കോപ്പിയല്ല, വരുണിന് നന്ദി പറയും; ‘സർക്കാർ’ വിവാദങ്ങൾക്ക് അവസാനം

‘സർക്കാർ’ വിവാദങ്ങൾക്ക് അവസാനം. മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ തന്റെ കഥ കോപ്പിടയിച്ചതാണെന്ന് ആരോപിച്ച് എഴുത്തുകാരനും സഹസംവിധായകനുമായ വരുൺ രാജേന്ദ്രൻ കേസ് കൊടുത്തിരുന്നു. ഇതാണ് ഇന്ന് ഒത്തുതീർപ്പായത്.

സെങ്കോൽ എന്ന തന്റെ സിനിമയുടെ പ്രമേയവുമായി ചിത്രത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. മാത്രവുമല്ല ഈ തിരക്കഥ ഇന്ത്യന്‍ റൈറ്റേര്‍സ് അസോസ്സിയേഷനില്‍ റജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു. തിരക്കഥയുടെ ക്രെഡിറ്റും നഷ്ടപരിഹാരമായി 30 ലക്ഷം രൂപ വേണമെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

ഈ വിവാദം സിനിമയുടെ റിലീസിങിൽ ആശങ്കകളുണ്ടാക്കിയിരുന്നു. കോടതിക്ക് പുറത്തു തന്നെ പ്രശ്നം രമ്യതയിലെത്തിച്ചെന്നാണ് റിപ്പോർട്ടുകൾ.വരുൺ രാജേന്ദ്രനുമായി ചിത്രത്തിന്റെ നിർമാതാക്കൾ ഒത്തുതീർപ്പുകൾ നടത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. 

സിനിമയുടെ അവസാനം എൻഡ് ക്രെഡിറ്റിന്റെ മുപ്പത് സെക്കൻഡിൽ വരുണിന്റെ പേര് പരാമർശിക്കും. രണ്ടു ചിത്രങ്ങളുടെയും പ്രമേയം ഏകദേശം ഒന്നുതന്നെയാണെന്നാണ് മുരുഗദോസും സമ്മതിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് സംവിധായകന്‍ എ ആര്‍ മുരുഗദാസ് ട്വിറ്റെറില്‍ ഇങ്ങനെ പറയുന്നതിങ്ങനെ–തന്റെ പേരില്‍ കള്ളവോട്ടു രേഖപ്പെടുത്തുകയും ഇതിനെതിരെ പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാളുടെ കഥയാണ് ആദ്യം മനസ്സിൽ വന്നത്. ഇത് സിനിമയാക്കിയാല്‍ നന്നായിരുക്കും എന്ന് തോന്നി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ സിനിമയുടെ സ്ക്രിപ്റ്റ് എഴുതി.  എന്നാല്‍ അതിനു ശേഷമാണ് ഇതേ പ്രമേയത്തില്‍ വരുണ്‍ രാജേന്ദ്രന്‍ എന്നൊരാള്‍  സ്ക്രിപ്റ്റ് എഴുതി സൗത്ത് ഇന്ത്യന്‍ റൈറ്റേര്‍സ് അസോസ്സിയേഷനില്‍ റജിസ്റ്റര്‍ ചെയ്തതായി അറിയാൻ കഴിഞ്ഞത്.’

‘ഇത്തരത്തില്‍ ഒരു വിഷയം ആലോചിച്ച് എഴുതി, എന്നേക്കാള്‍ മുന്‍പ് റജിസ്റ്റര്‍ ചെയ്ത വരുണിന് എന്റെ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു.  ഇത്തരത്തില്‍ പ്രതിഭാധനനായ ഒരാളെ കണ്ടെത്തി ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചതിന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേര്‍സ് അസോസ്സിയേഷനോട് എന്റെ നന്ദി അറിയിക്കുന്നു.’–മുരുഗദോസ് പറയുന്നു..

വരുണിന്റെ പരാതി സ്വീകരിച്ച റൈറ്റേർസ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സമവായ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. ഭാഗ്യരാജിന്റെ മധ്യസ്ഥതയിലാണ് കാര്യങ്ങൾക്ക് അവസാനമായത്.