തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സമാന്തയും വിവാഹിതരായി. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.
പരമ്പരാഗത രീതികളനുസരിച്ച് നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സമാന്ത ധരിച്ചത്. മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് നാഗചൈതന്യ എത്തിയത്.
ശനിയാഴ്ച വൈകീട്ട് കൃസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച ഹൈദരാബാദില്‍ വച്ചു നടക്കുന്ന വിരുന്നില്‍ സിനിമാരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഒക്ടോബർ ആറു മുതൽ എട്ടുവരെ ഗോവയിൽ വച്ചു നടക്കുന്ന വിവാഹ മാമാങ്കത്തിന് പത്തുകോടിയിലേറെ ചിലവാണ് കണക്കാക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
വിവാഹത്തിനു ശേഷം ഹൈദരാബാദിൽ വച്ചു ഗംഭീരമായ റിസപ്ഷനും നടത്തുന്നുണ്ട്. ആഡംബരപൂർണമായൊരു റിസോർട്ടും ദമ്പതികൾ ഗോവയിൽ ബുക് ചെയ്തിട്ടുണ്ട്. മഹേഷ് ബാബു, ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ, തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡ്ഡിങ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകൾ.
മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യചിത്രം പൂർത്തിയാകും മുമ്പെ തന്നെ ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടിരുന്നു. പിന്നീട് വർഷങ്ങളോളം പ്രണയിച്ചതിനു ശേഷം ഹൈദരാബാദില്‍ വച്ചാണ് ആര്‍ഭാടമായുള്ള വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നത്.