പ്രായത്തിന്റെ ആകുലതകളെ മറന്ന് വേദികളിൽ സജീവമാണ് ഇന്ത്യയുടെ മെലഡി ക്യൂൻ ആശാ ഭോസ്ലെ. യു എസിൽ തന്റെ 82-ാം ജന്മദിനം ആഘോഷിച്ച ആശാജി 13 ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന പരിപാടിക്കാണ് അമേരിക്കൻ ഐക്യനാടുകളിലെത്തിയത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ബോളീവുഡിന്റെ മെഡലി ക്യൂനായി വാഴുന്ന ആശാജിക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് സമൂഹത്തിന്റെ നാനാതുറയിൽ നിന്നാണ് ആളുകൾ എത്തിയത്.
Happy Birthday Asha.pic.twitter.com/AMPvJ79M8w
— Lata Mangeshkar (@mangeshkarlata) September 7, 2015
പഴയകാല ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആശയുടെ സഹോദരിയും ബോളീവുഡിന്റെ വാനമ്പാടിയുമായ ലതമങ്കേഷ്‌കർ ട്വിറ്ററിലൂടെ ജന്മദിനം ആശംസിച്ചത്. മറാത്ത നാടകവേദിയിലെ നടനും ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി ജനിച്ച ആശ, ചേച്ചി ലതമങ്കേഷ്‌കരുടെ പാത പിന്തുടർന്നാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. 1943 ൽ മജാബാൽ എന്ന മറാത്തി ചിത്രത്തിലെ ചിത്രത്തിലെ ചലാ ചലാ നവ്ബാല എന്നതായിരുന്നു ആശയുടെ ആദ്യ പിന്നണിഗാനം. 1948ൽ റിലീസായ 'ചുനാരിയ എന്ന ചിത്രത്തിൽ പാടിക്കൊണ്ട് പിന്നണി ഹിന്ദി സിനിമയിൽ പ്രവേശിച്ച ആശ പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ബോളീവുഡിന് സമ്മാനിച്ചിട്ടുള്ളത്.
ഗ്രാമിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്ലെ. ഏറ്റവും അധികം ഗാനങ്ങൾ റിക്കോർഡ് ചെയ്തിട്ടുള്ള ഗായിക എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ആശാജിക്ക് 2000ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരവും 2008 പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകളാണ് ആശാജി ആലപിച്ചിരിക്കുന്നത്.