തമിഴ് സിനിമയിൽ പുതുയുഗ വസന്തത്തിന്റെ സുഗന്ധം പരത്തി വിജയ് സേതുപതി. കാത്തിരിപ്പിനു വിരാമമിട്ട്, ആ മനുഷ്യൻ അടുത്തേക്ക് നടന്നുവന്നത് ആരവങ്ങളോ താരജാടകളോ ഇല്ലാതെയാണ്. പുതിയ സിനിമയിലെ വേദയിൽ നിന്ന് മുഖത്ത് വലിയ വ്യത്യാസങ്ങളൊന്നുമില്ല. മുടിയിലും താടിയിലും പടർന്ന നരയെ, നിറഞ്ഞ ചിരി മായ്ച്ചുകളഞ്ഞു. തമിഴ് സിനിമയിൽ പുതുയുഗ വസന്തത്തിന്റെ സുഗന്ധം പരക്കുന്നത് വിജയ് ഗുരുനാഥ് സേതുപതി എന്ന ഈ മുപ്പത്തിയൊമ്പതുകാരന്റെ വിയർപ്പിന്റെ ഫലംകൊണ്ടു കൂടിയാണ്.
മക്കൾ സെൽവൻ എന്ന് തമിഴ് ജനത സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതിക്ക് ഉറ്റവർ ‘സേതു’ എന്ന് വിളിപ്പേരു നൽകി. നോട്ടത്തിലും സ്പർശനത്തിലും ശ്വാസമെടുക്കുന്നതിൽപ്പോലും താളം കാത്തുവയ്ക്കുന്ന നടൻ സിനിമയിലെ ഉയർച്ചയിലേക്ക് നടന്നുവന്നത് അത്ര എളുപ്പത്തിലായിരുന്നില്ല.
ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന വിജയ് നിറയെ സമ്പാദിക്കുന്നതിനും കടങ്ങൾ വീട്ടുന്നതിനും ഗൾഫിലേക്ക് പോകുമ്പോഴും പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാൻ നാട്ടിൽ തിരിച്ചെത്തിയപ്പോഴും സിനിമയെന്ന സ്വപ്നം മനസ്സിനുള്ളിൽ അകലെയൊരിടത്തായിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കൾക്കൊപ്പം ബിസിനസ് തുടങ്ങുന്നത്.
എന്നാൽ ബിസിനസുമായി മുന്നോട്ടുപോയാൽ സൗഹൃദത്തിന് കോട്ടം തട്ടുമെന്നു തോന്നിയപ്പോൾ അതുപേക്ഷിക്കുകയായിരുന്നു. ജീവിതം വഴിമുട്ടുമ്പോഴും സുഹൃത്തുക്കളാണ് വലുതെന്ന് വിശ്വസിച്ചു. സിനിമയിലെത്തിയതിനു ശേഷം പേരു പോലും വിജയ് സേതുപതി എന്ന് ചുരുക്കി നിലനിർത്താൻ ആവശ്യപ്പെട്ടത് ആത്മസുഹൃത്തും സംവിധായകനുമായ മണികണ്ഠനാണ്.
മലയാളി ജെസി
ജീവിതം സിനിമയിലേക്ക് പറിച്ചുനടുന്നതിനു മുമ്പ് കൊല്ലംകാരിയായ ജെസിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആ കഥ ഇങ്ങനെ: സുഹൃത്തിന്റെ സഹപ്രവർത്തകയായിരുന്നു ജെസി. കുടുംബവേര് കേരളത്തിലാണെങ്കിലും ജെസി ജനിച്ചുവളർന്നത് ചെന്നൈയിലാണ്. ഇന്റർനെറ്റ് വഴി തുടങ്ങിയ സൗഹൃദം പ്രണയമായി വളർന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ അച്ഛനോട് കാര്യം ബോധിപ്പിച്ചു. ജാതിയിലും മതത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന അച്ഛൻ സേതുവിന്റെ ഇഷ്ടത്തിനൊപ്പം നിന്നു. അങ്ങനെ വീട്ടുകാർ സംസാരിച്ച് ഉറപ്പിച്ചതാണ് കല്യാണം. ജെസി നൽകിയ പിന്തുണയ്ക്ക് കൈ കൊടുത്ത്, തന്റെ ജീവിതം വിജയ് സേതുപതി ഉരച്ചുരച്ച് മിനുക്കിയെടുക്കുകയായിരുന്നു.
‘‘ടെലിഫിലിമുകളിൽ അഭിനയിക്കാൻ അവസരം തേടി ഒരുപാട് അലഞ്ഞു. സംവിധായകരെ നേരിൽ കാണാൻ പറ്റാത്തതിനാൽ സംവിധാന സഹായികൾക്ക് വിവിധ പോസുകളിലുള്ള ഫോട്ടോ നൽകി കാത്തിരിക്കും. അങ്ങനെ ചില ടെലിഫിലിമുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പതിയെ സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ. തെൻമേർക്ക് പരുവകാട്ര് എന്ന സീനു രാമസ്വാമി ചിത്രത്തിലൂടെയാണ് നായകനിരയിലേക്ക് ഉയർന്നത്.”
അന്ന് അവസരം ലഭിക്കാതിരുന്നതിൽ നിരാശയില്ല വിജയ് സേതുപതിക്ക്. ആദ്യ അവസരത്തിൽ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ തോറ്റുപോയേനെ എന്ന വാക്കുകൾക്കുള്ള മൂർച്ച അത്ര വലുതാണ്. ഓരോ തിരിച്ചടിയിലും സിനിമ എന്തെന്ന് വിജയ് സേതുപതി പഠിച്ചെടുക്കുകയായിരുന്നു.
ആദ്യ നായകവേഷത്തിനു ശേഷം ജീവിതം തന്നെ മാറ്റിമറിച്ച വർഷങ്ങളാണ് കടന്നുപോയത്. ഇരൈവിയും, ആണ്ടവൻ കട്ടളൈയും, കാതലും കടന്തുപോകുവും, പണ്ണൈയാരും പത്മിനിയും തുടങ്ങി ജനഹൃദയങ്ങൾ കീഴടക്കിയ സിനിമകൾ ഒട്ടേറെ. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും കാട്ടുന്ന ജാഗ്രതയാണ് സേതുപതിയെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം.
ഒടുവിൽ വിക്രംവേദയിലെ വേദയിലെത്തിനിൽക്കുമ്പോൾ സേതുപതിക്ക് മുൻനിരയിലൊരു ഇരിപ്പിടം തമിഴ് സിനിമാലോകം ഒരുക്കിവച്ചിരുന്നു. ചെറിയ വേഷങ്ങൾക്ക് അവസരം തേടി കാത്തിരുന്ന പയ്യന് ഇന്ന് സിനിമയിൽ തിരക്കൊഴിഞ്ഞ നേരമില്ല. സെറ്റിൽ നിന്നു സെറ്റിലേക്ക് കുതിക്കുമ്പോഴും സ്നേഹമാണ് എല്ലാം എന്ന് ഉറച്ചു വിശ്വസിക്കുകയാണ് മക്കൾസെൽവൻ. ‘‘ആളുകൾ തന്റെ ഫോട്ടോ സൂക്ഷിക്കുന്നത് സ്നേഹംകൊണ്ടാണ്.
നമുക്ക് അറിയാത്ത ഒരുപാടിടങ്ങളിൽ നിന്ന് സ്നേഹം കിട്ടുന്നു. അപ്പോൾ തിരിച്ചും സ്നേഹമാണ് കൊടുക്കേണ്ടത്. അതിനേക്കാൾ വലുതായി ഒന്നുമില്ല. അകറ്റിനിർത്തുകയല്ല, ചേർത്തുനിർത്തുകയാണ് വേണ്ടത്.” സ്നേഹമാണ് വിജയരഹസ്യമെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന സേതുപതിയുടെ വാക്കുകളാണിത്.
പെരിയാറിന്റെ ആശയങ്ങൾ പിന്തുടരുന്ന നിരീശ്വരവാദിയാണ് വിജയ് സേതുപതി. എന്തുകൊണ്ട് ദൈവമെന്ന അതീന്ദ്രിയ ശക്തിയിൽ വിശ്വസിക്കുന്നില്ല എന്നതിന് കൃത്യമായ ഉത്തരമുണ്ട് സേതുവിന്. മാനവരാശിയുടെ സ്നേഹവും കരുതലും സ്വപ്നവുംകൊണ്ട് മെനഞ്ഞെടുത്തതാണ് ഈ ദുനിയാവാകെ എന്ന് വിശ്വസിക്കുന്ന ഈ മനുഷ്യൻ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞാണ് ജീവിതത്തിന്റെ മുത്തുകൾ കോർത്തത്.
അതുകൊണ്ടാണ് ഓരോ വാക്കിലും സത്യസന്ധത നിറഞ്ഞുനിൽക്കുന്നത്. ഭാഗ്യത്തിൽ വിശ്വാസമില്ലെന്നും കഠിനാധ്വാനമല്ല, ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത തന്നെയാണ് പ്രധാനമെന്നും ഉറച്ചു വിശ്വസിക്കുന്നു. സ്നേഹത്തിനു മുകളിൽ എന്തു ദൈവമെന്ന ചോദ്യംതന്നെ എത്ര തീവ്രമാണ്.?
എങ്ങനെയാണ് സെറ്റിലെ രീതിയെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ: ‘‘മുന്നൊരുക്കങ്ങളോടെ ഒന്നിനെയും സമീപിക്കില്ല. സംവിധായകൻ പറയുന്നത് മനസ്സിൽ പതിക്കും. ചെറുതായി മനസ്സിൽ ഒരു ചിത്രം രൂപപ്പെടുത്തും. നിൽക്കേണ്ടതും നോക്കേണ്ടതുമായ സ്ഥലങ്ങൾ ഒന്ന് ഓർത്തെടുക്കും. പിന്നെ അഭിനയിക്കും. അതുപോലെ ഒന്നുകൂടി ആവർത്തിക്കാൻ പറഞ്ഞാൽ സാധിക്കില്ല’’
ജീവിതവും സിനിമയും രണ്ടല്ല സേതുപതിക്ക്. അതുകൊണ്ടുതന്നെ ജീവിതത്തിൽ അഭിനയമില്ല. ഓരോ കഥാപാത്രത്തിനായും ജീവിക്കുകയാണ്. മലയാള സിനിമയിലേക്ക് അവസരം ലഭിച്ചിട്ടും ചെയ്യാൻ പറ്റിയില്ലെന്ന് നഷ്ടബോധത്തോടെയാണു പറഞ്ഞത്. ഇനിയൊരവസരം ലഭിച്ചാൽ തീർച്ചയായും കൈവിടില്ലെന്നും പറയുന്നു.
വയനാട്ടിലും കൊച്ചിയിലുമെല്ലാം സിനിമാ ഷൂട്ടിനായി എത്തിയിട്ടുണ്ടെങ്കിലും സിനിമയുടെ പ്രമോഷനുവേണ്ടി കേരളത്തിൽ വന്നിട്ടില്ല. ഭാര്യയുടെ നാടായ കൊല്ലത്തും ഇതുവരെയും വിജയ് സേതുപതി പോയിട്ടില്ല. ഉടൻ മലയാളസിനിമയിൽ എത്തുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോഴും കേരളത്തിലെ ഫാൻസുകാരുടെ സ്നേഹം മനസ്സുനിറച്ചെന്നും തമിഴ് സിനിമയിലെ പുതുവസന്തം പറയുന്നു.
വ്യത്യസ്തനാണ് വിജയ് സേതുപതി എന്ന പച്ച മനുഷ്യൻ. പൊരുതി നേടിയ വിജയത്തിന്റെ സന്തോഷം എത്രമാത്രമെന്ന് വിരിയുന്ന ചിരിയിൽ പ്രതിഫലിക്കും. ഒരുപാടു സന്തോഷമെന്നു പറഞ്ഞ് ചേർത്തുപിടിച്ചപ്പോൾ ആ മനുഷ്യൻ മനസ്സിൽ കാത്തുവയ്ക്കുന്ന സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും അനുഭവിച്ചറിയുകയായിരുന്നു.