Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ പ്രവേശനവിലക്ക് കര്‍ശനമായത് ഈ സിനിമയുടെ ചിത്രീകരണശേഷം

sabarimala-movie

സ്‌ത്രീകൾക്കുള്ള പ്രവേശനവിലക്ക് ആചാരപരമാണെങ്കിലും, കർശനമാക്കിയത് ‘നമ്പിനോർ കെടുവതില്ലൈ...’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസിനു ശേഷം. 1986 മാർച്ച് 8 മുതൽ 13 വരെയാണു സന്നിധാനത്തു ചിത്രീകരണം നടന്നത്. 65 വർഷം മുടങ്ങാതെ അയ്യപ്പ ദർശനം നടത്തിവന്ന ഭക്‌തനായ ശങ്കരനായിരുന്നു സംവിധായകൻ.

യുവതികളായ താരങ്ങളെ മലകയറ്റി പതിനെട്ടാംപടിക്കൽ നൃത്തം ചെയ്യിച്ച് സിനിമ ചിത്രീകരിച്ചതായി കാണിച്ച് കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് തെറ്റ്‌വേലിൽ വി.രാജേന്ദ്രൻ റാന്നി കോടതിയിൽ കേസ് ഫയൽ ചെയ്‌തു. താരങ്ങളായ ജയശ്രീ, സുധാചന്ദ്രൻ, അനു (ഭാമ), വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ. ആറാം പ്രതി സംവിധായകൻ ശങ്കരൻ. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.ഭാസ്കരൻ നായർ, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്‌ണൻ, ഹരിഹരയ്യർ എന്നിവർ 7 മുതൽ 9 വരെ പ്രതികളുമായിരുന്നു. 1986 ജൂലൈയിലാണ് കേസ് കോടതിയിലെത്തിയത്. താരങ്ങൾ 1986 സെപ്‌റ്റംബറിൽ ഹാജരായി ജാമ്യമെടുത്തു.

ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഗോപാലകൃഷ്‌ണപിള്ള പ്രതികൾക്ക് 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക് 50 വയസ്സു കഴിഞ്ഞിരുന്നതിനാൽ വിട്ടയച്ചു. സംവിധായകൻ ശങ്കരനിൽനിന്ന് 7500 രൂപ ഫീസ് വാങ്ങിയാണ് സിനിമ ചിത്രീകരണത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയത്. അതിനാൽ, ദേവസ്വം ബോർഡ് ഭാരവാഹികൾക്കും കോടതി പിഴയിട്ടു. ഇതോടെ, നിയന്ത്രണം ദേവസ്വം ബോർഡ് കർശനമാക്കി.

ദേവസ്വം ഉദ്യോഗസ്‌ഥയുടെ മകൾ ആചാരം ലംഘിച്ച് എത്തിയതിനെതിരെ ഹൈക്കോടതിയിലും കേസ് വന്നു. ചങ്ങനാശേരി പുഴവാത് പുളിമൂട്ടിൽ എസ്.മഹേന്ദ്രൻ അയച്ച കത്ത് ഹർജിയായി സ്വീകരിച്ച് ജസ്‌റ്റിസ് പരിപൂർണന്റെ ബെഞ്ചാണ് 1990ൽ 10നും 50നും മധ്യേയുള്ള സ്‌ത്രീകൾക്ക് ശബരിമലയിൽ നിയന്ത്രണം കർശനമാക്കിയത്.