ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ കാണികളെ ആകർഷിക്കുന്ന ക്രിക്കറ്റ് കളിക്കാരനാണ് സുരേഷ് റെയ്‌ന. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറിയ സുരേഷ് റെയ്‌ന ഇനി പിന്നണിഗായകൻ. സീഷാൻ ഖ്വാദ്രി സംവിധാനം ചെയ്യുന്ന മീരട്ടിയ ഗ്യാങ്‌സ്റ്റേഴ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് റെയ്‌ന ഗാനം ആലപിക്കുന്നത്.
ചിത്രത്തിലെ ഓഡിയോ പുറത്തിറക്കിക്കൊണ്ടാണ് ഗാനം ആലപിച്ച വിവരം റെയ്‌ന വെളിപ്പെടുത്തിയത്. ചിത്രത്തിന് വേണ്ടി ഒരു മനോഹര മെലഡിയാണ് ആലപിച്ചത് എന്നും ക്രിക്കറ്റ് തന്റെ പാഷനാണെങ്കിലും സംഗീതം എന്നും തന്റെ കൂടെയുണ്ടെന്നുമാണ് ചിത്രത്തിലെ സംഗീതം പുറത്തിറക്കിക്കൊണ്ട് റെയ്‌ന പറഞ്ഞത്. ഗ്യാങ്‌സ് ഓഫ് വാസേപൂറിന്റെ സഹതിരക്കഥാകൃത്തായ സീഷൻ ഖ്വാദ്രി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മീരട്ടിയ ഗ്യാങ്‌സ്റ്റേഴ്‌സ്.
മീരട്ടിലെ അധോലോകത്തെ ആറ് ഗുണ്ടകളുടെ കഥപറയുന്ന ക്രൈം കോമഡി ചിത്രമാണ് മീരട്ടിയ ഗ്യാങ്‌സ്റ്റേഴ്‌സ്. സീഷാൻ ഖ്വാദ്രി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജയ്ദീപ് അലാവാട്ട്, ആകാശ് ദഹിയ, വാൻഷ് ഭരദ്വാജ്, ചന്ദ്രച്ചൂർ റായ്, ഷദാബ് കമൽ, ജതിൻ ഷർന, നുസ്രാത്ത് ഭരൂച്ച, ഇഷിറ്റ ശർമ്മ, സഞ്ജയ് മിശ്ര, മുകുൽ ദേവ്, ബ്രിജേന്ദർ കാല, മൽഖാൻ, അലോക് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രതീക് ഗ്രൂപ്പിന്റെ ബാനറിൽ പ്രശാന്ത് തിവാരി, പ്രതീക് തിവാരി, ഷൊയിബ് അഹമ്മദ്, സീഷൻ ഖ്വാദ്രി, പ്രിയങ്ക ബാസി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.