‘എളുപ്പമല്ല ആ പരകായപ്രവേശം’; ആമിയായ മഞ്ജുവിനെ കാണാം

കമൽ സംവിധാനം ചെയ്യുന്ന ചിത്രം, ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൂട്ടിങിനും തുടക്കമായി. മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂർക്കുളത്താണ് ഷൂട്ടിങ് ആരംഭിച്ചത്. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യറാണു നായിക. 

രചനകളില്‍ നിഗൂഢ സൗന്ദര്യം ഒളിപ്പിച്ച എഴുത്തുകാരി കാണാനും അത്രയേറെ ഭംഗിയുള്ളൊരാളായിരുന്നു. ആമിയായി, പട്ടുസാരിയുടുത്ത് മുടിവിടർത്തി കല്ലുമൂക്കുത്തിയണിഞ്ഞ വലിയ കണ്ണട വച്ചിരിക്കുന്ന മഞ്ജു വാര്യർക്കും ഭംഗിയേറെ. 

കമലയുടെ ബാല്യംകണ്ട നിഷ്കളങ്കത, സ്ത്രീയിലെ ചാപല്യങ്ങള്‍ , പ്രണയിനിയുടെ വികാരതീഷ്ണത, നാലപ്പാട്ടെയും കൊൽത്തയിലേയും ദിനങ്ങൾ, വിവാഹം, മുംബൈയിലെ ജീവിതം എന്നിവയെല്ലാം പകർത്തുന്നതാവും സിനിമ. മാധവിക്കുട്ടിയുടെ ആത്മകഥയായ എൻറെ കഥ ആണ് ചിത്രത്തിൻറെ ഇതിവൃത്തം. മുംബൈ, കൊൽകത്ത, കേരളം എന്നീ സംസ്ഥാനങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. പൃഥ്വിരാജ് , മുരളി ഗോപി, അനൂപ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 

റഫേൽ.പി.തോമസ്, റോബൻ റോച്ച എന്നിവർ ചേർന്നാണ് നിർമ്മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.

മ​ഞ്ജുവിന്റെ കുറിപ്പ് വായിക്കാം–

ആമിയാകുന്നു...ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമൽ സാർ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു. ഞാൻ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു... പ്രാർഥനകളോടെ ആമിയാകുന്നു