മരണത്തെക്കാള്‍ അതിജീവനത്തെ പേടിച്ചിരുന്നിരിക്കാം, അതുകൊണ്ടാകാം അയാള്‍ മകള്‍ക്കൊപ്പം കടന്നുപോയത്

ഭക്ഷണം കഴിക്കുമ്പോള്‍ ഏറ്റവും നന്നായി കഴിക്കണം, സങ്കടം വരുമ്പോള്‍ തീവ്രമായി കരയണം, വിഷമിക്കുന്നെങ്കിലും ചിരിക്കുന്നെങ്കിലും എന്തിന് ഷോപ്പിങ് ചെയ്യുന്നെങ്കിലും അങ്ങനെയാകണം. എന്തും ഏതും അതിന്റെ അങ്ങേയറ്റത്തെ ഭംഗിയോടെ ആസ്വദിക്കണം. കണ്ടു കൊണ്ടു ചിരിച്ച, ഹൃദയംകൊണ്ടു സ്‌നേഹിക്കപ്പെട്ടവന്‍. ബാലഭാസ്‌കറിനെ കുറിച്ചെഴുതുമ്പോള്‍ ഒരു അലങ്കാരത്തിനപ്പുറം തന്നെ ആത്മാര്‍ഥമായി പറയാനാകും. വാക്കുകള്‍ക്ക് അതീതമാണ്, തന്ത്രികള്‍ പിഴച്ച വയലിനിലിലെ സംഗീതം പോലെ അത് കണ്‍മുന്നില്‍ പലയിടങ്ങളിലായി ഒന്നുചേരാതെ ചിതറിവീണു പോകുന്നു. സങ്കടം കണ്ണീരിനപ്പുറമുള്ള നോവായി നനയിച്ചു കടന്നുപോകുന്നു. 

പണ്ട് തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ കലാലയത്തില്‍ ഡിഗ്രി ചെയ്യുന്ന കാലം. കര്‍ശനമായ നിയമങ്ങളുള്ള ഹോസ്റ്റലുകളില്‍ നിന്ന് ആദ്യ വര്‍ഷത്തിലെ കുട്ടികള്‍ രാത്രി പുറത്തിറങ്ങുന്നതും മറ്റും വിരളം. കലാലയ ജീവിതത്തില്‍ അന്നാദ്യമായി രാത്രിയില്‍ തിരുവനന്തപുരം കാണുന്നതും യൂണിവേഴ്‌സിറ്റി യൂണിയന്റെ ഉദ്ഘാടന ദിനത്തിലായിരുന്നു. അങ്ങനെയൊരു വേളയില്‍ അതിഥിയാകട്ടെ ബാലഭാസ്‌കറും. ഭീകരമായ പ്രസംഗങ്ങള്‍ക്കും യാന്ത്രികമായ തിരികൊളുത്തലുകള്‍ക്കും ശേഷം ബാലഭാസ്‌കര്‍ വേദിയില്‍. അന്നേരം തന്നെ ഒപ്പം വന്ന വാര്‍ഡനും എഴുന്നേറ്റു ഉത്തരവിട്ടു പോകാം. പക്ഷേ വേദിക്കു പുറത്തിറങ്ങി പല കാരണങ്ങളുണ്ടാക്കി കുട്ടികള്‍ അവിടെ തന്നെ വട്ടം തിരിഞ്ഞു. രണ്ടു പാട്ടു കേട്ടിട്ടേ പോകുന്നുള്ളൂവെന്ന് വാശിപിടിച്ചു. അത്രയ്ക്കായിരുന്നു ഇഷ്ടം. ‌

ഉയിരേയും പുതുവെള്ളൈ മഴൈയും കണ്ണേ കലൈമാനേയും വായിച്ച് വേദിയില്‍ ബാലഭാസ്‌കര്‍ നിറഞ്ഞു നിന്നു. ബാലു ചേട്ടാ വിളികള്‍ക്ക് എല്ലാ സങ്കടവും മായ്ക്കുന്ന ചിരിയും പുരികമുയര്‍ത്തിയുള്ള സ്‌നേഹസല്ലാപവും നല്‍കി കുട്ടിക്കൂട്ടത്തിനിടയിലേക്ക് നടന്നിറങ്ങുന്നത് കണ്ടുനിന്ന് മടക്കം. തിരിച്ച് നാലാഞ്ചിറയിലേക്കുള്ള ചെറിയ യാത്രയില്‍ ആ ബസില്‍ നിറഞ്ഞു കേട്ടതും ആ മനുഷ്യനോടു തോന്നിയ കുറുമ്പന്‍ പ്രണയത്തെയും വയലിനെയും കുറിച്ച് മാത്രം. നിശാഗന്ധിയില്‍ നിര്‍ത്താതെ മിഴിചിമ്മാറുള്ള നിറമുള്ള കുഞ്ഞു വിളക്കുകളെ പോലെ ഇന്നുമാ രാത്രിയുടെ ഓര്‍മ ഓരോ വിദ്യാര്‍ഥിയുടേയും മനസ്സിലുണ്ടാകുമെന്നുറപ്പ്. ഇങ്ങനെ ഒരു ബാച്ചിനെ മാത്രമല്ല ഒരുപാട് തലമുറകളെ വയലിന്‍ എന്ന സംഗീതോപകരണത്തിന്റെ മാന്ത്രികതയിലൂടെ ബാലഭാസ്‌കര്‍ വിസ്മയിപ്പിച്ചിരിക്കുന്നു. ഒപ്രശസ്തിയുടെയോ നിലനില്‍പിന്റെയോ ബാധ്യതതകളെ കുറിച്ചോര്‍ക്കാതെ ഹൃദയത്തോട് ചേര്‍ത്ത് പ്രിയപ്പെട്ട പാട്ടുപകരണവുമായി യാത്ര ചെയ്യാനുള്ള പ്രചോദനമായിരിന്നു അദ്ദേഹം. വെറും നാല്‍പ്പതാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ ബാലഭാസ്‌കറെന്ന ജന്മം അടയാളപ്പെടുത്തുന്നതും അതുമാത്രമാണ്. കലാലയ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മയെന്തെന്നു ചോദിച്ചാല്‍ നിസംശയം പറയാനാകും ആ രാത്രിയെന്ന്. കാരണം സ്വന്തം സ്വരം കൊണ്ടല്ലാതെ, ത്രസിപ്പിക്കുന്ന നൃത്തംകൊണ്ടല്ലാതെ, വാക്കുകള്‍ ധാരയായി ഒഴുകുന്ന പ്രസംഗം കൊണ്ടല്ലാതെ ഒരു മനുഷ്യന്‍ വിസ്മയിപ്പിച്ചത് അന്നാദ്യമായിട്ടായിരുന്നു. 

ഒരു സെലിബ്രിറ്റിയോട് എന്നതിനപ്പുറമൊരു സ്‌നേഹമായിരുന്നു മലയാളികള്‍ക്ക് അദ്ദേഹത്തോട്. നല്ല വാക്കുകള്‍ മാത്രം എല്ലാവര്‍ക്കും പറയാനുണ്ടായിരുന്ന വ്യക്തിത്വം. ശിവമണിയും യു. രാജേഷും അടക്കം ലോകപ്രശസ്തരായ സെലിബ്രിറ്റികള്‍ക്കൊപ്പം വേദി പങ്കിടുമ്പോഴും ജീവന്റെ ജീവനായ തിരുവനന്തപുരത്തെ എല്ലാ ആഘോഷങ്ങളിലും വയലിനുമായി ഓടിയെത്തിയിരുന്നു പ്രിയപ്പെട്ട ബാലു. പ്രശസ്തനായ വയലിനിസ്റ്റ്, മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍, ജന്മസിദ്ധിയാര്‍ജിച്ച പ്രതിഭ, ഒട്ടേറെ പുരസ്‌കാരങ്ങളുടെ ജേതാവ്, വലിയ ആരാധകവൃന്ദമുള്ള വയലിനിസ്റ്റ്. അങ്ങനെയുള്ള ഔപചാരികമായ എല്ലാ വിശേഷണങ്ങള്‍ക്കപ്പുറം ബാലഭാസ്‌കര്‍ മലയാളിയുടെ ഹൃദയങ്ങളില്‍ ഇടം നേടിയ കലാകാരനാണ്. പുരസ്‌കാരങ്ങള്‍ കൊണ്ടും പ്രതിഭകൊണ്ടും ഒൗന്നിത്യങ്ങളിലെത്തി വിസ്മയിപ്പിച്ചവര്‍ ഒരുപാടുണ്ട്. പക്ഷേ ഹൃദയത്തിലിടം നേടിയവരാകാന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. വിസ്മയിപ്പിക്കുന്ന സംഗീത രാവുകള്‍ക്കു ശേഷം തിരുവനന്തപുരത്തെ മാനവീയം വീഥിയിലൂടെയും ആകാശവാണിയുള്ള വഴുതക്കാടിലെ പാതകളിലൂടെയും നിത്യമായ ചിരിയോടെ നടന്നു നീങ്ങുന്ന ബാലഭാസ്‌കര്‍ അവിടെ തന്നെയുണ്ടാകും ഇനിയുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു നമ്മള്‍. 

ജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്കു ശേഷം അല്‍പമൊന്നു വിശ്രമിക്കുന്ന സാധാരണക്കാരനായ മലയാളിക്കും, ഈണങ്ങളുടെ കാല്‍പനികതയില്‍ ജീവിക്കുന്നവനും ഒരുപോലെ ഇഷ്ടമായിരുന്നു ബാലഭാസ്‌കറിന്റെ പാട്ടുകളത്രയും. പെര്‍ഫെക്ഷന്‍ എന്ന വാക്കിനോട് അത്രമാത്രം ചേര്‍ന്നു നിന്ന ബാലഭാസ്‌കര്‍ ഓരോ വേദിയിലും അത് തന്നെയാണു സാധ്യമാക്കിയത്. മാജിക്...എന്നു പാട്ടു കേട്ടെഴുതുമ്പോഴും പറയുമ്പോഴും നിത്യമായുള്ള ലാളിത്യത്തോടെ പറയുമായിരുന്നു....ഇല്ല...ഞാനിനിയും ഏറെ പഠിക്കാനുണ്ടെന്ന്. 

ഒരു വയലിന്‍ മാത്രം വായിച്ച് ഈ പതിറ്റാണ്ടുകള്‍ക്കിടയില്‍ മറ്റേതെങ്കിലും കലാകാരൻ മലയാളിയുടെ ഹൃദയത്തില്‍ ഇത്രമേല്‍ ഇടം നേടിയിട്ടുണ്ടോ ? തീര്‍ച്ചയായും ഇല്ല. ഒരു വാദ്യോപകരണ സംഗീതത്തെ കൂട്ടുപിടിച്ച് കടന്നുവന്നവരെല്ലാം സിനിമയ്ക്കു പിന്നാലെ പോയിട്ടുണ്ട്. ഹൃദയം കീഴടക്കുന്ന, ഒരായിരം കഥകള്‍ മനസ്സിലേക്കെഴുതിയിടുന്ന കുറേ ഈണങ്ങള്‍ വളരെ നേരത്തെ തീര്‍ത്ത് വേദികളിലാണെന്റെ ജീവന്‍ എന്നു പറഞ്ഞ് ബാലഭാസ്‌കര്‍ ആ പ്രയാണത്തിനു ഇടവേള നല്‍കി വേദികള്‍ക്കൊപ്പം കൂട്ടുകൂടി. ഒട്ടും നിനച്ചിരിക്കാതെ പ്രായമെത്താതെ കാലമെത്താതെ കടന്നുപോകുമ്പോള്‍ വാക്കുകള്‍ തേടിപ്പിടിച്ചു കണ്ടെത്തി വിങ്ങി നില്‍ക്കാതെ ആ പാട്ടുകള്‍ മാത്രം പ്ലേ ചെയ്ത് അന്ത്യയാത്രയില്‍ സുന്ദരമായ സമ്മാനമൊരുക്കാന്‍ മാധ്യമലോകത്തിനു സാധിക്കുന്നതും അതുകൊണ്ടു മാത്രമാണ്. നമുക്കു കേള്‍ക്കാന്‍ ഇനിയെത്ര കാലം കടന്നുപോയാലും ഉള്ളിലലിഞ്ഞു കിടക്കുന്ന ആ ദുഃഖത്തെ കരഞ്ഞു തീര്‍ത്ത് ചെറുതായൊന്നു തണുപ്പിക്കാന്‍ വേദികളിലെ ആ പ്രകടനങ്ങളെത്ര നല്ല കൂട്ടാകുന്നു.

സംഗീതം ജീവനും ജീവിതവുമാകുമ്പോള്‍ അതിനെയൊരിക്കലും തമാശയായി കാണാനായിരുന്നില്ല ബാലഭാസ്‌കറിന്. സംഗീതം ശ്രദ്ധിക്കാതെ അലസരായി മുഴുകുന്ന കേള്‍വിക്കാരോട് ചിലപ്പോഴെങ്കിലും കലഹിച്ചിരുന്നത് അതുകൊണ്ടാണ്. സംഗീത സംവിധായകര്‍ താരപ്പകിട്ടു നേടിയ റിയാലിറ്റി ഷോ വേദിയിലെ വിധികര്‍ത്താവില്‍ നിന്നു പോലുമുണ്ടായി ആ ഇറങ്ങിപ്പോക്ക്. അതൊന്നും വിഷയമായിരുന്നില്ല അദ്ദേഹത്തിന്. പ്രശസ്തിക്കു പിന്നാലെ പായാതിരുന്നിട്ടും അത് ആവോളം തേടിയെത്തിയതും ആ ആത്മാര്‍ഥത കൊണ്ടു മാത്രമാണ്.

ഇരുപത്തിരണ്ടാം വയസ്സില്‍ പഠനം പോലും പൂര്‍ത്തിയാക്കും മുന്‍പേ വിവാഹം. ഒപ്പം പോന്നാല്‍ വയലിന്‍ ട്യൂഷന്‍ പഠിപ്പിച്ചായാലും ജീവിക്കാം, പട്ടിണിക്കിടില്ല എന്നു പറഞ്ഞ് കൈപിടിച്ചവളെ യാത്രയാക്കിയാണ് രണ്ടു വയസുള്ള മകളുടെ കൈപിടിച്ച് ബാലഭാസ്‌കര്‍ കാലം ഒട്ടുമേ എത്താതെ മടങ്ങിയത്. തനിക്കേറ്റവും ഇഷ്ടമുള്ള പേരിന്റെ ഉടമയെയും ലോകത്ത് ഏറ്റവുമധികം സ്‌നേഹിച്ചവളെയും ഒറ്റയ്ക്കാക്കി അടുത്തു നിന്നും അകലെ നിന്നും സ്‌നേഹിച്ചവരെയും പാട്ടു കേട്ട് തേടിയെത്തിയവരെയും കണ്ണീരിലാഴ്ത്തി കടന്നുപോകുമ്പോഴും ഒന്നേ പറയാനുള്ളൂ. എന്തൊരു മനുഷ്യനായിരുന്നു നിങ്ങള്‍...