ഫെയ്സ്ബുക്കിൽ താരമായി കസബ

മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കസബയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കസബയുടെ പോസ്റ്റർ ഫെയ്സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.

കിടിലൻ ഫസ്റ്റ് ലുക്കിനു പിന്നാലെ ആരാധകരെ കാത്ത് വേറെയും ചില അത്ഭുതങ്ങൾ വരുന്നുണ്ടെന്നാണ് അണിയറക്കാർ പറയുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. എസ്ഐ രാജൻ സക്കറിയ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരള കർണാടക അതിർത്തിയിൽ എത്തിച്ചേരുന്ന രാജൻ സക്കറിയ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ പ്രമേയം.

തമിഴ് സൂപ്പർതാരം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയാണ് നായിക. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂലൈയിൽ റിലീസ് ചെയ്യും.