല്‍ അത് കുറ്റാന്വേഷണത്തില്‍ വലിയ അളവില്‍ സഹായകമാകുന്നു. എന്നാല്‍ ടിന ഒരുപാടു വിചിത്രമായ പ്രകൃതങ്ങളുള്ള ആളാണ്.

ഒരുദിവസം കസ്റ്റംസ് പരിശോധനയ്ക്കിടെ കാണാനിടയായ ഒരു യാത്രക്കാരനുമായുള്ള ടിനയുടെ അടുപ്പം സംഭവഗതിയെ മാറ്റിമറിക്കുന്നു.മനുഷ്യവംശം നേരിടുന്ന അസ്തിത്വപ്രതിസന്ധികളുടെ കേന്ദ്രസ്ഥാനത്ത് ഉള്ളത് മനുഷ്യത്വം, മാനുഷികത എന്നീ മനുഷ്യഗുണങ്ങള്‍ സംബന്ധിച്ച വിചാരണങ്ങളാണ്. മനുഷ്യത്വം ജന്തുത്വത്തേക്കാള്‍ കേമമാകുമോ എന്ന ചോദ്യം. മാനുഷികത എന്നു നാം കരുതുന്ന സഹാനുഭൂതി, സ്നേഹം എന്നിവ ജന്തുസഹജമാണോ മനുഷ്യസഹജമാണോ എന്നതും.
ഈ ചോദ്യങ്ങള്‍–ഒരാളെ എന്താണു മനുഷ്യനാക്കുന്നത്? എന്താണ് അയാളില്‍ സഹജമായത്, സഹാനുഭൂതിയാണോ ക്രൂരതയാണോ– ബോര്‍ഡര്‍ എന്ന സിനിമയെ മുന്നോട്ടുനയിക്കുന്നു. പരസ്പരം കൊല്ലുന്നതിലൂടെയും പരസ്പരം ഉപദ്രവിക്കുന്നതിലൂടെയും ആനന്ദം അനുഭവിക്കുന്ന, അതിന്റെ വിജയം ആഘോഷിക്കുന്ന മനുഷ്യകുലത്തിന് അഭിമാനിക്കാന്‍ കാര്യമായി ഒന്നുമില്ലെന്നതാണു വാസ്തവം.
ഒരു സ്വീഡിഷ് ദ്വീപിലെ വനമേഖലയിലാണു കഥ നടക്കുന്നത്. മറ്റൊരു മനുഷ്യാവസ്ഥയുടെ സാധ്യത അവിടെയാണു തിരയുക. പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന മഞ്ഞപ്പൂക്കള്‍ ടിന മണം പിടിച്ചു കണ്ടെത്തുന്ന മനോഹരമായ ഒരു രംഗം ഈ സിനിമയിലുണ്ട്; എന്നാല്‍ ഭയങ്കരമായ മറ്റു ചിലത് എല്ലാജീവാവസ്ഥയുടെയും സാധ്യതയാണെന്നു താമസിയാതെ നാം മനസ്സിലാക്കുന്നു.