നടന്‍ വടിവേലുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കാനൊരുങ്ങി ശങ്കര്‍. ‘വൈകൈ പുയല്‍ വടിവേലുവിന്‍ തൊല്ലെ താങ്ക മുടിയലെ’ എന്നാണ് ശങ്കര്‍ പോലും പറയുന്നത്. ശങ്കര്‍ നിര്‍മിക്കുന്ന ഇംസൈ അരസന്‍ 24ാം പുലികേശിയുടെ ഷൂട്ടിങിനിടെയാണ് വിവാദം. കോമഡി സൂപ്പര്‍താരം വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസന്‍ 24ാം പുലികേശി. ഇതിന്റെ രണ്ടാം ഭാഗത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പാര്‍വതി ഓമനക്കുട്ടനാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല സിനിമയുടെ ചിത്രീകരണവും പൂർണമായി മുടങ്ങി. വടിവേലുവിന്റെ ചില പിടിവാശികളാണ് ചിത്രീകരണം തടസ്സപ്പെടാനുള്ള കാരണമെന്നാണ് റിപ്പോർട്ട്.
മൂന്നാം തവണയാണ് ഇപ്പോള്‍ ഷൂട്ടിങ് മുടങ്ങുന്നത്. വന്‍ തുകയാണ് ചിത്രത്തിലെ നായകവേഷത്തിനായി വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടത്. ആദ്യ ഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ വടിവേലുവിനെ തന്നെ നായകനാക്കാൻ ശങ്കറും സംവിധാകനും തീരുമാനിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കകം വടിവേലു വീണ്ടും പ്രതിഫലം ഉയര്‍ത്തി ചോദിച്ചു.
ചിത്രത്തിനായി തിരഞ്ഞെടുത്ത മറ്റുതാരങ്ങൾക്കൊപ്പം അഭിനയിക്കാനും വടിവേലു വിമുഖത പ്രകടിപ്പിച്ചു. മാത്രമല്ല തന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമറെ സിനിമയ്ക്കായി നിയമിക്കണം എന്ന വടിവേലു ആവശ്യപ്പെടുകയും ശങ്കര്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ ജോലിയില്‍ തൃപ്തി തോന്നാത്തതിനാല്‍ സംവിധായകൻ പിരിച്ചുവിട്ടു. .
എന്നാല്‍ ഇതിനെതിരെ വടിവേലു ചിത്രത്തില്‍ അഭിനയിക്കാതെ പ്രതിഷേധിക്കുകയാണ്. അതോടെ ചിത്രം മുടങ്ങി. ഒരു അനുരഞ്ജനത്തിനും വടിവേലു തയാറാകുന്നില്ലെന്നും റിപ്പോർട്ട് ഉണ്ട്. ഈ സംഭവത്തോടെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനും നടികര്‍ സംഘത്തിനും ശങ്കര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടികര്‍ സംഘം വടിവേലുവിനോട് വിശദീകരണം തേടിയിരിക്കുകയാണ്.