വിക്രം ചിത്രത്തിൽ നിന്ന് തൃഷ ഇറങ്ങിപ്പോയി

വിക്രത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ഹരി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വിക്രം–തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സാമിയുടെ പുതിയ ഭാഗത്തിലും തൃഷയെ തന്നെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്.

ആദ്യ ഭാഗത്തിലേത് പോലെ പ്രധാന കഥാപാത്രമാണ് തൃഷയുടേതെന്നും തൃഷയ്‌ക്കൊപ്പം കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഉണ്ടെന്ന സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. തൃഷ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ഞാന്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നു. ചിത്രത്തിന് എല്ലാവിധ ആശംസകളും- തൃഷ ട്വിറ്ററില്‍ കുറിച്ചു. തൃഷയുടെ തീരുമാനം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.  തൃഷയ്ക്ക് പകരം ആരാകും ആ വേഷം കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

കീര്‍ത്തി സുരേഷും വിക്രമും ഉള്‍പ്പെടുന്ന ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഷിബു തമീൻസ് ആണ് നിർമാണം.