ബാഹുബലിയിലെ ശിവകാമിയുടെ വേഷം ശ്രീദേവി നിരസിച്ചു എന്ന വാർത്ത വന്നതു മുതൽ നടി നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ശിവകാമിയോട് നോ പറഞ്ഞത്? ശ്രീദേവി സിനിമയുടെ വലിയൊരു ഷെയർ ആവശ്യപ്പെട്ടതും താരത്തിന്റെ കടുംപിടുത്തവുമാണ് ശിവകാമിയാക്കാതെയിരുന്നതെന്ന് രാജമൗലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്രയും നാൾ ശ്രീദേവി പ്രതികരിച്ചിരുന്നില്ല.
ഏറ്റവും പുതിയ അഭിമുഖത്തിൽ ബാഹുബലി ഇതുവരെ കണ്ടിട്ടില്ലെന്ന് താരം പറഞ്ഞു, തുടർന്നു വന്ന ചോദ്യം എന്തുകൊണ്ടാണ് ശിവകാമിയാകാൻ തയാറാകാതെയിരുന്നതെന്ന് ആയിരുന്നു. ഈ ചോദ്യത്തിന് മറുപടി പറയാൻ ഏറെകാലമായി താൻ ആഗ്രഹിക്കുകായിരുന്നുവെന്ന മുഖവുരയോടെയാണ് താരം സംസാരിച്ചുതുടങ്ങിയത്.
ബാഹുബലി ഉപേക്ഷിക്കാൻ എനിക്ക് എന്റേതായ കാരണമുണ്ട്. അത് വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. ഞാന്‍ ശിവകാമിയെ നിരസിച്ചത് ചിലര്‍ക്ക് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സിനിമയുടെ രണ്ടുഭാഗങ്ങളും പുറത്തുവന്നതിന് ശേഷമാണ് പലരും ഈ കാര്യം ചർച്ച ചെയ്യുന്നതും എന്നോട് ചോദിക്കുന്നതും. ഞാൻ വേഷം നിരസിച്ചതിനെക്കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതിനു മുമ്പും ഞാൻ ഉപേക്ഷിച്ച നിരവധി ചിത്രങ്ങളുണ്ട്. പക്ഷെ അവരൊന്നും അത് ഒരു പ്രശ്നമായി പറഞ്ഞുനടക്കാറില്ല- ശ്രീദേവി പ്രതികരിച്ചു.
ചിത്രത്തിലെ വേഷത്തിന് വേണ്ടി ശ്രീദേവി ചോദിച്ച പ്രതിഫലവും മറ്റു ഡിമാന്റുകളും രാജമൗലി വെളിപ്പെടുത്തിയിരുന്നു. രാജമൗലിയുടെ ഈ സമീപനം മോശമായി പോയെന്നും ശ്രീേദവി തുറന്നടിച്ചു. രാജമൗലിയുടേത് അൺപ്രൊഫഷനൽ സമീപനമാണെന്നും ശ്രീദേവി പറഞ്ഞു. തന്റെ വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യാൻ പാടില്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
ശ്രീദേവി നിരസിച്ച വേഷം രമ്യാകൃഷ്ണനാണ് അവതരിപ്പിച്ചത്. ഇത് രമ്യാകൃഷ്ണന്റെ അഭിനയജീവിത്തിലെ മികച്ചവേഷമാവുകയും ചെയ്തു. രണ്ടരകോടിരൂപയാണ് രമ്യയ്ക്ക് കിട്ടിയ പ്രതിഫലം.