യൂണിവേഴ്സിറ്റി കോളജിന്റെ വരാന്തകളിൽ കാറ്റുപോലും ചിലപ്പോൾ നിശ്ചലമാകും. ബാലഭാസ്കറിന്റെ വയലിൻ സംഗീതത്തിനു കാതോർക്കാൻ. ആ വരാന്തയും കാലാലയ അങ്കണവുമായിരുന്നു ബാലുവിന് എല്ലാം. ജീവിത സ്വപ്നങ്ങൾക്കു ചിറകുമുളച്ച ഇടം. സൗഹൃദങ്ങളുടെ പൂക്കാലം തീർത്ത ഇടം. അങ്ങനെ ബാലഭാസ്കറിന്റെ ജീവിതത്തിലെ ഒട്ടനവധി സംഭവങ്ങൾക്കു സാക്ഷിയായി ഈ കലാലയം.
ബാലഭാസ്കർ യൂണിവഴ്സിറ്റി കോളജിലെത്തുമ്പോൾ ഒട്ടനവധി പ്രമുഖർ അവിടെ വിദ്യാർഥികളായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് അടക്കമുള്ളവർ അതിൽപ്പെടും. 'മംഗല്യ പല്ലക്ക്' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായാണു ബാലഭാസ്കർ യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. കലാലയത്തിൽ സംസ്കൃതം വകുപ്പിൽ വിദ്യാർഥി ആയപ്പോൾ തന്നെ കലാലയത്തിൽ മറ്റു ഡിപ്പാർട്ട്മെന്റുകളിലുണ്ടായിരുന്ന സമാനഹൃദയരുമായി ചേർന്ന് ബാലഭാസ്കർ കോളജിൽ ഒരു സംഗീത ലോകം തന്നെ സൃഷ്ടിച്ചു.
'ഞാനും ബാലുവും തമ്മില്‍ പ്രീഡിഗ്രി കാലം മുതലുള്ള പരിചയമാണ്. സൗഹൃദത്തിനു വലിയ പ്രാധാന്യം നൽകിയിരുന്ന വ്യക്തിയായിരുന്നു ബാലു. അന്നേ എല്ലാവരുമായും പെട്ടന്നു സൗഹൃദത്തിലാകുമായിരുന്നു. ഗായകൻ ഇഷാൻ ദേവിനെ ആദ്യമായി ഒരുഗാനം ആലപിച്ചാൻ നിർബന്ധിച്ചു സമ്മതിപ്പിച്ചതും ബാലഭാസ്കർ ആണ്.'- ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും കവിയുമായ ജോയി തമലം വേദനയോടെ ഓർത്തു. സുഹൃത്താണെങ്കിലും സ്വന്തമായി ചെയ്യുന്ന വർക്കിൽ മാത്രമേ സഹകരിക്കൂ എന്ന് ബാലഭാസ്കർ പറഞ്ഞിരുന്നതായും ജോയി ഓർമിച്ചു.
ബാലഭാസ്കർ അന്നു കോളജിൽ റഹ്മാന്റെ ചില പാട്ടുകൾ വയലിനിൽ വായിക്കുമായിരുന്നു. പാട്ടുപാടിയും, വയലിൻ വായിച്ചും, തമാശ പറഞ്ഞും, ചിരിച്ചും കൂട്ടുകാരുടെ പ്രിയപ്പെട്ട ബാലുവായി. ഇന്നലെ വൈകിട്ട് ബാലഭാസ്കറിന്റെ മൃതദേഹം അവസാനമായി കലാലയ മുറ്റത്ത് എത്തിച്ചപ്പോൾ ആയിരങ്ങൾ യാത്രാമൊഴി നൽകി. ഒടുവിൽ ഇന്നു രാവിലെയും ആ ഓർമകളുമായി പ്രിയപ്പെട്ടവർ ഈ കലാലയത്തിൽ ഒത്തുചേർന്നപ്പോൾ ആ വയലിൻ മാന്ത്രികനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയിരുന്നു.