നടൻ സലിം കുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കറുത്ത ജൂതൻ’ എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ആഗസ്റ്റ് 18ന് തിയറ്ററുകളിലെത്തുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് എൽ.ജെ ഫിലിംസ് ആണ്.
ചിത്രത്തെക്കുറിച്ച് സലിം കുമാർ പറയുന്നു–
എനിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാർഡ് നേടിത്തന്ന ചിത്രമാണ് "കറുത്ത ജൂതൻ ". ഈ ചിത്രം ആഗസ്റ്റ് 18 ന് എൽ.ജെ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുകയാണ്.
ചരിത്രം കേരള ജനതയോട് പറയാൻ മറന്നുപോയ കഥയാണ് കറുത്ത ജൂതരുടേത്. മലയാളത്തിൽ ജൂത സമൂഹത്തിന്റെ കഥ പറയാൻ സിനിമയായാലും, സാഹിത്യമായാലും (നോവലിസ്റ്റ് സേതു ഒഴികെ ) നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് മട്ടാഞ്ചേരിയിലെ 'പരദേശി ജൂതന്മാർ ' അഥവാ വെളുത്ത ജൂതന്മാരുടെ ജൂതതെരുവിലേക്കും , സെനഗോഗിലേക്കും (ആരാധനാലയം) അവരുടെ ജീവിതകഥകളിലേക്കും മാത്രമാണ്.
എന്നാൽ 2500 വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരുടെ കഥ നമ്മോടു പറഞ്ഞുതരാൻ ചരിത്രം എന്തുകൊണ്ടോ മറന്നു , അല്ലെങ്കിൽ മനഃപൂർവ്വം നമ്മളിൽ നിന്നും മറച്ചുവെച്ചു.
ഇരു കൂട്ടരും യാക്കൂബിന്റെ അഥവാ ഇസ്രായേലിന്റെ സന്തതികളാണെങ്കിലും (യാക്കൂബിന്റെ മറ്റൊരു പേരാണ് ഇസ്രായേൽ എന്നത്) ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവൻ എന്നും കറുത്തവൻ തന്നെ എന്ന ലോകസത്യം ഇവരിലൂടെ ഒരിക്കൽകൂടി യാഥാർഥ്യമാവുകയായിരുന്നു.
ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് ഞാൻ അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് "കറുത്ത ജൂതൻ " എന്ന സിനിമയായി പരിണമിച്ചത്. ബാല്യകാലത്ത് എന്റെ അയൽക്കാരായി വടക്കൻ പറവൂരിലും പരിസര പ്രദേശത്തും ഉണ്ടായിരുന്ന, ഇന്ന് ഇസ്രായേലിൽ എങ്ങോ ജീവിക്കുന്ന ആ പഴയ മിത്രങ്ങളോടുള്ള എന്റെ സ്നേഹാദരവാണ് "കറുത്ത ജൂതൻ ".
കൊളോണിയൽ കാലഘട്ടത്തിൽ നമ്മളെ കൊണ്ട് വേല ചെയ്യിക്കാൻ വെള്ളക്കാരന്റെ അജ്‍ഞാനുവർത്തികളായി മട്ടാഞ്ചേരിയിലെത്തിയ പരദേശി ജൂതർ അഥവാ വെളുത്ത ജൂതരെ നാം ആഘോഷിക്കുമ്പോൾ , ബാബിലോണിയ , അസ്സീറിയ തുടങ്ങിയ രാജ്യങ്ങളിലെ ചക്രവർത്തിമാരുടെ നിരന്തര ആക്രമണങ്ങളിൽ ഭയന്ന് പ്രാണരക്ഷാർത്ഥം നമ്മുടെ മണ്ണിൽ അഭയംതേടി , പച്ച മലയാളികളായി ഇവിടെ ജീവിച്ച കറുത്ത ജൂതരുടെ ജീവിതം രേഖപ്പെടുത്താൻ , അവർ നമുക്ക് തന്ന സംസ്‍ക്കാരങ്ങൾ അടയാളപ്പെടുത്താൻ ചരിത്രകാരന്മാർ എന്തിനാണ് മടിച്ചതു . ഇതിനോടുള്ള എന്റെ വിയോജനകുറിപ്പാണ് "കറുത്ത ജൂതൻ " എന്ന ഈ സിനിമ.
ഇത് ഒരു അവാർഡ് സിനിമയല്ല. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു സിനിമ. ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്ന ഒരു കൊച്ചു സിനിമ. ഒരു ജൂതന്റെയും മുസൽമാന്റെയും സൗഹൃദത്തിന്റെ അപൂർവ കഥ പറയുന്ന സിനിമ. കാണണം എന്ന് പറയാനേ എനിക്ക് ഇപ്പോൾ നിർവ്വാഹമുള്ളു ...കണ്ട് വിചാരണ ചെയ്ത് വിധി പറയേണ്ടവർ നിങ്ങളാണ്.
വിശ്വസ്തതയോടെ ,
നിങ്ങളുടെ സലിംകുമാർ