ആരാണു മലയാള സിനിമയിലെ ആദ്യ സംഗീത സംവിധായകൻ? ആദ്യ ശബ്ദചിത്രം ബാലന്റെ (1938) സംഗീതത്തിന്റെ ക്രെഡിറ്റ് രണ്ടുപേർക്കാണ്. കെ.കെ.അരൂരിനും ഇബ്രാഹിമിനും. ഹാർമോണിയം വാദകനായ ഇബ്രാഹിമിന്റെ സഹായത്തോടെ കെ.കെ.അരൂർ ഈണങ്ങൾ സൃഷ്ടിച്ചു എന്ന് ചില ചലച്ചിത്ര ചരിത്രലേഖനങ്ങളിൽ കാണുന്നു.
ബാലന്റെ ഈണങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അതിൽ അഭിനയിക്കുകയും രണ്ടു പാട്ട് പാടുകയും ചെയ്തു കെ.കെ.അരൂർ. ആലപ്പുഴ ജില്ലയിലെ അരൂർ മരയ്ക്കാൻ പറമ്പുവീട്ടിൽ കെ.കേശവപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി 1907ൽ ജനിച്ച കുഞ്ചു നായരാണു കലാരംഗത്ത് എത്തിയപ്പോൾ കെ.കെ.അരൂർ എന്ന് അറിയപ്പെട്ടത്. കലകളിലും പഠനത്തിലും മിടുക്കനായിരുന്നെങ്കിലും വീട്ടിലെ കഠിനമായ സാമ്പത്തിക ക്ലേശം കാരണം എട്ടാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.
നിത്യവൃത്തിക്കായി പല ജോലികൾ ചെയ്തു കാലംകഴിക്കവേയാണു കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ രൂപം കൊടുത്ത ‘പരമശിവ വിലാസം’ നാടക കമ്പനിയെപ്പറ്റി കേൾക്കുന്നത്. അവിടെ ചെന്നു വാരിയരെ കണ്ടു തന്റെ കലാപരമായ അഭിരുചികളെപ്പറ്റി പറഞ്ഞു. അദ്ദേഹം അവസരം നൽകി. ഒന്നാംതരം നടനായിരുന്ന കുഞ്ചു നായർ 1919 മുതൽ 18 വർഷം പരമശിവ വിലാസത്തിന്റെ 32 നാടകത്തിൽ അഭിനയിച്ചു. കൂടുതലും സ്ത്രീ വേഷങ്ങളാണു കൈകാര്യം ചെയ്തത്. കെ.കെ.അരൂർ എന്ന പരിഷ്കാരം പേരിൽ കൊണ്ടുവരുന്നത് ഇക്കാലത്താണ്.
‘ബാലനി’ൽ സംഗീതം ചെയ്യാനല്ല കെ.കെ.അരൂർ എത്തിയത്. നടനാവാൻ ആണ്. സേലം മോഡേൺ തിയറ്റേഴ്സിന്റെ സിനിമയിൽ ബാലന്റെ മുതിർന്ന കാലം അഭിനയിക്കാനാണ് അരൂരിനു നറുക്കു വീണത്. സിനിമാ ചർച്ചകൾക്കിടെ സംഗീതസംവിധാനത്തിന്റെ ചുമതല കൂടി വന്നു ഭവിക്കുകയായിരുന്നു. അന്ന് സംഗീത സംവിധാനത്തിന് അത്ര വലിയ പ്രാധാന്യം സിനിമയിൽ കൽപിച്ചിരുന്നുമില്ല. ഒക്കെയും അക്കാലത്തെ പ്രശസ്ത തമിഴ്, ഹിന്ദി ഈണങ്ങളുടെ പകർപ്പ് ആയിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്ള സിനിമകളിലൊന്നുകൂടിയാണു ബാലൻ. 23 എണ്ണം. ഗാനരചന– മുതുകുളം രാഘവൻപിള്ള.
രണ്ടാമത്തെ മലയാള ശബ്ദചിത്രമായ ‘ജ്ഞാനാംബിക’യിലെ (1940) വില്ലനായി അഭിനയിച്ചതും മറ്റാരുമല്ല. ജ്ഞാനാംബികയ്ക്കുശേഷം അദ്ദേഹം അക്കാലത്തു പ്രസിദ്ധമായിരുന്ന ‘ഹരികഥ’ എന്ന കലാരൂപത്തിലേക്കു തിരിഞ്ഞു. (കഥാപ്രസംഗത്തിന്റെ ആദ്യ രൂപമാണു ഹരികഥ). സംഗീതാധ്യാപകനുമായി. ഇടക്കാലത്തു കേരള കേസരി, ജനോവ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
കടയ്ക്കാവൂർ എസ്.എസ്. നടനസഭ, വൈക്കം ഓം ശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂർ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദയ നടനസഭ തുടങ്ങിയ നാടക സമിതികളിലും അഭിനേതാവയിരുന്നു. 1964ൽ പുറത്തിറങ്ങിയ ‘കുടുംബിനിയി’ലാണ് അവസാനമായി അഭിനയിച്ചത്.