പ്രി–റിലീസ് ബിസിനസിൽ 200 കോടി നേടി യന്തിരൻ 2

ഇന്ത്യൻ ബോക്സ്ഓഫീസിൽ മാത്രമല്ല ആഗോളതലത്തിൽ ബാഹുബലി ഉയർത്തിയ റെക്കോർഡുകൾ നിരവധിയാണ്. വിദേശമാധ്യമങ്ങളിൽ വരെ ഈ തെലുങ്ക് ചിത്രം ചർച്ചയായി. സിനിമ പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പോൾ ഇനി എല്ലാ കണ്ണുകളും യന്തിരൻ 2 ാം ഭാഗത്തിലേക്കാണ്. 

രജനീകാന്ത്–അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം അടുത്തവർഷമാകും തിയറ്ററുകളിലെത്തുക. റിലീസിന് ഇനിയും ഒരുവർഷം സമയമുള്ളപ്പോള്‍ ചിത്രം കോടികൾ വാരുകയാണ്. 

സിനിമയുടെ ഹിന്ദി പതിപ്പിന്റെ തിയറ്റർ വിതരണാവകാശം വിറ്റുപോയിരിക്കുന്നത് 80 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട്. 100 കോടിയാണ് നിർമാതാക്കൾ ചോദിച്ചതെങ്കിലും 80 കോടിയിൽ കരാർ ഉറപ്പിക്കുകയായിരുന്നു. അക്ഷയ് കുമാറിന്റെ താരമൂല്യമാണ് തുക വർധിക്കാൻ കാരണം.

നേരത്തെ സീടിവി സിനിമയുടെ സാറ്റലൈറ്റ് അവകാശം 110 കോടിക്ക് സ്വന്തമാക്കിയെന്ന് വാര്‍ത്ത വന്നിരുന്നു. എല്ലാ ഭാഷകളും ചേർന്നുള്ള തുകയാണിത്. പ്രി–റിലീസ് ബിസിനസ്സിൽ ചിത്രം ഏകദേശം 200 കോടി നേടികഴിഞ്ഞു.

തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകള്‍ക്ക് പുറമെ ജപ്പാനീസ്, കൊറിയന്‍, ചൈനീസ് എന്നീ വിദേശഭാഷകളിലും ചിത്രം പുറത്തിറങ്ങും. 450 കോടിയാണ് ബഡ്ജറ്റ്. ലൈക പ്രൊഡക്ഷൻസ് ആണ് നിർമാണം.

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം.ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. 

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ.  ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്.