എങ്ങോ പോയി മറഞ്ഞ വസന്തകാലത്തിന്റെ സ്മരണയാണ് അനശ്വര ഗായകൻ മുകേഷിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ മനസിലേയ്ക്ക് ഓടി എത്തുന്നത്, ഇന്ന് മുകേഷിന്റെ 92-ാം ജന്മദിനം. മുകേഷ് ചന്ദ് മാതുർ എന്ന മുകേഷ് ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ചത് അനശ്വര ഗാനങ്ങളാണ്. കയ് ബാർ യുഹി ദേഖാ ഹേ, കഭീ കഭീ മേരെ ദിൽ മേ, സബ് കുച്ച് സീകാ ഹു ഹമ്‌നേ, മേ ഹു മസ്ത് മദാരി, ഹം നേ തും കോ പ്യാർ കിയാഹേ ജിത്‌ന തുടങ്ങി എത്രയെത്ര ഹിറ്റ് ഗാനങ്ങളാണ് മുകേഷിൽ നിന്ന് ഹിന്ദി സിനിമാ ലോകത്തിന് ലഭിച്ചിട്ടുള്ളത്.
1923 ജൂലൈ 23ന് ദില്ലിയിലെ ഇടത്തരം കുടുംബത്തിലാണ് മുകേഷിന്റെ ജനനം. കെ എൽ സൈഗാളിന്റെ ആരാധകനായിരുന്ന മുകേഷ്, അദ്ദേഹത്തിന്റെ പാട്ടുകൾ കാണാതെ പഠിച്ച് പാടിയിരുന്നു. ഒരു വിവാഹച്ചടങ്ങിൽ പാടുന്നതിനിടയിലാണ് മുകേഷിലെ ഗായകനെ നടൻ മോട്ടിലാൽ ശ്രദ്ധിച്ചത്. അദ്ദേഹമാണ് മുകേഷിനെ ഹിന്ദി സിനിമയിലേക്ക് കൊണ്ടുവന്നത്. മുംബൈയിലെത്തിയ മുകേഷ് പണ്ഡിറ്റ് ജഗൻനാഥ പ്രസാദിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. 1941ൽ പുറത്തിറങ്ങിയ നിർദോഷ് എന്ന ചിത്രത്തിൽ പാടാനും അഭിനയിക്കാനുമുള്ള അവസരം അദ്ദേഹത്തെ തേടി എത്തി. 1945 ൽ പുറത്തിറങ്ങിയ പെഹലി നസർ എന്ന ചിത്രമാണ് മുകേഷ് എന്ന ഗായകനെ ബോളിവുഡിൽ പ്രശസ്തനാക്കിയത്.
Best Of Mukesh
നേർത്ത വിഷാദമുള്ള ശബ്ദത്താൽ ഹിന്ദി സിനിമാ സംഗീതലോകത്തെ മുകേഷ് തന്റെ ആരാധകരാക്കി മാറ്റി. മുകേഷിന്റെ ഗാനങ്ങളെക്കുറിച്ചു പറയുമ്പോൾ രാജ് കുമാറിനെ ഒരിക്കലും വിസ്മരിക്കാനാവില്ല. അക്കാലത്തെ സൂപ്പർനായകൻ രാജ്കുമാറിന്റെ സ്ഥിരം ശബ്ദമായിരുന്നു മുകേഷിന്റേത്. നീൽ കമൽ എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് മുകേഷ് രാജ്കപൂർ ജോഡി തുടങ്ങുന്നതെങ്കിലും ഇരുവരുടേയും ആദ്യത്തെ ഹിറ്റ് 1948 ൽ പുറത്തിറങ്ങിയ ആഗ് ആയിരുന്നു. ആഗിന് ശേഷം മുകേഷ് രാജ്കപൂർ ജോഡിയുടെ വസന്തകാലമായിരുന്നു. മേരാ നാം ജോക്കർ, അനാഡി തുടങ്ങിയ മ്യൂസിക്കൽ ഹിറ്റുകളായ നിരവധി ഗാനങ്ങൾ ഇവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
1974 ൽ പുറത്തിറങ്ങിയ രജ്‌നിഗന്ധ എന്ന ചിത്രത്തിലെ കയ് ബാർ യുഹി ദേഖാ ഹേ എന്ന ഗാനം ആലപിച്ചതിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 1976 ആഗസ്റ്റ് 27ന് തന്റെ 53-ാം വയസിൽ അന്തരിക്കുമ്പോൾ ബോളീവുഡിന് നഷ്ടപ്പെമായത് ഗാനങ്ങളുടെ ഒരു വസന്തത്തെയായിരുന്നു.