നമുക്കിടയിലെവിടെയും, എപ്പോഴും അവനുണ്ടെന്ന തിരിച്ചറിവാണ് റുസ്‌വ. അവൻ; ചെകുത്താന്റെ കാമമുള്ളവൻ, ഇരയെ കടിച്ചുകുടഞ്ഞ് ചോരയൂറ്റിക്കളഞ്ഞാൽ മാത്രം കാമം ശമിക്കുന്നവൻ. അവന്റെ നിഴൽ വീഴുന്നിടത്തൊന്നും ഒരു പെണ്ണും സുരക്ഷിതയല്ല. അതേസമയം, നിയമത്തിന്റെ നൂൽപ്പഴുതുകളിലൂടെ അവൻ നൂണുരക്ഷപ്പെടുകയും ചെയ്യുന്നു. അവന്റെ പേരേ മാറുന്നുള്ളൂ, അവനിലെ വേട്ടക്കാരൻ തുടരുക തന്നെയാണ്; പലയിടത്തും പല രൂപത്തിലും പേരിലും.
Ruswa | रुसवा - Award winning shortfilm 2018.
രാജ്യത്തെ നടുക്കിയ ഡൽഹി മാനഭംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് റുസ്‌വ എന്ന ഹ്രസ്വചിത്രമൊരുങ്ങുന്നത്. ദേശീയ, രാജ്യാന്തര ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ രചനയും സംവിധാനവും ഷമീം അഹമ്മദ് ആണ്. വിനീത് ശ്രീനിവാസനാണ് ചിത്രം റിലീസ് ചെയ്തത്.
നിർഭയ എന്നു രാജ്യം പിന്നീടു പേർവിളിച്ച പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച പ്രതികളിലൊരാൾ പ്രായപൂർത്തിയായില്ല എന്ന കാരണത്താൽ ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അങ്ങനെയൊരാളിന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം മുന്നേറുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ അയാളുടെ മുഖം സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ, തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിലൂടെപ്പോലും അവന് ആരാലും തിരിച്ചറിയപ്പെടാതെ നടക്കാനാവുന്നു. നമുക്കിടയിലെവിടെയും അങ്ങനെയൊരു അക്രമിയുടെ സാന്നിധ്യമുണ്ട് എന്ന പേടിപ്പെടുത്തുന്ന തിരിച്ചറിവാണ് ഈ ഷോർട് ഫിലിം മുന്നോട്ടുവയ്ക്കുന്നത്.
ചേതൻ ടിൽജിത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോഹരമായ ഛായാഗ്രഹണവും ഹൃദയസ്പർശിയായ പശ്ചാത്തല സംഗീതവും കയ്യടക്കമുള്ള എഡിറ്റിങ്ങും ചിത്രത്തെ മികച്ച അനുഭവമാക്കുന്നു. ആന്റണി ജോ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ് നികേഷ് രമേഷ്, പശ്ചാത്തല സംഗീതം ജിതേഷ് കെ.പി., സൗണ്ട് ഡിസൈൻ ബിബിൻ പയസ്. ബാക്ക് ബെഞ്ചേഴ്സ് ഇൻ കോർപ്പറേറ്റിന്റെ ബാനറിൽ ഷമീം അഹമ്മദ്, തോമസ് കെ. മാത്യു, റസൽ പരീദ് എന്നിവരാണ് നിർമാണം.
കഴിഞ്ഞ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രം, ഷാങ്ഹായ് ക്വീർ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ-പസിഫിക് മെറിഡിയൻ രാജ്യാന്തര ഫെസ്റ്റിവൽ തുടങ്ങിയവയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.