ആസിഫ് അലിയുടെ ‘തൃശ്ശിവ പേരൂർ ക്ലിപ്തം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ആസിഫ് അലി നായകനായി എത്തുന്ന ‘തൃശ്ശിവ പേരൂർ ക്ലിപ്തം’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മനോരമ ഓൺലൈനിലൂടെയാണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. തീപ്പെട്ടിപ്പെട്ടിയുടെ ആകൃതിയിലുള്ള രസകരമായ പോസ്റ്ററാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആസിഫ് അലി, ബാബുരാജ്, അപർണ ബാലമുരളി, ചെമ്പൻ വിനോദ് എന്നിവരെ പോസ്റ്റററിൽ കാണാം. അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയതിൽ കൗതുകമുണർത്തുന്ന പോസ്റ്റർ കൂടിയാണിത്.

നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. ആമേൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം.

തൃശ്ശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്കു അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നാടൻകഥാപാത്രമായാണ് ആസിഫ് ചിത്രത്തിൽ എത്തുക. അപർണ ബാലമുരളിയാണ് ചിത്രത്തിൽ‌ നായികയായി എത്തുന്നത്. സറീന വഹാബ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

ചെമ്പൻ വിനോദ്, ബാബുരാജ്, ഡോ. റോണി, അബി, സുനിൽ സുഗദ, നന്ദു, വിജയകുമാർ, ബാലാജി, പ്രശാന്ത്, ജുവൽ മേരി, രചന നാരായണൻകുട്ടി, ഇർഷാദ്, ശ്രീജിത് രവി എന്നിവരാണ് മറ്റുതാരങ്ങൾ. ബിജിപാൽ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ലോഹിതദാസ്, ജീത്തു ജോസഫ്, രഞ്ജിത് ശങ്കർ, ലിജോ ജോസ് പെല്ലിശേരി, കമൽ എന്നിവരുടെ അസോഷ്യേറ്റായി പ്രവർത്തിച്ച സിനിമാപരിചയം കൊണ്ടാണ് രതീഷ് പുതിയ സിനിമയുമായി എത്തുന്നത്.ചിത്രസംയോജനം–ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം–സമീറ സനീഷ്. റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടേതാണ് വരികൾ.

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്