ഗായികയെന്നാൽ മധുരശബ്ദത്തിനുടമ എന്ന സ്ഥിരം സങ്കൽപ്പങ്ങൾ മാറ്റി എഴുതിക്കൊണ്ട് ഉറുമിയിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച ആളാണ് രശ്മി സതീഷ്. ചാപ്പ കുരിശ്, ബാച്ച്‌ലർപാർട്ടി, മാറ്റിനി, സൗണ്ട് തോമ, റാസ്പുട്ടിൻ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുള്ള രശ്മി മമ്മൂട്ടിക്ക് വേണ്ടി പാടാനൊരുങ്ങുകയാണ്. മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന് വേണ്ടിയാണ് രശ്മി പാട്ടുപാടുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
മഴയെത്തും മുൻപേ, അഴകിയ രാവണൻ, രാപ്പകൽ, കറുത്തപക്ഷികൾ എന്നീ സിനിമകളിലൂടെ മമ്മൂട്ടിക്ക് ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ച കമലും മമ്മൂട്ടിയും എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ജുവൽ മേരിയാണ് നായിക. പത്തേമാരിക്ക് പിന്നാലെ ജൂവൽ വീണ്ടും മമ്മൂട്ടിയുടെ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. ആമേൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി എസ് റഫീഖിന്റേതാണ് തിരക്കഥ.
മമ്മൂട്ടിയേയും ജുവലിനേയും കൂടാതെ കെപിഎസി ലളിത, ജോയ് മാത്യു,സുനിൽ സുഖദ,സാജു നവോദയ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യസ്വഭാവത്തിലുള്ളതാണ് ചിത്രം. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഗ്രാന്റേ ഫിലിം കോർപ്പറേഷൻസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ബാനറായ പ്ലേ ഹൗസ് ആണ് തിയറ്ററുകളിലെത്തിക്കുക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.