തമിഴ് സൂപ്പർതാരം വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹമായിരുന്നു ഒക്ടോബര്‍ 30 ന്. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് അക്ഷിതയുടെ വരനായ മനു രഞ്ജിത്.
ഗോപാല്‍പുരത്തെ കരുണാനിധിയുടെ കുടുംബവീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പ്രമുഖ ബേക്കറി ശൃംഖലയായ സികെ ബേക്കറിയുടെ ഉടമയാണ് മനുവിന്റെ പിതാവ് രംഗനാഥന്‍. കഴിഞ്ഞ വർഷം ജൂലൈ പത്തിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം നടന്നിരുന്നു.
വിവാഹചടങ്ങുകൾക്ക് ശേഷം സുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയില്‍നിന്നുളള പലരും റിസപ്ഷനിൽ പങ്കെടുക്കാന്‍ എത്തി. വിജയ്, അജിത് തുടങ്ങിയവർ കുടുംബസമേതം എത്തുകയുണ്ടായി.
റിസപ്ഷന്‍ ചടങ്ങില്‍ ഗാനമേളയായിരുന്നു പ്രധാന ആകര്‍ഷണം. ഉണ്ണികൃഷ്ണന്‍, ശ്രീനിവാസ് തുടങ്ങിയ നിരവധി പ്രമുഖ ഗായകര്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ആരാധകരുടെ ആവശ്യപ്രകാരം വിക്രം തന്റെ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചു.