എനിക്കിഷ്ടം സുരക്ഷിത വാഹനം; ബാലു അന്നു പറഞ്ഞത്: കണ്ണീര്‍ബാക്കി, വിഡിയോ

‘എനിക്ക് കംഫർട്ടബിളും സേഫും ആയിട്ടുള്ള വണ്ടികളാണ് ഇഷ്ടം. സ്മൂത്ത് ആയ, എലഗൻറ് ആയ വാഹനങ്ങളോട് പ്രിയമുണ്ട്..’,  പത്തുവര്‍ഷങ്ങൾക്കു മുൻപ് ബാലഭാസ്കർ മനോരമ ന്യൂസിന്‍റെ ഫാസ്റ്റ് ട്രാക്കിൽ പറഞ്ഞ വാചകങ്ങൾ. വർഷങ്ങൾക്കിപ്പുറം പ്രിയപ്പെട്ടവരുടെ സ്വന്തം ബാലുവിനെ മരണമെടുത്തത് വാഹനാപകടത്തിലൂടെയാണെന്നതു യാദൃശ്ചികം. വാഹനങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും ആദ്യവാഹനത്തെക്കുറിച്ചുമെല്ലാം അന്നദ്ദേഹം  ഒരുപാടു സംസാരിച്ചു.

കറുത്ത സാൻഡ്രോ ആയിരുന്നു ആദ്യം വാങ്ങിയ വാഹനം. അത് വാങ്ങിയത് ആദ്യ വിവാഹവാർഷിക ദിനത്തില്‍. ആ വാഹനത്തോട് ബാലഭാസ്കറിനും ഭാര്യക്കും വൈകാരികമായ ഒരടുപ്പം ഉണ്ടായിരുന്നു. പിന്നീട്  വാങ്ങിയത് ഫിയസ്റ്റ ആണ്. സാ‍ൻഡ്രോ പവര്‍ സ്റ്റിയറിങ്ങ് അല്ലായിരുന്നു. അതോടിക്കുമ്പോൾ കൈക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി. അത് വയലിൻ വായിക്കുന്നതിനെ ബാധിക്കുമെന്നതുകൊണ്ടാണ് ആ വാഹനം വേണ്ടെന്നു വെച്ചത്. രണ്ടു വാഹനങ്ങൾ കുറച്ച് അഹങ്കാരമാണെന്നു തോന്നിയപ്പോൾ ആ കറുത്ത സാന്‍ഡ്രോ വിറ്റു.

ഓട്ടോറിക്ഷാ യാത്ര ഏറെ ഇഷ്ടമായിരുന്നു ബാലുവിന്. ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ വല്ലാത്തൊരു സ്വസ്ഥത അനുഭവപ്പെടാറുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരം ഓട്ടോയാത്രകളിൽ ബാലു സന്തോഷം കൊണ്ട് ഉറക്കെ പാടാറുണ്ടായിരുന്നു. ചിലപ്പോൾ ഭാര്യ കയ്യിൽ നുള്ളിയിട്ട് പതുക്കെ പാടാൻ പറയുമായിരുന്നു.

സംഗീതത്തോളം അല്ലെങ്കിലും യാത്രകളെയും പ്രണയിച്ചിരുന്നു ബാലു. യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. പരിപാടികള്‍ക്കും മറ്റുമായി കൂടുതലും രാത്രി യാത്രകളായിരുന്നു ചെയ്തിരുന്നത്. ‌‍‍്രൈഡവിങ്ങിൽ കൂടുതൽ തഴക്കം വന്ന് വാഹനങ്ങൾ കയ്യിൽ ഒതുങ്ങും എന്നായതോടെ അശ്രദ്ധമായി വണ്ടി ഓടിക്കാറുണ്ടെന്ന് സുഹൃത്തുക്കൾ പരാതി പറയുമായിരുന്നു. അതിൽ അൽപം സത്യമുണ്ടെന്ന് അദ്ദേഹം അന്ന് സമ്മതിക്കുകയും ചെയ്തു. മറ്റൊന്നും കൊണ്ടല്ല, പലപ്പോഴും മറ്റു പല ചിന്തകളാകും മനസിൽ. പരിപാടികളെക്കുറിച്ചോർക്കും, കണക്കുകൂട്ടലുകൾ നടത്തും.

റോഡ് ബാലൻസ് പോലുമില്ലാതെയാണ് വണ്ടി വാങ്ങിയത്. പ്രവീൺ ചേട്ടൻ എന്ന സുഹൃത്താണ് ആദ്യം ഓടിക്കാൻ പഠിപ്പിച്ചത്. ആദ്യം താനൊരു സേഫ്, ആൻഡ് സ്മൂത്ത് ഡ്രൈവർ ആയിരുന്നുവെന്നും ബാലഭാസ്കർ‌ അന്ന് പറഞ്ഞു.

ഒരാളെയെങ്കിലും കരയിക്കാതെ ഒരു വയലിൻ സംഗീതവും അവസാനിച്ചിട്ടില്ല. ആ വയനിലിൽ വായിച്ചുതീരാത്ത ഈണങ്ങളും പ്രിയ വാഹനങ്ങളിൽ സഞ്ചരിച്ചു തീര്‍ക്കാത്ത യാത്രകളും ബാക്കിയാക്കിയാണ് ബാലു മടങ്ങുന്നത്