നയൻതാരയുടെ അഴകും അഭിനയവും പോലെ മനോഹരമാണ് അവരുടെ ശബ്ദവും. എന്നാൽ ശബ്ദത്തിന്റെ ക്രെഡിറ്റ് നയൻതാരയ്ക്ക് കൊടുക്കാൻ വരട്ടെ. ആ ശബ്ദമൊന്നും നയൻതാരയുടേതല്ല.
സിനിമയിൽ സ്വന്തം ശബ്ദത്തിൽ അല്ല നയൻതാര ഡബ് ചെയ്യുന്നത്. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ദീപ വെങ്കട്ടാണ് നയൻതാരയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും ഇപ്പോൾ ശബ്ദം നൽകുന്നത്.
അറ്റ്ലി ചിത്രമായ രാജാ റാണിയിലാണ് ദീപ ആദ്യമായി നയൻതാരയ്ക്ക് ശബ്ദം നൽകുന്നത്. ‘സത്യത്തില്‍ രാജാ റാണി കരിയറിലെ വഴിത്തിരിവായിരുന്നു. വോയ്സ് ടെസറ്റിൽ ശബ്ദം ഓക്കെ ആണെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. എന്റെ ശബ്ദം കേട്ടിട്ട് തനിക്ക് മാച്ചാകുന്ന ശബ്ദമാണെന്ന് നയൻതാര പറഞ്ഞതായി സംവിധായകൻ അറ്റ്ലി പറയുകയായിരുന്നു. ദീപ പറഞ്ഞു.
രാജാ റാണി വലിയ ശ്രദ്ധനേടിയതോടെ സംവിധായകർക്കിടയില്‍ ദീപയും താരമായി. നയൻതാര ചിത്രങ്ങൾ കൂടാതെ മറ്റു സിനിമകൾക്കും സംവിധായകർ വിളിക്കാൻ തുടങ്ങി. രാജ റാണി, തനി ഒരുവൻ, മായ, ഇതു നമ്മ ആളു, അറം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നയൻതാരയ്ക്ക് ശബ്ദം നൽകിയത് ദീപയാണ്.
നയൻതാര ഡബ്ബിങ് സ്റ്റുഡിയോയിൽ പൊതുവെ വരാറില്ലെന്നും എന്നാൽ അറം സിനിമയുടെ ഡബ്ബിങ് സമയത്ത് മുഴുവൻ സമയവും നയൻതാര കൂടെ ഉണ്ടായിരുന്നു. ഡബ്ബിങ് കേട്ട ശേഷം ചില സ്ഥലങ്ങളിൽ തിരുത്തലുകൾ പറഞ്ഞു. അവരെ നേരിൽ പരിചയപ്പെടുന്നതും ഈ സിനിമയുടെ ഇടയിലാണ്. നയൻതാര വളരെ പ്രൊഫഷണലും ഹാർഡ് വർക്ക് ചെയ്യുന്ന നടിയുമാണ്. ദീപ പറയുന്നു.