‘ഇതിഹാസ’ ജീവിതം; ‘ആടുജീവിതം’ റിവ്യു
Aadujeevitham Review
ചുട്ടുപൊള്ളിക്കുകയാണ് നജീബിന്റെ ആടുജീവിതം. ഇതൊരു വെറും ‘സിനിമ’യല്ല, ‘സിനിമാനുഭവ’മാണ്. കണ്ണിൽ കുരുങ്ങിയ മണൽത്തരിപോലെയാണ് ആടുജീവിതം. ഓരോതവണ കണ്ണടയ്ക്കുമ്പോഴും ഉള്ളിൽ ഉരഞ്ഞുമുറിയുന്നു. ചോര പൊടിയുന്നു. അസഹ്യമായി നീറുന്നു. കണ്ണുനിറയുന്നു. ഈ വേദനകൾ ബ്ലെസ്സിയല്ലാതെ മറ്റേത് സംവിധായകനാണ് ഇത്ര മനോഹരമായി
ചുട്ടുപൊള്ളിക്കുകയാണ് നജീബിന്റെ ആടുജീവിതം. ഇതൊരു വെറും ‘സിനിമ’യല്ല, ‘സിനിമാനുഭവ’മാണ്. കണ്ണിൽ കുരുങ്ങിയ മണൽത്തരിപോലെയാണ് ആടുജീവിതം. ഓരോതവണ കണ്ണടയ്ക്കുമ്പോഴും ഉള്ളിൽ ഉരഞ്ഞുമുറിയുന്നു. ചോര പൊടിയുന്നു. അസഹ്യമായി നീറുന്നു. കണ്ണുനിറയുന്നു. ഈ വേദനകൾ ബ്ലെസ്സിയല്ലാതെ മറ്റേത് സംവിധായകനാണ് ഇത്ര മനോഹരമായി
ചുട്ടുപൊള്ളിക്കുകയാണ് നജീബിന്റെ ആടുജീവിതം. ഇതൊരു വെറും ‘സിനിമ’യല്ല, ‘സിനിമാനുഭവ’മാണ്. കണ്ണിൽ കുരുങ്ങിയ മണൽത്തരിപോലെയാണ് ആടുജീവിതം. ഓരോതവണ കണ്ണടയ്ക്കുമ്പോഴും ഉള്ളിൽ ഉരഞ്ഞുമുറിയുന്നു. ചോര പൊടിയുന്നു. അസഹ്യമായി നീറുന്നു. കണ്ണുനിറയുന്നു. ഈ വേദനകൾ ബ്ലെസ്സിയല്ലാതെ മറ്റേത് സംവിധായകനാണ് ഇത്ര മനോഹരമായി
ചുട്ടുപൊള്ളിക്കുകയാണ് നജീബിന്റെ ആടുജീവിതം. ഇതൊരു വെറും സിനിമയല്ല, സിനിമാനുഭവമാണ്. കണ്ണിൽ കുരുങ്ങിയ മണൽത്തരി പോലെയാണ് ആടുജീവിതം. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും ഉള്ളിൽ ഉരഞ്ഞുമുറിയുന്നു. ചോര പൊടിയുന്നു. അസഹ്യമായി നീറുന്നു. കണ്ണുനിറയുന്നു. ഈ വേദനകൾ ബ്ലെസിയല്ലാതെ മറ്റേതു സംവിധായകനാണ് ഇത്ര മനോഹരമായി ഒപ്പിയെടുക്കാൻ കഴിയുക? കാണികളുടെ നെഞ്ചിൽ കയറിക്കൂടുന്ന സിനിമകളാണ് മികച്ച സിനിമകൾ. എങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിലെ ആദ്യപേരുകളിൽ ഒന്ന് ആടുജീവിതം എന്നായിരിക്കും. നജീബിന്റെ ജീവിതം ഏറ്റുവാങ്ങിയപ്പോൾ വെള്ളിത്തിരയ്ക്കു പോലും പൊള്ളലേറ്റിട്ടുണ്ടാവും.
മലയാളികളെ പിടിച്ചുകുലുക്കിയ ബെന്യാമിന്റെ നോവൽ ആടുജീവിതം സിനിമയാക്കാൻ അണിനിരന്നത് ബ്ലെസി, എ.ആർ.റഹ്മാൻ, റസൂൽ പൂക്കുട്ടി, കെ.എസ്.സുനിൽ, ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധർ. ഈ സിനിമയ്ക്കായി പൃഥ്വിരാജ് എന്ന നടൻ നടത്തിയ ആത്മസമർപ്പണം. ഇതെല്ലാം ഒത്തുചേരുമ്പോൾ മികച്ചതിൽ മികച്ച സിനിമയല്ലേ പ്രതീക്ഷിക്കാനാവൂ. എന്നാൽ ആ പ്രതീക്ഷകൾക്കെല്ലാമപ്പുറത്ത് ഒരുപടി മുന്നിൽനിൽക്കുന്നതാണ് ആടുജീവിതം.
ആടുജീവിതമെന്ന നോവൽ എല്ലാവരും വായിച്ചതാണ്. എന്നാൽ നോവൽ വായിച്ച അനുഭവമല്ല സിനിമ കാണുമ്പോഴുള്ളത്. രണ്ടും രണ്ടു വ്യത്യസ്ത സൃഷ്ടികൾ തന്നെയാണ്.
ഗൾഫിൽ വിമാനമിറങ്ങുന്ന നജീബിൽനിന്നാണ് സിനിമ തുടങ്ങുന്നത്. കമ്പനി ജോലിയുടെ വീസയുമായെത്തിയ നജീബിനെയും കൂട്ടുകാരൻ ഹക്കീമിനെയും ഒരു അറബി പിടിച്ചു വണ്ടിയിൽകയറ്റി കൊണ്ടുപോവുകയാണ്. അവസാനമില്ലാത്ത മരുഭൂമിക്കു നടുവിൽ ആടുകളെ നോക്കുന്ന അടിമജോലിക്കായി അയാൾ നജീബിനെ തളച്ചിടുന്നു. താൻ പറ്റിക്കപ്പെട്ടുവെന്നോ തന്നെ വെറുതെ വിടണമെന്നോ പറയാനുള്ള ഭാഷ പോലുമറിയാത്ത നജീബ്. നാട്ടിൽ പുഴയിൽ മുങ്ങിത്താഴ്ന്ന് മണൽവാരുന്ന ജോലി ചെയ്തിരുന്ന നജീബിന്റെ ജീവിതം മരുഭൂമിയിലെ ചൂടിൽ വരണ്ടുണങ്ങുകയാണ്. പതിയെപ്പതിയെ നജീബ് തന്നെപ്പോലും തിരിച്ചറിയാതാവുന്നു. മുടിയും താടിയും ജട കെട്ടി ചെമ്മരിയാടുകൾക്കിടയിൽ അവയ്ക്കു സമാനമായ ജീവിതത്തിലേക്ക് തളച്ചിടപ്പെടുന്ന നജീബ്. ഇനിയൊരിക്കലും നാടുകാണാൻ കഴിയില്ലെന്ന നീറ്റൽ. അവിടെനിന്ന് തിരികെ നാട്ടിലേക്ക് വരാനായി ജീവനും കയ്യിൽപ്പിടിച്ചുള്ള നജീബിന്റെ പരിശ്രമം.
നജീബിന്റെ കഥ നോവലായി വായിച്ചപ്പോൾത്തന്നെ മലയാളികൾ ഏറ്റെടുത്തതാണ്. അതിനെ ബ്ലെസിയും പൃഥ്വിരാജും എങ്ങനെ സിനിമയാക്കി അവതരിപ്പിക്കുമെന്നറിയാനുള്ള കൗതുകമാണ് മലയാളികൾക്കുണ്ടായിരുന്നത്. മരുഭൂമിയിലെ ഓരോ തുള്ളി വെള്ളത്തിലും നാട്ടിലെ പുഴയും പുഴക്കരയിലെ വീടും അവിടെ തന്റെ സൈനുവുമുണ്ടെന്ന് ഓർക്കുന്ന നജീബ്. പ്രവാസിയുടെ നെഞ്ചിലെ തേങ്ങലാണത്. മഴയുടെ നനവുള്ള നാട്. പുഴമീനിനെപ്പോലെ വെള്ളത്തിൽ മുങ്ങാംകുഴിയിടുന്ന നജീബ്. പുഴയുടെ ആഴങ്ങളിൽ പ്രണയബദ്ധരാവുന്ന നജീബും സൈനുവും. ക്യാമറ കൊണ്ട് മനസ്സിൽ തണുപ്പു നിറയ്ക്കുന്ന ബ്ലസി അടുത്ത നിമിഷം മരുഭൂമിയിലെ വരണ്ട മണൽക്കാറ്റിലേക്ക് കാണികളെ പിടിച്ചുവലിച്ചിടുന്നു. ഓർമകളിലെ മഴയല്ല തന്റെ ജീവിതത്തിലെ പൊള്ളലെന്ന് നജീബ് തിരിച്ചറിയുന്ന നിമിഷം. കാണികളും പൊള്ളിപ്പോവും.
മരുഭൂമിയിലെ ചൂട്. മേലു മുഴുവൻ പറ്റിപ്പിടിച്ച പൊള്ളുന്ന മണൽ. ഇതിനിടയിൽ നജീബിനൊപ്പം കാണികളും പെട്ടുപോവുന്നു. ആദ്യപകുതി പിന്നിടുമ്പോഴേക്ക് കാണികളുടെയും തൊണ്ട വരളും. ഒരു തുള്ളി വെള്ളം കുടിക്കണമെന്നു തോന്നിപ്പോവും. അത്രയേറേ തീവ്രമാണ് തിരശ്ശീലയിൽ കണ്ടത്. മരുഭൂമിയിലെ മണലിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ചാലിൽനിന്ന് നാട്ടിലെ പുഴയിലേക്കുള്ള അനന്തമായ ട്രാൻസിഷൻ. ശക്തിയോടെ വീശുന്ന മണൽക്കാറ്റിൽ ഇളകിമാറുന്ന മണൽക്കുന്നുകൾ. അകലെ വെള്ളമുണ്ടെന്നു തോന്നിപ്പോവുന്ന മരുപ്പച്ച. പറഞ്ഞാൽ തീരാത്തത്ര വിസ്മയക്കാഴ്ചകളാണ് ചിത്രത്തിൽ ഉടനീളം.
കാലിനടിയിലൂടെ ഇഴഞ്ഞുപോവുന്ന വിഷമേറിയ മണൽപാമ്പുകൾ. ഒരു നിമിഷം കാണികളുടെ കാലിനടിയിൽ തരിപ്പുവരും. ദിവസങ്ങളോളം ഒരുതുള്ളി വെള്ളം കുടിക്കാതെ വറ്റിവരണ്ടുപോയ നാവ്. കാണികളെ പിടിച്ചുലയ്ക്കുന്ന കാഴ്ചകൾ മറ്റൊരിടത്ത്. ഉമ്മ തനിക്കായി നിറച്ചു തന്നുവിട്ട അച്ചാറുകുപ്പിയിലെ കറുത്തുണങ്ങിയ അവസാനത്തെ മാങ്ങാക്കഷ്ണം ഒരു പ്രതീക്ഷ പോലെ നജീബിന്റെ ബാഗിലുണ്ട്. ആ കഷ്ണവും കഴിച്ച് നജീബ് തിരികെ ജീവിതത്തിലേക്ക് ഓട്ടം തുടങ്ങുമ്പോൾ കാണികളും പ്രാർഥനയോടെ ഒപ്പം ചേരുകയാണ്.
സംവിധായകൻ തന്റെ ഉള്ളിലാണ് ഏതൊരു സിനിമയും ആദ്യം കാണുന്നത്. അതിനെയാണ് അയാൾ ക്യാമറയ്ക്കു മുന്നിൽ പുനഃസൃഷ്ടിച്ച് വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. എങ്കിൽ ‘ആടുജീവിത’മെന്ന സിനിമയുടെ സ്രഷ്ടാവായ ബ്ലെസിയെ എങ്ങനെയൊക്കെയാണ് അഭിനന്ദിക്കുകയെന്നറിയാതെ കാണികൾ ആശങ്കപ്പെട്ടുപോവും. ഇത്രയും വേദനയും നിരാശയും നീറ്റലും ഈ മനുഷ്യൻ എങ്ങനെ ഉള്ളിൽ കൊണ്ടുനടന്നുവെന്ന് നമ്മൾ അതിശയിച്ചുപോവും.
നജീബിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ അത്രയേറെ ധ്യാനവും തപസ്സും ചെയ്തിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ട് എന്നത് ചെറിയൊരു കാലയളവല്ല. അന്നു ജനിച്ച കുട്ടികൾ ഇത്തവണ പത്താംക്ലാസ് പരീക്ഷയെഴുതുന്നവരാണ്. ഇത്രയും കാലം മറ്റൊരു സിനിമയും ചെയ്യാതെ ‘ആടുജീവിത’ത്തെ ഉള്ളിലിട്ട് നീറ്റിനീറ്റിയെടുത്തിരിക്കുകയാണ് ബ്ലെസി. ആ വേദനയുടെ പ്രതിഫലം വെള്ളിത്തിരയിൽ കാണാം.
പൃഥ്വിരാജ് എന്ന നടന്റെ ജീവിതത്തിൽ നജീബിനെപ്പോലെ ഒരു കഥാപാത്രം ഇനിയൊരിക്കലും സംഭവിക്കില്ല. നജീബിനെ മാത്രമേ വെള്ളിത്തിരയിൽ കാണൂ. മെലിഞ്ഞുണങ്ങി എല്ലുന്തി, ചുവന്ന മങ്ങിയ പല്ലും കലങ്ങിയ കണ്ണുമായി നിൽക്കുന്ന നജീബ്. ഇതു പൃഥ്വിരാജാണെന്ന് ഒരിക്കൽപ്പോലും കാണികൾ ചിന്തിക്കില്ല.
ബ്ലസിയുടെ സംവിധാനമികവിന് ഏറ്റവും മികച്ച പിന്തുണ നൽകിയത് റസൂൽ പൂക്കുട്ടിയും എ.ആർ. റഹ്മാനുമാണ്. ആടുജീവിതത്തിൽ ശബ്ദം അത്രയേറെ പ്രാധാന്യമുള്ളതാണ്.
വീശിയടിക്കുന്ന മണൽക്കാറ്റിൽ നജീബിന്റെ ഷർട്ട് ആടിയുലയുന്നതിന്റെ ശബ്ദം പോലും കാണികളുടെ ഉള്ളിലെത്തുന്നുണ്ട്. മണലാരണ്യത്തിലെ നടത്തത്തിനിടെ അങ്ങകലെ നിന്നുകേൾക്കുന്ന നേർത്ത ശബ്ദങ്ങൾ. നാട്ടിലെ മഴത്തുള്ളികളുടെ ശബ്ദം മുതൽ മണൽപാമ്പുകളുടെ ഇഴച്ചിൽ വരെ ഓരോ നിമിഷവും അത്രയേറെ ശ്രദ്ധയോടെ ചേർത്തുവച്ചിട്ടുണ്ട്.
‘പെരിയോനേ റഹ്മാനേ’ തന്നെയാണ് സമീപകാലത്ത് റഹ്മാന്റെ ഏറ്റവും മികച്ച സൃഷ്ടി. ഒരു പ്രാർഥന പോലെ കാണികളുടെ നെഞ്ചിൽ ആ ഈണം നിറയുന്നുണ്ട്. സിനിമ കണ്ടു തിയറ്റർ വിട്ടാലും ആ ഈണം ചെവിയിൽ അലയടിക്കുന്നുണ്ട്.
നജീബിനു വഴികാട്ടിയായ ഇബ്രാഹിം കാദിരിയായെത്തിയ ജിമ്മി ജീൻ ലൂയിസ് കാണികളുടെ കണ്ണു നിറയ്ക്കും. ഹക്കീമായെത്തിയ കെ.ആർ.ഗോകുൽ ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാതെ പൃഥ്വിരാജിനൊപ്പം തകർത്തഭിനയിച്ചിട്ടുണ്ട്. നജീബിന്റെ സൈനുവായെത്തിയ അമല പോളിന്റെ കണ്ണുകളിൽപോലും പ്രണയമുണ്ട്.
മലയാളത്തിൽ പ്രവാസികളുടെ കണ്ണീരിന്റെ കഥ പറഞ്ഞ ആദ്യസിനിമയിൽ സുകുമാരനായിരുന്നു നായകൻ. പ്രവാസിയുടെ കഥയുമായി വന്ന ആടുജീവിതത്തിൽ സുകുമാരന്റെ മകനാണ് നായകൻ. മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. വാസുദേവൻനായർ കഥയും തിരക്കഥയുമെഴുതി ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാ’ണ് ഗൾഫിൽ ഷൂട്ട് ചെയ്ത, മലയാളി പ്രവാസികളുടെ ദുരിതകഥ പറഞ്ഞ ആദ്യ സിനിമ. സുകുമാരനായിരുന്നു നായകൻ. മമ്മൂട്ടിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരനായ ബെന്യാമിന്റെ ‘ആടുജീവിതം’ മണലാരണ്യങ്ങളിൽ ചിന്തിയ കണ്ണീരിന്റെ കഥ പറയുമ്പോൾ അതിലെ നായകൻ സുകുമാരന്റെ മകൻ പൃഥ്വിരാജാണ്. അറിയാതെ സംഭവിച്ച സമാനതയായിരിക്കാം. ഉമ്മയും ഭാര്യയുമടങ്ങുന്ന കൊച്ചുകുടുംബത്തിനായി ജീവിതം വച്ചുപന്താടുന്ന നജീബിന്റെ കഥ. ഇതു കുടുംബപ്രേക്ഷകരുടെ പ്രിയസിനിമയായി വരുംദിവസങ്ങളിൽ മാറും; ഉറപ്പ്.