അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമയിൽ സുഹൃത്തുക്കൾ. ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലാണു സുഹൃത്തുക്കളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും ഒത്തുചേർന്നത്. ഓരോരുത്തരും ബാലഭാസ്കറുമായി ഉണ്ടായിരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെ ഓർമകൾ പങ്കുവച്ചു
ബാലഭാസ്കറിനെ കുറിച്ച് സ്റ്റീഫൻ ദേവസ്സിയുടെ വാക്കുകൾ ഇങ്ങനെ: 'ബാലുവാണ് എനിക്ക് എല്ലാം പ്രചോദനവും നൽകിയിരുന്നത്. ജീവിത്തില്‍ ആദ്യമായി ഒരു ഫ്യൂഷൻ വായിക്കുന്നത് ബാലുവിനൊപ്പമാണ്. ബാലുവിനൊപ്പം നിന്നാണു ഞാൻ ഒരു ബാന്റ് തുടങ്ങുന്നത്. എന്റെ പ്രോഗ്രാമുകൾക്കു ബാലു ഗസ്റ്റായി വരും. ബാലുവിന്റെ പ്രോഗ്രാമുകൾക്കു ഞാനും. അങ്ങനെയായിരുന്നു ഞങ്ങൾ. ബാലു തമാശ പറയും, ചിരിക്കും, കുടുംബകാര്യങ്ങൾ സംസാരിക്കും അങ്ങനെ ഞങ്ങൾ നീണ്ട പതിന്നാലു വർഷം ഒപ്പമുണ്ടായിരുന്നു. നവംബറിൽ ഒരുമിച്ചു ഒരുപരിപാടിയുണ്ടായിരുന്നു. അതിനും ബാലു ഉണ്ടാകുമെന്നു തന്നെ വിശ്വസിച്ചിരുന്നു ഞാൻ. അവനെ കണ്ട നിമിഷം ഞാൻ നെറ്റിയിൽ ഒരു ഉമ്മ നൽകി. പ്രാർഥിച്ചു.'- വാക്കുകൾ മുഴുമിപ്പിക്കാനാകാതെ സ്റ്റീഫൻ വിതുമ്പി.
എല്ലാവരും ബാലഭാസ്കർ തിരിച്ചുവരുമെന്നു വിശ്വസിച്ചിരുന്നതായും സ്റ്റീഫൻ ദേവസ്സി പറഞ്ഞു. നമുക്ക് എല്ലാവർക്കും ചേർന്ന് ആ സംഗീതം നിലനിർത്താം. ബാലഭാസ്കറിന്റെ മ്യൂസിക് ബാന്റ് ഏറ്റേടുത്തു നടത്തുമെന്നും സ്റ്റീഫൻ അറിയിച്ചു
ബാലഭാസ്കർ സഹോദര തുല്യനായ സ്നേഹിതനായിരുന്നു എന്ന് ഗായകൻ മധു ബാലകൃഷ്ണൻ പറഞ്ഞു. ബാലഭാസ്കർ സംഗീത ലോകത്തിനു തന്നെ തീരാനഷ്ടമാണെന്നു പ്രശസ്ത സംഗീതജ്ഞൻ ശിവമണി അനുസ്മരിച്ചു.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഹൃദയാഘാതത്തെ തുടർന്നു ഇന്നലെ പുലർച്ചെയാണു മരിച്ചത്. തുടർന്ന് കലാഭവനിലും ബാലഭാസ്കർ പഠിച്ച യൂണിവേഴ്സിറ്റി കോളജിലും ഇന്നലെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ആയിരങ്ങളാണു ആദരാഞ്ജലികൾ അർപ്പിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരം ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.