രശ്മിയായി അഞ്ജലി: റോസാപ്പൂ കാരക്ടർ പോസ്റ്റർ

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന റോസാപ്പൂ റിലീസിനൊരുങ്ങുകയാണ്. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തി ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ കാരക്ടർ പോസ്റ്റേർസ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നു.

ചിത്രത്തിലെ പ്രധാനതാരങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിൽ ആദ്യ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നു. നായികാകഥാപാത്രമായ അഞ്ജലി അവതരിപ്പിക്കുന്ന രശ്മിയെയാണ് ആദ്യ പോസ്റ്ററിൽ കാണാനാകുക. വരും ദിവസങ്ങളിൽ അടുത്ത കഥാപാത്രങ്ങളെ പരിചയപ്പെടുത്തും.

പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീൻസ് ആണ് റോസാപ്പൂവിന്റെ നിർമാണം. ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. 

രാജീവ് രവിയുടെ അസോഷ്യേറ്റായിരുന്ന വിനു പരസ്യരംഗത്തായിരുന്നു കൂടുതൽ സജീവം. കഴിഞ്ഞ ഒന്നരവർഷം കൂടെ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോൾ സിനിമയായി മാറുന്നത്. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം. 

നീരജ് മാധവ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ബേസില്‍ ജോസഫ്, വിജയരാഘവൻ എന്നിവരാണ് മറ്റുതാരങ്ങൾ. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ 143 കഥാപാത്രങ്ങളുണ്ട്. കൂടാതെ

ഈ 143 പേര്‍ക്കും അവരുടേതായ പ്രാധാന്യം സിനിമയിൽ ഉണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു. ഒഡീഷന്‍ നടത്തിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും തമിഴിൽ നിന്നാകും.