‘വർമ’ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ കാരണം ധ്രുവിന്റെ ഡബ്സ്മാഷ് ആണെന്ന് വിക്രം. ഇന്റർനെറ്റിൽ വൈറലായ ധ്രുവിന്റെ ഡബ്സ്മാഷ് വിഡിയോ കണ്ട ശേഷമാണ് നിർമാതാവ് മുകേഷ് ആർ മേത്ത ചിത്രത്തിനായി തന്നെ വിളിക്കുന്നതെന്ന് വിക്രം പറഞ്ഞു. വർമ ടീസർ ലോഞ്ചിനിടെയായിരുന്നു വിക്രം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഈ ചിത്രം ആരംഭിക്കുന്നതിന് രണ്ടുമൂന്നു വർഷം മുമ്പേ ധ്രുവിന്റെ ഡബ്സ്മാഷ് ബാല കണ്ടിരുന്നു. ‘എടാ ഇതോടെ നിന്റെ കാര്യം തീർന്നു’ എന്നായിരുന്നു ബാല എന്നോട് പറഞ്ഞത്.’
‘ഒരുപാട് വലിയ സംവിധായകരുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബാലയുടെ പ്രത്യേകത താരങ്ങളുടെ അഭിനയശേഷി വർധിപ്പിക്കും എന്നതാണ്. അഭിനയിക്കുന്ന താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക, അത് മാത്രമാണ് ബാലയുടെ ലക്ഷ്യം.’
‘വർമ എന്ന ചിത്രത്തിലും ധ്രുവിന് അഭിനയിച്ച് ഫലിപ്പിക്കേണ്ടതായ ഒരുപാട് നിമിഷങ്ങളുണ്ട്. ഈ ചിത്രം ആര് സംവിധാനം ചെയ്താലും ഹിറ്റായിരിക്കും. എന്നാൽ ധ്രുവിന്റെ ആദ്യചിത്രം വളരെ സ്പെഷൽ ആയുള്ള ഒരാൾ സംവിധാനം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.’
‘റീമേയ്ക്ക് സിനിമകൾ ചെയ്യാത്ത സംവിധായകനാണ് ബാല. മാത്രമല്ല ബാല ആദ്യമായാണ് പുതുമുഖത്തിനെ നായകനാക്കുന്നത്. ധ്രുവിന് വേണ്ടി അദ്ദേഹം അതും ചെയ്തു. ബാലയ്ക്ക് നന്ദി പറയുന്നു. നിർമാതാവ് മുകേഷ് സാറിന്റെ കാര്യവും എടുത്തുപറയേണ്ടതാണ്.’
‘അർജുൻ റെഡ്ഢി റീമേയ്ക്കിനായി നിരവധി താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യാതൊരു പ്രതിഫലവുമില്ലാതെ ചിത്രം ചെയ്യാമെന്നു പറഞ്ഞ താരങ്ങളുമുണ്ട്. എന്നാല്‍ ഇത് ധ്രുവ് തന്നെ ചെയ്യണമെന്നു പറഞ്ഞ് മുന്നോട്ട് വന്നത് മുകേഷ് സാർ ആണ്. ധ്രുവിന്റെ ഡബ്സ്മാഷ് കണ്ടാണ് മുകേഷ് സാറും മുന്നോട്ട് വരുന്നത്.
എല്ലാ അച്ഛന്റെയും സ്വപ്നമാണ് മക്കൾ നമ്മളേക്കാൾ വലിയ ഉയരങ്ങളിലെത്തുക എന്നത്. ധ്രുവിന് അങ്ങനെയൊരു ഭാഗ്യം ലഭിച്ചത് മുകേഷ് സാർ വഴിയാണ്. ഇങ്ങനെയൊരു സിനിമ ലഭിക്കുക. നല്ലൊരു ടീം. ബാലയുടെ സംവിധാനത്തിൽ ധ്രുവ് കലക്കിയിട്ടുണ്ടെന്ന് ഉറപ്പാണ്’.–വിക്രം പറഞ്ഞു.
ബാല ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം ചെയ്യില്ലായിരുന്നെന്ന് ധ്രുവ് ചടങ്ങിൽ പറയുകയുണ്ടായി. ‘വർഷങ്ങൾക്കു മുമ്പ് ഞാൻ ചെയ്ത ഡബ്സ്മാഷ് കണ്ടാണ് നിർമാതാവ് മുകേഷ് സാർ സിനിമയിലേയ്ക്ക് പരിഗണിക്കുന്നത്. അച്ഛനെയാണ് ആദ്യം സമീപിച്ചത്. ഞാൻഅപ്പോൾ അമേരിക്കയിൽ പഠിക്കുകയായിരുന്നു. ബാല അങ്കിൾ ഇല്ലെങ്കിൽ ഈ ചിത്രം ചെയ്യില്ലെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അദ്ദേഹത്തിലുളള വിശ്വാസത്തിലാണ് അഭിനയിക്കാൻ തീരുമാനിച്ചത്.’
ബാല അങ്കിളിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. എന്നാൽ സെറ്റിൽ അദ്ദേഹം എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. ഈ സിനിമയുടെ തുടക്ക സമയത്ത് വളരെ ബുദ്ധിമുട്ട് അനുഭവിച്ചു. രണ്ടുദിവസങ്ങൾക്കു ശേഷമാണ് കാര്യങ്ങൾ ശരിയായിവന്നത്. പിന്നീട് ഞാനും ബാല സാറും അടുപ്പത്തിലായി. അങ്കിൾ പറഞ്ഞുതരുന്നത് എനിക്കും എന്റെ നിർദേശങ്ങൾ അദ്ദേഹത്തിനും മനസ്സിലായി. സേതുവിലൂടെ അച്ഛന് പുതിയ ജീവിതം നൽകിയത് ബാല അങ്കിളാണ്, അതുപോലെ വർമയിലൂടെ എനിക്കും പുതിയൊരു ജീവിതമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ’–ധ്രുവ് പറഞ്ഞു.