നിനക്കായ് തോഴാ പുനർജനിക്കാം; ബാലു, അവരുടെ ഒാർമകളിൽ...

ദീപക് ദേവ്, സംഗീത സംവിധായകൻ

15 വർഷത്തെ പരിചയമുണ്ട് ബാലഭാസ്കറുമായി. പക്ഷേ ഒരുമിച്ച് ഒരു സ്റ്റേജിലെത്തുന്നത് 3 വർഷം മുൻപാണ്. സംഗീതസംവിധായകൻ എന്ന നിലയിൽ ഞാൻ എന്റെ പാട്ടുകൾക്കു കൊടുത്ത ആത്മാവിനെ അതേപോലെയോ അതിനപ്പുറമോ കണ്ടെത്തിയ ആളായിരുന്നു ബാലഭാസ്കർ. ഒരു സംഗീതസംവിധായകനു വളരെ അപൂർവമായി ലഭിക്കുന്ന നിമിഷങ്ങളാണ് ബാലുവുള്ള വേദിയിൽ എനിക്കു കിട്ടിയത്.  

പാട്ടിന്റെ ആത്മാവിനെ സംഗീതസംവിധായകനേക്കാൾ അധികം ഉൾക്കൊള്ളാൻ കഴിയുന്നയാളായിരുന്നു അദ്ദേഹം. എന്റെ മനസും മിഴികളും ആ വായനയിൽ നിറഞ്ഞിരുന്നു. ഇനിയുള്ള എല്ലാ ഷോകളിലും എന്റെ കൂടെയുണ്ടാകുമെന്ന് ബാലു ഉറപ്പു നൽകിയിരുന്നു. പ്രതിഫലം നോക്കാതെതന്നെ എന്തുതരം ഷോയാണെങ്കിലും ഡേറ്റ് പറഞ്ഞാൽ വരാമെന്നായിരുന്നു ഉറപ്പ്. 

ബാലു വായിച്ച പാട്ടുകളൊന്നും ഇനി എന്റെ ഷോകളിൽ ഉൾ‌പ്പെടുത്തില്ല. ബാലുവിന്റെ ഓർമകൾ വന്നാൽ എനിക്ക് ഷോ പൂർത്തിയാക്കാൻ കഴിയില്ല, ഞാൻ മാനസികമായി തളർന്നു പോകും. 

ഒരിക്കലും ബാലഭാസ്കറിന് ഇനി ഒരു പകരക്കാരനുണ്ടാവില്ല. കാരണം അദ്ദേഹം വയലിനിൽ കാണിച്ച ഇന്ദ്രജാലം മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്നുറപ്പുണ്ട്. 

∙അജിത് ഇടപ്പള്ളി, വയലിനിസ്റ്റ്

കർണാടക സംഗീതത്തിന്റെ അടിത്തറയിൽ നിന്ന്, സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയ വലിയ കലാകാരനായിരുന്നു ബാലഭാസ്കർ. സിനിമയേക്കാളുപരി സംഗീതത്തിൽ സ്വന്തമായൊരു വഴികണ്ടെത്തി അതിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വയലിനോടു പുതുതലമുറയ്ക്ക് ഇത്രയേറെ അടുപ്പം തോന്നിയതിനു പിന്നിൽ ബാലഭാസ്കറാണെന്നു പറയാം. കുട്ടികളെപ്പോലും വയലിനിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

വയലിൻ എന്ന സംഗീതോപകരണത്തെ അദ്ദേഹം അത്രയധികം ജനകീയമാക്കി. ബാലഭാസ്കർ  ആറോ ഏഴോ ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ മനോരമയുടെ ബാലജനസംഖ്യത്തിന്റെ മൽസരത്തിൽ പങ്കെടുത്ത ഓർമയുണ്ട്. ഞാൻ സീനിയർ വിഭാഗത്തിലും ബാലഭാസ്കർ ജൂനിയർ വിഭാഗത്തിലും വിജയിച്ചു. അന്നു ശുദ്ധകർണാടക സംഗീതമായിരുന്നു വായിച്ചത്. സംഗീതത്തിനപ്പുറത്തേക്കുള്ള അടുപ്പം ഞങ്ങൾ സൂക്ഷിച്ചിരുന്നു. അകാല വിയോഗത്തിൽ അഗാധമായ വേദനയുണ്ട്.

∙ബിജു നാരായണൻ,ഗായകൻ

ബാലു സംഗീതം ചെയ്ത ഏറ്റവും കൂടുതൽ പാട്ടുകൾ പാടാൻ കഴിഞ്ഞത് എനിക്കാണ്. ഏറ്റവും ഹിറ്റായ ‘നിനക്കായി’ ആൽബം ഉൾപ്പടെ ഇരുപതോളം പാട്ടുകൾ പാടി. ബാലു എനിക്ക് അനുജനും ബാലുവിന് ഞാൻ സ്വന്തം ചേട്ടനുമായിരുന്നു.

  

ബാലുവിന്റെ വളർച്ച ഏറ്റവും അടുത്തുനിന്നു കണ്ട ആളാണു ഞാൻ. ‘നിനക്കായി’ റെക്കോർഡ് ചെയ്യുന്ന സമയത്ത് ബാലുവിന് 20 വയസുപോലും ആയിട്ടില്ല. ആൽബം ഇറങ്ങുന്നതിനു മുൻപേ ഷോകൾക്കായി ഒരുമിച്ചു പോയിട്ടുണ്ട്. ഫ്യൂഷനിലേക്ക് ഒക്കെ വരുന്നത് പിന്നീടാണ്. രണ്ടുവർഷം മുൻപ് കെനിയയിലെ നയ്റോബിയിൽ നടന്ന ഷോയായിരുന്നു അവസാനമായി ഒരുമിച്ചു ചെയ്തത്. 1996 മുതലുള്ള ബന്ധമാണ് ബാലുവിനോട്. 

∙നിർമൽ സേവ്യർ ആന്റണി, ഡ്രമ്മർ (ബിഗ് ബാൻഡ്)

2004 മുതൽ ബാലു എനിക്കു സഹോദരനെപ്പോലെയാണ്. എറണാകുളത്തു വരുമ്പോഴെല്ലാം എന്റെ വീട്ടിലാണു ബാലുവും ലക്ഷ്മിയും താമസിച്ചിരുന്നത്. 

എന്റെ മാതാപിതാക്കളും കുടുംബക്കാരുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു. എന്റെ സംഗീതജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയത് ബാലുവാണ്. ഞാൻ റോക്ക് മ്യൂസിക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഫ്യൂഷൻ എന്ന ആശയം ബാലു കേരളത്തിൽ ആദ്യം അവതരിപ്പിച്ചത്.

വോക്കൽ ഇല്ലാതെ ഇൻസ്ട്രുമെന്റ് മാത്രം ഉപയോഗിച്ചുള്ള പെർഫോമൻസ്. ബിഗ് ബാൻഡ് എന്ന ബാൻഡ് തുടങ്ങുന്നതും ഈ ആശയത്തിൽ നിന്നാണ്. ബിഗ് ബാൻഡിൽ ബാലു ഉൾപ്പടെ ഞങ്ങൾ 7 പേരായിരുന്നു. കാഴ്ചക്കാരനായല്ലാതെ, ബാലു സംസാരിച്ചു തുടങ്ങിയിട്ട്, അടുത്ത പ്രോഗ്രാമിനെപ്പറ്റി സംസാരിക്കാൻ ആശുപത്രിയിൽ പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ...