Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനു വേറൊരു സൂര്യോദയം ...

കുര്യൻ തോമസ് കരിമ്പനത്തറയില്‍
കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി
enthinu-veroru-sooryodayam

എന്തിനു വേറൊരു സൂര്യോദയം ...

നീയെൻ പൊന്നുഷ സന്ധ്യയല്ലേ

എന്തിനു വേറൊരു മധുവസന്തം ...

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും ആലപിച്ച എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങളിലൊന്ന്. ശോഭനയുടെ ഉമയ്ക്കും മമ്മൂട്ടിയുടെ നന്ദനുമൊപ്പം 22 വർഷംമുമ്പ് “മഴയെത്തും മുൻപെ” മനസിലെത്തിച്ച ഗാനം.

കോളേജ് പ്രൊഫസറായ നന്ദകുമാർ വർമ്മ (മമ്മൂട്ടി). പക്ഷാഘാതം മാറി ജീവിതത്തിലേക്ക് പതിയെ മടങ്ങിവരുന്ന പ്രതിശ്രുതവധു ഉമ (ശോഭന).  തന്റെ അധ്യാപകനായ നന്ദകുമാറിനോട് പ്രണയം തോന്നുന്ന വിദ്യാർത്ഥിനി ശ്രുതി (ആനി). 1995 മാർച്ച് 31 റിലീസായ ചിത്രം ശ്രീനിവാസനു തിരക്കഥയ്ക്കും കമലിന് സംവിധായകനും യേശുദാസിനു ഗായകനുമുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിക്കൊടുത്തു. സോളോ ആയി യേശുദാസും കെ.എസ്. ചിത്രയും പാടിയ ആത്മാവിൻ പുസ്തകത്താളിൽ... ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ ഗാനം.

ഇവിടെ പ്രണയം സാന്ത്വനമാകുന്നു. ഉഷസന്ധ്യയായി നീയുള്ളപ്പോൾ എന്തിനാണ് വേറൊരു സൂര്യോദയം! മലർവനിയായ നീ അരികിലിരിക്കെ എന്തിനാണ് മറ്റൊരു മധുവസന്തം!!

എന്തിനു വേറൊരു സൂര്യോദയം (2)

നീയെൻ പൊന്നുഷ സന്ധ്യയല്ലേ

എന്തിനു വേറൊരു മധുവസന്തം (2)

ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ

വെറുതേ … എന്തിനു വേറൊരു മധുവസന്തം

അവനു അവൾ ഈറനായ മിഴിപ്പൂക്കളുമായെത്തിയ ശ്യാമഗോപിക. അവൻറെ സാന്ത്വനവീണയിൽ രാഗലോലമാവുന്ന,  ആനന്ദനീലാംബരിയും അണയാത്ത ദീപാഞ്ജലിയുമായ അവളുടെ ജീവിതം. അംഗുലീലാളനങ്ങളിൽ ആർദ്രമാകാൻ കൊതിക്കുന്ന കാമുകീമാനസം. പ്രണയനിറവിൽ പൂക്കൾ   മൂടിയ വൃന്ദാവനവും സിന്ദൂരമണിയുന്ന രാഗാംബരവും പാടുന്ന സ്വരയമുനയും...  ഇത് കൈതപ്രം ഒരുക്കുന്ന കാവ്യബിംബങ്ങൾ പൂത്ത പ്രണയവൃന്ദാവനം.

നിന്റെ നൂപുരമർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ

നിന്റെ സാന്ത്വനവേണുവിൽ രാഗലോലമായ് ജീവിതം

നീയെന്റെയാനന്ദ നീലാംബരി

നീയെന്നുമണയാത്ത ദീപാഞ്ജലി

ഇനിയും ചിലമ്പണിയൂ ( എന്തിനു...)

മെലഡിയുടെ പൊന്നുഷസന്ധ്യയും മധുവസന്തവും തീർത്ത കൈതപ്രം ഗാനം.  ദേവദുന്ദുഭി എന്ന കൈതപ്രത്തിന്റെ തെരഞ്ഞെടുത്ത ചലച്ചിത്രഗാനങ്ങളുടെ അവതാരികയായ ‘പാട്ടിൻറെ പ്രമദവനങ്ങ’ളിൽ എം ഡി മനോജ് നിരീക്ഷിക്കുംപോലെ “കാഴ്ചയുടെയും ഭാവനയുടെയും ഓർമ്മയുടെയും ബിംബങ്ങൾ” ഈ പാട്ടിലുമുണ്ട്. കൈതപ്രത്തിൻറെ കവിത്വം വാക്കുകളിൽ അനുഭവിപ്പിച്ച പ്രണയഭാവത്തെ എസ്‌ കുമാർ ക്യാമറയിൽ വികാരതീവ്രമായ ദൃശ്യങ്ങളാക്കി. ചടുലമാണ് ഓരോ സീനിലും ഗാനരംഗത്തെ ഭാവതീവ്രമാക്കുന്ന കെ രാജഗോപാലിൻറെ എഡിറ്റിംഗ്.

മനുഷ്യജീവിതത്തെ സംഗീതത്തിലൂടെ രവീന്ദ്രൻ തൊട്ടറിയുന്ന ഗാനം. മലയാള ചലച്ചിത്രഗാന സംഗീതത്തെ കെ രാഘവൻ മുതൽ എം കെ അർജ്ജുനനും കെ ജെ ജോയിയും ശ്യാമും വരെയുള്ളവർ കൊണ്ടെത്തിച്ചിടത്തുനിന്നു ജോൺസനോടൊപ്പം താളമിട്ടു നയിച്ച സംഗീതകാരനായിരുന്നു രവീന്ദ്രൻ. സംഗീതനിരൂപകനായ രമേശ് ഗോപാലകൃഷ്ണൻ വിലയിരുത്തുന്നതുപോലെ 1980-2000 കാലഘട്ടത്തിലെ മലയാള ചലച്ചിത്രഗാനങ്ങൾ മുഖ്യമായി ഇവരുടെ ഈണത്തിനൊപ്പമാണ് പാടിയത്. ഭാരതീയ സംഗീതത്തിൻറെ  ആഴക്കടലിൽനിന്ന് കർണാടക-ഹിന്ദുസ്ഥാനി രാഗങ്ങൾകൊണ്ട് രവീന്ദ്രൻ സിനിമാഗാനങ്ങൾക്കു അതുവരെ കാണാത്ത രാഗാത്മകമായ ആസ്വാദനമുഖം സമ്മാനിച്ചു. ഒറ്റക്കമ്പിനാദം മാത്രം മൂളും ... (തേനും വയമ്പും, 1981), വികാര നൗകയുമായ്‌ ... (അമരം, 1991),  മൂവന്തി‌ താഴ്‌വരയിൽ ... (കന്മദം, 1998) പോലെ ശോകം അന്തർധാരയായ രവീന്ദ്രഗാനങ്ങളുടെ പട്ടികയിലാണ് ഈ ഗാനവും.

ഈ ഗാനത്തിനു ശുദ്ധധന്യാസി  അടിസ്ഥാനമാക്കി രവീന്ദ്രൻ മാഷൊരുക്കിയ ഈണം നൂപുരമർമ്മരം പോലെ. രാജീവം വിടരും നിന്‍ മിഴികൾ ... (ബെൽറ്റ് മത്തായി, 1983), സൗപര്ണ്ണികാമൃത ... (കിഴക്കുണരും പക്ഷി, 1991), നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു... (അഹം, 1992)  ഇവ ഇതേ രാഗത്തിൽ രവീന്ദ്രൻ തീർത്ത ജനപ്രിയഗാനങ്ങൾ. ഗാനത്തിന് അവാർഡ് ലഭിച്ചപ്പോൾ  അതിന്റെ ഈണം ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ രചിച്ച ശുദ്ധധന്യാസി രാഗത്തിലെ ഹിമഗിരി തനയെ ഹേമലതേ ... എന്ന കീർത്തനമാണെന്നു തുറന്നു സമ്മതിക്കാൻ രവീന്ദ്രൻ മടികാട്ടിയില്ല.

മലയാളത്തിലെ സംഗീതസംവിധായകരിൽ പലരും പ്രണയ, പ്രണയവിഷാദ ഭാവങ്ങൾക്കു ഈണമൊരുക്കാൻ ശുദ്ധധന്യാസി രാഗവും അടിസ്ഥാനമാക്കി. കറുത്തപെണ്ണേ ...  (അന്ന, 1964), ആമ്പൽപ്പൂവേ ... (കാവാലം ചുണ്ടന്‍, 1967), പ്രിയസഖി ഗംഗേ ...  (കുമാരസംഭവം, 1969), സംഗമം സംഗമം ... (ത്രിവേണി, 1970), മല്ലികാബാണന്‍ തന്റെ... (അച്ചാണി, 1973), മാനത്തു കണ്ണികൾ... (മാധവിക്കുട്ടി, 1973), ഇവ ജി ദേവരാജനും, പൊന്‍കിനാവിന്‍ ... (കറുത്ത പൗർണ്ണമി, 1968), മുത്തുകിലുങ്ങി ...  (അജ്ഞാതവാസം, 1973), ഇവ എം കെ അർജ്ജുനനും, രാപ്പാടിതൻ ... (ഡെയ്‌സി, 1988) ശ്യാമും ശുദ്ധധന്യാസിയിൽ തീർത്ത അനശ്വരഗാനങ്ങളിൽ ചിലത്.  മെല്ലെ മെല്ലെ ..., (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, 1987), സ്വർഗ്ഗങ്ങള്‍ സ്വപ്നം കാണും ..., (മാളൂട്ടി, 1990), പഞ്ചവർണ്ണ ... (സല്ലാപം, 1996) ഇവ ജോൺസൺന്റെയും കേവല മർത്ത്യഭാഷ ... (നഖക്ഷതങ്ങള്‍, 1986), ദും ദും ദും ദുന്ദുഭിനാദം … (വൈശാലി, 1988), കടലിന്നഗാധമാം ... (സുകൃതം, 1994), ഇവ ബോംബെ രവിയുടെയും ദേവദൂതർ പാടി ... (കാതോടു കാതോരം,1985) ഔസേപ്പച്ചൻറെയും ഈ രാഗത്തിലെ ജനപ്രിയഗാനങ്ങളാണ്.

യേശുദാസ് സോളോ ആയി ഈ ഗാനം പാടുന്നുണ്ടെങ്കിലും യേശുദാസും ചിത്രയും ചേർന്നു പാടിയ യുഗ്മഗാനമാണ് കൂടുതൽ ഹൃദ്യവും ജനപ്രിയവും. “നിന്റെ നൂപുരമർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ” എന്നും “ശ്യാമഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്”,  എന്നും പാടുമ്പോൾ യേശുദാസ് കാട്ടുന്ന ആലാപനമികവുപോലെയാണ് “നിന്റെ സാന്ത്വനവേണുവിൽ രാഗലോലമായ് ജീവിതം” എന്നും “താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം” എന്നു പാടുമ്പോൾ ചിത്ര പകരുന്ന ഭാവപൂർണ്ണിമയും. ഒടുവിൽ ഇരുവരും ഒന്നിച്ചു പാടുമ്പോൾ അത് പാടുന്ന സ്വരയമുനയാവുന്നു. രാധാമാധവ  പ്രണയസാഫല്യം കണ്ട യമുനാതീരവും വൃന്ദാവനവുമാകാം കവിമാനനസങ്ങൾക്കെന്നും  പ്രിയതരം.

കൈതപ്രത്തിൻറെ സമൃദ്ധമായ കാവ്യബിംബങ്ങൾ. സാന്ത്വന,വിഷാദഭാവങ്ങൾ മീട്ടി രവീന്ദ്രൻ. യേശുദാസിൻറെയും ചിത്രയുടെയും ഭാവതീവ്രമായ ആലാപനം. ഛായാഗ്രാഹകൻ എസ്‌ കുമാറുമായി ചേർന്ന് സംവിധായകൻ കമലൊരുക്കിയ ജീവിതമുഹൂർത്തങ്ങൾ തുടിക്കുന്ന ഫ്രെയിമുകൾ. എന്തിനു വേറൊരു സൂര്യോദയം... മലയാളികളുടെ ഇഷ്ട യുഗ്മഗാനങ്ങളിൽ ഒന്നായി മാറിയത് ഇങ്ങനെയാണ്.

ഗാനരചന: കൈതപ്രം ദാമോദരൻ

സംഗീതം: രവീന്ദ്രൻ

ആലാപനം: കെ ജെ യേശുദാസ്, കെ എസ് ചിത്ര

സിനിമ: മഴയെത്തും മുൻ‌പെ (1995)

സംവിധാനം : കമൽ