‘ഇപ്പോൾ ഇടയ്ക്കിടെ എന്റെ മനസ്സിൽ ഒരു ചിന്ത വിരിയുന്നുണ്ട് –നീ എനിക്കുള്ളതാണെന്ന്, നക്ഷത്രങ്ങൾക്കിടെ ജീവിച്ചിരുന്ന നീ ഭൂമിയിലേക്ക് ക്ഷണിക്കപ്പെട്ടതുതന്നെ എനിക്കുവേണ്ടിയാണെന്ന്.’
രചനയാണോ സംഗീതമാണോ ആലാപനമാണോ മാധുര്യമേറിയത് എന്നു വേർതിരിച്ചറിയാതെ ഇന്ത്യൻ സംഗീതാസ്വാദകർ വിസ്മയിച്ചു നിന്നു ഈ ഗാനത്തിനു മുന്നിൽ–
‘കഭീ കഭീ മേരേ ദിൽ മേ
ഖയാൽ ആതാ ഹേ...’
ഫിലിം ഫെയർ അവാർഡ് കമ്മിറ്റിക്ക് ഈ സംശയം ഇല്ലായിരുന്നു. അതുകൊണ്ട് അവർ വിധിയെഴുതി– മൂന്നും ഒരുപോലെ മികച്ചത്. അങ്ങനെ 1976ലെ മികച്ച രചന, സംഗീതം, ആലാപനം എന്നീ മൂന്ന് പുരസ്കാരങ്ങളും ‘കഭീ കഭീ’ (സംവിധാനം–യഷ് ചോപ്ര) എന്ന ചിത്രത്തിലെ ‘കഭീ കഭീ മേരേ ദിൽ മേ...’ എന്ന ഗാനത്തെ തേടിയെത്തി. യഥാക്രമം സാഹിർ ലുധിയാൻവി, ഖയ്യാം, മുകേഷ് എന്നിവർക്ക്. തരംഗമായിരുന്നു കഭീ കഭീ... . ഇതൊന്നു മൂളാത്തവർ രാജ്യത്ത് ഇല്ലെന്നു പറയാം. ആർക്കും പാടാവുന്ന ഈണവും അത്യന്തം കാൽപ്പനികമായ അർഥവും ഏതു ഹൃദയത്തെയാണു കവിതയാക്കാത്തത്. അതുകൊണ്ടുതന്നെ എത്ര ഭാഷകളിൽ, എത്ര സിനിമകളിൽ ഈ ഗാനം പിന്നീട് ഉപയോഗിച്ചു എന്നു കണക്കില്ല. മലയാളത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ‘മായാമയൂര’ത്തിൽ ചിത്രയുടെ ശബ്ദത്തിലും നാമിതു കേട്ടു. രംഗത്ത് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതു രേവതിക്ക്. ഉപകരണ സംഗീത വിദഗ്ധരുടെയും യുവജനോൽസവ വേദികളുടെയും എക്കാലത്തെയും പ്രിയഗാനം കൂടിയാണിത്.
ഇതാണ് ഓരോന്നിനും ഓരോ വിധിയുണ്ട് എന്നു പറയുന്നത്. അല്ലെങ്കിൽ 1950ൽ പുറത്തിറങ്ങേണ്ടതായിരുന്നു ഈ പാട്ട്. ഖയ്യാം തന്നെ സംഗീതം നൽകി ഗീതാ ദത്തയും സുധാ മൽഹോത്രയും പാടി റിക്കോർഡ് ചെയ്തതുപോലുമാണ്. പക്ഷേ, ചേതൻ ആനന്ദിന്റെ ചിത്രം പുറത്തിറങ്ങിയില്ല. അതുകൊണ്ടു പാട്ടും ഉപേക്ഷിക്കപ്പെട്ടു. എന്തായാലും കാൽ നൂറ്റാണ്ടിനുശേഷം പാട്ടിന്റെ പുനർജനി മുകേഷിനും അമിതാഭ് ബച്ചനും ഗുണമായി. അവരുടെ പ്രശസ്തിക്കു ചിറകാകാനായിരുന്നു ഈ ഗാനത്തിന്റെ വിധി. മുകേഷ് എന്ന വിഷാദഗായകന്റെ പേരു കേൾക്കുമ്പോൾത്തന്നെ മനസ്സിൽ വരുന്ന ആദ്യപാട്ടാണു കഭീ കഭീ. അതുപോലെ ബച്ചൻ അവതരിപ്പിച്ച ഗാനങ്ങളിൽ ഏറ്റവും മികച്ച പ്രണയാർദ്ര ഗാനവും ഇതുതന്നെ. ലതാ മങ്കേഷ്കറും മുകേഷും ചേർന്നു പാടുന്ന യുഗ്മഗാനത്തിന്റെ മറ്റൊരു ട്രാക്കും ചിത്രത്തിലുണ്ട്. രണ്ടു ട്രാക്കും ഒരുപോലെ പ്രസിദ്ധമായി. യുഗ്മഗാനത്തിൽ രാഖിയും ശശി കപൂറും അഭിനയിക്കുന്നു. വിവാഹ രാത്രിയിൽ മണിയറയുടെ പശ്ചാത്തലത്തിലാണ് യുഗ്മഗാനം.
മഞ്ഞുവീണ കശ്മീർ താഴ്‌വരയിൽ ബച്ചനും രാഖിയും ചേർന്ന മുകേഷിന്റെ ട്രാക്കിനു ദൃശ്യഭംഗി ഏറിയിരിക്കുന്നു. ഹൃദയം കൊളുത്തി വലിക്കുന്ന ആലാപനവും. ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ ഏറ്റവും മികച്ച പ്രണയരചനകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ ഗാനം സത്യത്തിൽ സിനിമയ്ക്കുവേണ്ടി എഴുതിയതല്ല. താൻ എഴുതിയ ഒരു ഉറുദു കവിതയിലെ ഏതാനും വരികൾ സിനിമാഗാനത്തിനായി സാഹിർ ലുധിയാൻവി ഹിന്ദിയിലേക്കു മാറ്റി നൽകിയതാണ്. കവിത കൂടുതൽ തത്ത്വചിന്താപരവും സിനിമാപാട്ട് കൂടുതൽ കാൽപ്പനികവുമായി.
രചനയുടെ കാര്യത്തിൽ ഒരു ഒത്തുതീർപ്പിനു തയാറാകാത്ത കണിശക്കാരനായിരുന്നു ലുധിയാൻവി. ഒരുപക്ഷേ, രചയിതാവിന്റെ അന്തസ്സിനെ ഇത്രയേറെ ഉയർത്തിപ്പിടിച്ച മറ്റൊരു ഗാനരചയിതാവ് മറ്റൊരു ഭാഷയിലും ഉണ്ടായിരുന്നില്ലെന്നു പറയാം. പാട്ടിന്റെ ആത്മാവ് അതിലെ സാഹിത്യമാണെന്നു വിശ്വസിച്ച അദ്ദേഹം ഒരുപാട്ടുപോലും ട്യൂണിട്ടശേഷം എഴുതാൻ തയാറായില്ല. എന്നിട്ടും ആ പിടിവാശിക്കു മുന്നിൽ ബോളിവുഡ് ക്യൂ നിന്നു. അത്ര ഉന്നതമായിരുന്നു ആ രചനാഗുണം. 1963ൽ താജ്മഹലിൽ അദ്ദേഹത്തിന് ആദ്യ ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത ‘ജൊ വാദാ കിയാ വോ...’ കേൾക്കാൻ ദൂരദർശനിലെ ചിത്രഹാറിനായി കാത്തിരുന്ന എത്രയോ ബാല്യകൗമാര ദിനങ്ങൾ ഇന്നത്തെ മധ്യവയസ്ക്കർക്കുണ്ട്!
അബ്ദുൽ ഹായി എന്നായിരുന്നു ഈ അഭിമാനിയുടെ യഥാർഥ പേര്. ഇന്ത്യാ വിഭജനകാലത്ത് ‘മതേതര ഇന്ത്യയെ ഇഷ്ടപ്പെടുന്നു’ എന്നു പ്രഖ്യാപിച്ചു പാക്കിസ്ഥാനിൽനിന്നു കുടിയേറിയാണു ബോളിവുഡിൽ താരമായത്. എഴുത്തുകാരനാണ് ഏറ്റവും വലുതെന്ന് എക്കാലവും വാദിച്ചിരുന്ന സാഹിറിന്റെ പ്രതിഫലത്തിലും ഈ വാശി പ്രകടമായിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ തുക വാങ്ങിയിരുന്നതു ലതാ മങ്കേഷ്കർ ആയിരുന്നു. ‘ലതയെക്കാൾ ഒരു രൂപ കൂടുതൽ’ – ഇതായിരുന്നു സാഹിർ ആവശ്യപ്പെട്ടിരുന്ന പ്രതിഫലം. ആകാശവാണിയിൽ പാട്ടിനൊപ്പം ഗായകരുടെയും സംഗീത സംവിധായകന്റെയും പേരു മാത്രമേ പറഞ്ഞിരുന്നുള്ളൂ. രചയിതാവിന്റെ പേര് പറയുന്ന സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ശക്തമായ നിലപാടിനെ തുടർന്നാണ്. വിവാഹത്തിൽ വിശ്വസിച്ചിരുന്നില്ല. പ്രശസ്ത പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതവും ഗായിക സുധാ മൽഹോത്രയും ഓരോ കാലത്ത് കൂട്ടുകാരികളായിരുന്നു. ജീവിതം ആഘോഷമാക്കിയ ഈ ചെയിൻ സ്മോക്കർ 59–ാം വയസ്സിൽ ഓട്ടം നിലച്ച ഹൃദയം ഉപേക്ഷിച്ചു നക്ഷത്രലോകത്തേക്കു യാത്രയായി. കൂടുതൽ സുന്ദരികളെ തേടി.