Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർതാരങ്ങളുടെ കണ്ണുവെട്ടിച്ച് രാജമൗലി; ഫോണും ഓഫ്, നമ്പറും മാറ്റി

rajamouli

ബാഹുബലി ഇത്ര വലിയ വിജയമാകുമെന്ന് ബോളിവുഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ബാഹുബലി 2വിന്റെ ഹിന്ദി പതിപ്പ് ബോളിവുഡിലെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറുകയും ചെയ്തു.

ഈ സിനിമയിലൂടെ പ്രഭാസും റാണയും ഇന്ത്യയിെല തന്നെ വലിയ താരങ്ങളായിമാറി. ഇതിന്റെയൊക്കെ ചുക്കാൻപിടിച്ച സംവിധായകൻ രാജമൗലി ഇന്ത്യയിലെഏറ്റവും വില പിടിപ്പുള്ള സംവിധായകനായി മാറി. ഇതോടെ രാജമൗലിയുടെ പുറകെയായി വലിയ സ്റ്റുഡിയോകളും നിർമാതാക്കളും. സൂപ്പർതാരങ്ങളെ തേടി സംവിധായകർ അങ്ങോട്ട് പോകുമ്പോൾ രാജമൗലിയുടെ കാര്യത്തിൽ നേരെ തിരിച്ചാണ്.

ഹിന്ദിയിലെ ഒട്ടുമിക്ക താരങ്ങളും രാജമൗലിയെ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുകയാണ് ഒരു പ്രോജക്ടിനായി. അവസാനം ഫോൺ നമ്പർ വരെ സംവിധായകൻ മാറ്റിയെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ബോളിവുഡിലെ പ്രമുഖ നിർമാതാക്കളും യുവതാരങ്ങളും രാജമൗലിയെ നേരിട്ട് കാണാനും സംസാരിക്കാനും ഓടിനടക്കുകയാണ്. ആദ്യമൊക്കെ ബാഹുബലിയുടെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുക, പിന്നീട് അത് കരാറിലേക്കും പുതിയ പ്രോജക്ടിേലക്കും കടക്കും. എന്നാൽ ഇത്തരം പുകഴ്ത്തലുകളോ കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമോ രാജമൗലിയെ സ്വാധീനിക്കില്ല. ഇത്തരക്കാരുടെ ഫോൺവിളി കൂടിയതോടെ അദ്ദേഹം പുതിയൊരു ഫോൺ നമ്പർ എടുത്തിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കളെ വിളിക്കാൻ മാത്രമുള്ള നമ്പറാണിത്. പഴയ നമ്പർ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.

തെലുങ്ക് സിനിമ മാത്രമല്ല ബോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്നത് രാജമൗലിയുടെ അടുത്ത സിനിമയെയാണ്. രണ്ടു നിർമാതാക്കൾക്ക് രാജമൗലി ഡേറ്റ് കൊടുത്തിട്ടുണ്ട്. കെൽ നാരായണയ്ക്ക് വേണ്ടി ഒരു മഹേഷ് ബാബു ചിത്രവും, ഡിവിവി ദനയ്യയ്ക്കു വേണ്ടി മറ്റൊരു ചിത്രവും. ഈ രണ്ടു നിർമാതാക്കളെയും ഒരുമിച്ച് ചേർത്ത് ഒരു സിനിമയാണ് രാജമൗലി പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് ഉണ്ട്.