ആകസ്മികതയുടെ സൗന്ദര്യം എത്രയോ ആലോചനാമൃതമാണ്. ഒരു മറവിയുടെ കുറവു നികത്താനായി തട്ടിക്കൂട്ടിയ സൃഷ്ടി വൻ ജനപ്രീതി നേടുകയും ഒരു ജനതയുടെ ആത്മഗാനമായി മാറുകയും ചെയ്യുക!
1992ൽ കൊല്ലം കരുനാഗപ്പള്ളിക്കടുത്തുള്ള ആലപ്പാട് പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണു യുവകലാസഹിതിയുടെ നേതൃത്വത്തിൽ ഇതിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് അഴീക്കൽ മുതൽ പണ്ടാരത്തുരുത്തു വരെ 17 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു കായൽയാത്ര നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രമുഖ കലാകാരന്മാരും പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്ത ആ യാത്രയ്ക്കുവേണ്ടി ഒരു ഗാനമെഴുതാൻ ഒരു കവിയെ സംഘാടകർ ചുമതലപ്പെടുത്തി.
സമയമായപ്പോൾ കവി പാട്ടെഴുതുന്ന കാര്യം മറന്നുപോയി. എന്തുചെയ്യും? പകരമായി കെപിഎസി നാടകഗാനങ്ങൾ പാടിക്കൊണ്ടു ജാഥ മുന്നേറി. ഇത്ര സാമൂഹിക പ്രസക്തിയുള്ള ഒരു കലാജാഥയ്ക്കു സ്വന്തമായി ഒരു പാട്ടില്ലാതെ പോയതിൽ സംഘാംഗങ്ങൾക്കെല്ലാം വിഷമം. ഒഎൻവി കുറുപ്പിനെപ്പോലുള്ള മുൻനിര സാംസ്കാരിക പ്രവർത്തകരാണു ജാഥയിൽ പങ്കെടുക്കുന്നത്.
സംഘാംഗങ്ങളും കവികളുമായ ഇടക്കുളങ്ങര ഗോപനും ഇഞ്ചക്കാട് ബാലചന്ദ്രനും ഈ വിഷയം പരസ്പരം സംസാരിച്ചു. ഗോപന്റെ നിർദേശപ്രകാരം ബാലചന്ദ്രൻ ആ ചങ്ങാടത്തിൽവച്ച് ഒരു ഗാനം പെട്ടെന്നു തട്ടിക്കൂട്ടി.
‘ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?
മലിനമായ ജലാശയം
അതിമലിനമായൊരു ഭൂമിയും...’
ആദ്യ നാലുവരി എല്ലാവർക്കും ഇഷ്ടമായി അതിനു ചുവടെ ആലപ്പാട് പഞ്ചായത്തിന്റെ മാലിന്യപ്രശ്നങ്ങൾ വിവരിക്കുന്ന വരികൾ ബാലചന്ദ്രൻ എഴുതി. അദ്ദേഹം തന്നെ നൽകിയ ഈണത്തിൽ ഗായകസംഘം അതു പാടി. ജാഥയും ഗാനവും വൻ ജനപ്രീതി നേടി.
രണ്ടുവർഷം കഴിഞ്ഞു തിരുവല്ലയിലെ ‘ഡൈനമിക് ആക്ഷൻ’ എന്ന കൂട്ടായ്മയുടെ പാട്ടുകളരിയിൽ വച്ചു താൻ പണ്ടു ചങ്ങാടത്തിൽ വച്ചു പെട്ടെന്നു പാട്ടെഴുതേണ്ടിവന്ന അനുഭവം ബാലചന്ദ്രൻ പങ്കുവച്ചു. ആ ഗാനത്തിലെ ആദ്യ നാലുവരി മാത്രമേ അദ്ദേഹം അപ്പോൾ ഓർമിച്ചിരുന്നുള്ളൂ. അതു പാടിക്കഴിഞ്ഞപ്പോൾ ബാക്കി പൂരിപ്പിക്കാൻ പാട്ടുകളരിയിലെ അംഗങ്ങളുടെ സ്നേഹപൂർവമായ നിർബന്ധം. പഴയ വരികളെല്ലാം മറന്ന ബാലചന്ദ്രൻ പുതിയ വരികളെഴുതി ആ ഗാനം പൂരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണമായിരുന്നു ആ വരികളുടെയും പ്രമേയം.
ഡൈനമിക് ആക്ഷൻ മൂന്നു കസെറ്റുകളിലായി ഇറക്കിയ ‘ജനകീയ ഗാനങ്ങൾ’ എന്ന ആൽബത്തിൽ ഈ ഗാനവും ഉൾപ്പെടുത്തി. ജോൺസൺ എന്ന ഗായകനാണ് അതു പാടിയത്. ബാലചന്ദ്രന്റെ ഈണം ചിട്ടപ്പെടുത്തിയതു പാങ്ങോട് രാധാകൃഷ്ണൻ.
കസെറ്റിലൂടെ ഗാനം വൻ ജനപ്രീതി നേടി. അതിജീവനത്തിന്റെ സന്ദേശം പകരുന്ന ഈ ഗാനം എല്ലാ മലയാളി പരിസ്ഥിതിസ്നേഹികളുടെയും ‘ദേശീയഗാന’മായി മാറുകയായിരുന്നു.
ഇതിന്റെ വിഡിയോ യുട്യൂബിൽ എത്തിയതോടെ ഗാനം ആഗോളപ്രശസ്തമായി. ആദിവാസികൾ തിരുവനന്തപുരത്ത് നടത്തിയ നിൽപ്പുസമരത്തിനു പിന്തുണയുമായി ഫോർട്ട് കൊച്ചിയിൽ ഒരുക്കിയ സമരവേദിയിൽ രശ്‌മി സതീഷ് എന്ന ഗായിക ‘ഇനി വരുന്നൊരു തലമുറയ്ക്ക്...’ ആലപിച്ചതു ബിജിത് ചന്ദ്രൻ എന്ന സുഹൃത്ത് മൊബൈലിൽ പകർത്തി യുട്യൂബിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു.
ഇനി വരുന്നൊരു തലമുറയ്ക്ക്... എന്ന ഗാനം ജീവിതത്തിലേക്കു കടന്നുവന്നതിനെപ്പറ്റി രശ്‌മി പറയുന്നു: ‘വയനാട്ടിൽ എംഎസ്‌ഡബ്ല്യു പഠിച്ചിരുന്ന സമയത്ത് ‘കനവ്’ എന്ന സമാന്തര പാഠശാല സന്ദർശിച്ചു. അവിടെനിന്നു കാടു കാണാൻ പോയപ്പോൾ കൂടെ വന്നതു ചാത്തി എന്ന ആദിവാസി ബാലൻ ആയിരുന്നു. കാടു കണ്ടു നടന്ന സമയത്തു ചാത്തി ഈ പാട്ടു പാടിക്കൊണ്ടിരുന്നു. പാട്ട് ആദ്യമായി കേൾക്കുന്നത് അന്നാണ്,
‘കനവി’ൽനിന്നു മടങ്ങും മുൻപേ ഈ ഗാനം മനസ്സിൽ കൂടുകൂട്ടിയിരുന്നു. ‘ട്വൽത്ത് അവർ സോങ്’ എന്ന പേരിൽ ഈ ഗാനം ചിത്രീകരിച്ചു ശബ്‌ദം നൽകി. അങ്ങനെയിരിക്കെയാണ് ഫോർട്ട്കൊച്ചിയിൽ ആദിവാസി സമരപ്പന്തലിൽ ഈ ഗാനം ആലപിച്ചത്.’
വികസനമെന്ന പേരിൽ അന്ധമായ പ്രകൃതിചൂഷണം നടത്തുന്നവരുടെ മനസ്സിൽ ഒരു നിമിഷാർധത്തിലേക്കെങ്കിലും ഒരു ചോദ്യമായി മാറാൻ കഴിയുന്നു എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ‘ഇനി വരുന്നൊരു തലമുറയ്ക്ക്’ എന്ന ആദ്യ വരി കേൾക്കുമ്പോൾ തന്നെ സ്വന്തം കുഞ്ഞുങ്ങളുടെ സുന്ദരമുഖം ഏതൊരു കഠിനഹൃദയന്റെയും മനസ്സിൽ തെളിയും. ഈ വൈകാരികാംശം പാട്ടിന്റെ ജനപ്രീതിക്കു വലിയ ഘടകമായി.
‘അതിജീവനത്തിന്റെ രാഷ്ട്രീയം പറയുന്ന ഗാനമാണിത്’ ബാലചന്ദ്രൻ തന്റെ സൃഷ്ടിയെ ഇങ്ങനെ വിലയിരുത്തുന്നു. ‘ഞാനെഴുതിയ ഏറ്റവും നല്ല ഗാനം ഇതാണെന്ന് അഭിപ്രായമില്ല. ഈ വിഷയം ഇതിലും നന്നായി പറയുന്ന കവിതകൾ ഞാൻ രചിച്ചിട്ടുണ്ട്. പക്ഷേ, പല കാരണങ്ങൾ കൊണ്ടും ജനങ്ങളിലേക്കു കൂടുതൽ എത്തിയത് ഈ ഗാനമാണെന്നു മാത്രം. ഇപ്പോൾ ഞാൻ പുതിയ കവിതകൾക്കാണു വേദികളിൽ ഊന്നൽ കൊടുക്കുന്നത്.’ ബാലചന്ദ്രൻ പറഞ്ഞു.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ താലൂക്ക് ഓഫിസറായി വിരമിച്ച ബാലചന്ദ്രൻ ‘അശ്വാരൂഢൻ’ (സംഗീതം–ജാസി ഗിഫ്റ്റ്), ‘ശുദ്ധരിൽ ശുദ്ധൻ’ (ജയ്സൺ ജെ. നായർ) എന്നീ സിനിമകൾക്കും ഗാനങ്ങളെഴുതി. ഇതിൽ അശ്വാരൂഢനിൽ ജാസി ഗിഫ്റ്റും അഖില ആനന്ദും ചേർന്ന് ആലപിച്ച ‘അഴകാലില മഞ്ഞച്ചരടിലെ പൂത്താലി...’ എന്ന ഗാനം സൂപ്പർഹിറ്റായി. കഥ പറയും മുത്തച്ഛൻ, നരോപനിഷത്ത് എന്നീ സിനിമകൾ സംവിധാനം ചെയ്ത ബാലചന്ദ്രൻ ‘പാങ്കായി വേലത്താൻ’ എന്നൊരു സിനിമയുടെ പണിപ്പുരയിലാണ്. ബാലചന്ദ്രന്റെ ‘മിറുഗം’ എന്ന പുതിയ കവിതയും മനുഷ്യൻ എത്തിച്ചേർന്ന മനുഷ്യത്വരഹതിമായ അവസ്ഥയോടുള്ള പ്രതികരണമാണ്.