അഞ്ചുവർഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നു: രശ്മി ബോബൻ അഭിമുഖം
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ബോബൻ. സിനിമാ സംവിധായകൻ ബോബൻ സാമുവലിന്റെ സഹധർമിണിയായ രശ്മി നല്ലൊരു നടിയും ഒരു കുടുംബിനിയുമാണ്. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ പോലും ഭയന്നിരുന്ന താനാണ് ഇപ്പോൾ അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്നതെന്നത് തനിക്ക് തന്നെ അദ്ഭുതമാണെന്ന് രശ്മി
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ബോബൻ. സിനിമാ സംവിധായകൻ ബോബൻ സാമുവലിന്റെ സഹധർമിണിയായ രശ്മി നല്ലൊരു നടിയും ഒരു കുടുംബിനിയുമാണ്. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ പോലും ഭയന്നിരുന്ന താനാണ് ഇപ്പോൾ അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്നതെന്നത് തനിക്ക് തന്നെ അദ്ഭുതമാണെന്ന് രശ്മി
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ബോബൻ. സിനിമാ സംവിധായകൻ ബോബൻ സാമുവലിന്റെ സഹധർമിണിയായ രശ്മി നല്ലൊരു നടിയും ഒരു കുടുംബിനിയുമാണ്. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ പോലും ഭയന്നിരുന്ന താനാണ് ഇപ്പോൾ അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്നതെന്നത് തനിക്ക് തന്നെ അദ്ഭുതമാണെന്ന് രശ്മി
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ബോബൻ. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ പോലും ഭയന്നിരുന്ന താനാണ് ഇപ്പോൾ അഭിനയിക്കുന്നതെന്നത് തനിക്കു തന്നെ അദ്ഭുതമാണെന്ന് സിനിമാ സംവിധായകൻ ബോബൻ സാമുവലിന്റെ സഹധർമിണി കൂടിയായ രശ്മി പറയുന്നു. അച്ഛന്റെ കൈപിടിച്ച് എല്ലാ വെള്ളിയാഴ്ചയും തിയറ്ററിൽ പോയി കണ്ടിരുന്ന സിനിമകളാണ് സിനിമയെന്ന അദ്ഭുതലോകത്തേക്കു വലിച്ചടുപ്പിച്ചതെന്നാണ് രശ്മി പറയുന്നത്. തിരിഞ്ഞു നോക്കുമ്പോൾ, ഒരു നടി എന്ന നിലയിൽ സംതൃപ്തിയുണ്ടെന്നും കൂടുതൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ രശ്മി ബോബൻ പറഞ്ഞു.
സ്റ്റേജിൽ കയറാൻ ഭയമായിരുന്നു
അഭിനേത്രി ആകണമെന്നൊന്നും കുട്ടിക്കാലത്ത് ആഗ്രഹമില്ലായിരുന്നു. സിനിമയും സീരിയലും ഒക്കെ കാണുന്നത് ഇഷ്ടമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഗ്രൂപ്പ് ആയിട്ടുള്ള കലാപരിപാടികളിൽ ആണ് പങ്കെടുത്തിരുന്നത്. സ്റ്റേജിൽ കയറാൻ പേടിയായിരുന്നു. ആ ഞാനാണ് പത്തറുപത് ആൾക്കാറുള്ള ഒരു ക്രൂവിനു മുന്നിൽനിന്ന് അഭിനയിക്കുന്നത്. എന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണ്.
മനസ്സിനക്കരെ ആദ്യചിത്രം
അച്ഛനും അമ്മയുമൊക്കെ സിനിമാപ്രേമികൾ ആയിരുന്നു. വെള്ളിയാഴ്ച സിനിമകൾ മാറുന്ന ദിവസം അച്ഛൻ എന്നെയും അമ്മയെയും അനിയനെയും സിനിമയ്ക്കു കൊണ്ടുപോകും. അന്നുമുതൽ എനിക്ക് സിനിമ ഭയങ്കര ഇഷ്ടമാണ്. കണ്ണൂരുനിന്ന് അച്ഛന് ട്രാൻസ്ഫർ ആയി തിരുവനന്തപുരത്ത് വന്നപ്പോൾ ഒരു ടിവി ചാനലിൽ അവതാരകയായി ജോലിക്കു കയറി. അതിനു ശേഷം സീരിയലിൽ ഓഫർ വന്നു. അങ്ങനെയാണ് സീരിയൽ ചെയ്തത്. വിവാഹം കഴിഞ്ഞു മൂത്ത മകന് ഒന്നര വയസ്സായപ്പോഴാണ് സിനിമ ചെയ്യുന്നത്. ചെറിയ വേഷങ്ങളിലേക്കൊക്കെ അതിനുമുൻപു വിളിച്ചിരുന്നു. പക്ഷേ എന്റെ കംഫർട്ട് സോൺ വിട്ടു പുറത്തുപോകാൻ മടിയുണ്ടായിരുന്നു. സത്യൻ അന്തിക്കാടിനെപ്പോലെ ഒരു സംവിധായകന്റെ ഓഫർ വന്നപ്പോൾ നിരസിക്കാനായില്ല. അങ്ങനെയാണ് മനസ്സിനക്കരെയിൽ അഭിനയിക്കുന്നത്. അതാണ് എന്റെ ആദ്യ സിനിമ.
കുട്ടികളുടെ സൗകര്യം കൂടി നോക്കിയാണ് അഭിനയം
കുട്ടികൾ ചെറുതായിരുന്നപ്പോൾ അവരുടെ സൗകര്യം കൂടി നോക്കിയാണ് ഞാൻ പ്രോജക്ട് തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. ഞാൻ അഭിനയിക്കാൻ പോകുമ്പോൾ എന്റെ മാതാപിതാക്കൾ കൂടെ വന്നു നിൽക്കുമായിരുന്നു. അവരായിരുന്നു എന്റെ സപ്പോർട്ടിങ് സിസ്റ്റം. നല്ല പ്രോജക്ടുകൾ വരുമ്പോഴായിരിക്കും കുട്ടികളുടെ പരീക്ഷ നടക്കുന്നത്. അപ്പോൾ അവരെ വിട്ടിട്ട് പോകാൻ കഴിയില്ല. ഇടയ്ക്കൊരു അഞ്ചുവർഷം അഭിനയത്തിൽനിന്നു വിട്ടു നിന്നു. പിന്നെ അവർ വലുതായപ്പോൾ അവരുടെ രണ്ടുപേരുടെയും പിന്തുണയോടെയാണ് വീണ്ടും അഭിനയത്തിലേക്കു വരുന്നത്.
എനിക്കു വേണ്ടി കഥാപാത്രങ്ങൾ സൃഷ്ടിക്കാറില്ല
ബോബൻ ഏഴു സിനിമകൾ ചെയ്തു. അതിൽ ആദ്യ സിനിമയിൽ ഞാൻ വർക്ക് ചെയ്തു. ഇപ്പോൾ ഒരു പ്രോജക്ടിന് മുന്നേ ചെയ്തതിലും ഞാൻ അഭിനയിച്ചു. എനിക്കു വേണ്ടി കഥാപാത്രം ഒന്നും ഉണ്ടാക്കാറില്ല, എനിക്ക് പറ്റുന്ന കഥാപാത്രം വരുമ്പോൾ വിളിക്കും എന്നാണു വിശ്വാസം.
സിനിമയും സീരിയലും ഒരുപോലെ ഇഷ്ടം
സിനിമയും സീരിയലും എനിക്ക് ഒരുപോലെ ആണ്. കഥാപാത്രം ഏതായാലും പൂർണതയോടെ ചെയ്യുക എന്നതാണ് ലക്ഷ്യം. സിനിമയ്ക്ക് കുറച്ച് ദിവസം മാത്രമേ ഷൂട്ട് ഉണ്ടാകൂ. സീരിയലിൽ തുടർച്ചയായി ഷൂട്ട് ആയിരിക്കും, ഇത്ര എപ്പിസോഡ് പെട്ടെന്ന് തീർക്കണം എന്ന പ്രശ്നവും അവർക്കുണ്ടാകും. സിനിമയും സീരിയലും തമ്മിലുള്ള വേറൊരു വ്യത്യാസം വസ്ത്രങ്ങൾ ആണ്. സിനിമയിൽ നമ്മുടെ വസ്ത്രങ്ങളുടെ കാര്യം നോക്കാൻ ഒരു ഡിപ്പാർട്മെന്റ് തന്നെ ഉണ്ടാകും. പക്ഷേ സീരിയലിൽ കോസ്റ്റ്യൂം നമ്മൾ തന്നെ കൊണ്ടുവരണം. നമുക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് സീരിയലിന് ആവശ്യമായ വസ്ത്രം വാങ്ങുന്നത് ഒരു എക്സ്ട്രാ ചെലവ് തന്നെയാണ്.
വിനോദയാത്രയും അച്ചുവിന്റെ അമ്മയും ഇഷ്ടം
അഭിനയിച്ച സിനിമകളിൽ ഏത് കഥാപാത്രമാണ് ഇഷ്ടം എന്ന് ചോദിച്ചാൽ, സിനിമ കണ്ടിട്ട് ആളുകൾ നമ്മെ തിരിച്ചറിയുന്നത് ഏതു കഥാപാത്രമാണോ അതായിരിക്കും. അങ്ങനെ നോക്കുമ്പോൾ എനിക്ക് വിനോദയാത്ര, അച്ചുവിന്റെ അമ്മ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ഇഷ്ടമാണ്. സീരിയലിലാണ് എനിക്ക് കൂടുതൽ സ്വീകാര്യത കിട്ടിയിട്ടുള്ളത് എന്നാണ് തോന്നുന്നത്. കാരണം സീരിയൽ കുറേക്കാലം നിൽക്കുന്നതുകൊണ്ട് ആളുകളുടെ മനസ്സിൽ അവ സ്ഥിരപ്രതിഷ്ഠ നേടും.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം
ഇനിയും ചെയ്യാൻ ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയുണ്ട്. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് സീരിയലിൽ പല ഷെയ്ഡുകളുള്ള കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയിട്ടുണ്ട്, നിസ്സഹായയായത്, ബോൾഡ് ആയിട്ടുള്ളത്, ഹ്യൂമർ, അങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങൾ. ഞാൻ ഒരിക്കലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കാരണം ഞാൻ അങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്. കിട്ടുന്നതെല്ലാം സ്വീകരിക്കാതെ പലതരത്തിലുള്ള വേഷങ്ങൾ ഇടയ്ക്കിടെ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. പാവപ്പെട്ട സ്ത്രീകളുടെ വേഷങ്ങളാണ് കൂടുതൽ കിട്ടുന്നത്, അതിൽനിന്ന് വ്യത്യസ്തമായി ബോൾഡ് ആയി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്.
തിരിഞ്ഞു നോക്കുമ്പോൾ
ഒരു നടി എന്ന നിലയിൽ ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. അഞ്ചു വർഷം മുൻപ് ചെയ്ത ഒരു കഥാപാത്രം ഇപ്പോൾ കാണുമ്പോൾ, എന്താണു ചെയ്തു വച്ചിരിക്കുന്നത് എന്ന് തോന്നാറുണ്ട്. ഞാൻ മറ്റുള്ളവരെ നിരീക്ഷിക്കാറുണ്ട്, പലരിൽനിന്നും പലതും കണ്ടു പഠിക്കാൻ ശ്രമിക്കാറുണ്ട്. ഏതു കഥാപാത്രം തന്നാലും അതിനെ പൂർണമായി മനസ്സിലാക്കി ഏറ്റവും ഭംഗിയായി ചെയ്യാൻ ശ്രമിക്കാറുണ്ട്.
കുടുംബം
അച്ഛനും അമ്മയും കണ്ണൂരാണ്. അച്ഛൻ ബാങ്ക് മാനേജർ ആയിരുന്നു. അനുജനും കുടുംബവും യുകെയിലാണ്. ഞങ്ങൾ എറണാകുളത്താണ്.
മൂത്തമകൻ നിതീഷ് ജോലി ചെയ്യുന്നു. ഇളയ മകൻ ആകാശ് ഡിഗ്രി ആദ്യവർഷം പഠിക്കുന്നു.
‘നമുക്ക് കോടതിയിൽ കാണാം’
ഞാൻ അഭിനയിയിച്ച രണ്ടുമൂന്നു സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സഞ്ജിത് ചന്ദ്രസേനന്റെ സിനിമയാണ് അതിൽ പ്രധാനപ്പെട്ടത്. മറ്റുള്ളതിൽ ചെറിയ വേഷങ്ങളായിരുന്നു. ശ്യാമാംബരം എന്ന സീരിയലിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. ഏകദേശം മുന്നൂറ് എപ്പിസോഡുകൾ കഴിഞ്ഞു.