Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ എംജി ശ്രീകുമാറിന്റെ ആദ്യ ഗാനം യേശുദാസിന്റേതായി !

mg-sreekumar-yesudas

ആഗ്രഹിച്ചു പാടിയ ആദ്യ ഗാനം സിനിമയിറങ്ങിയപ്പോൾ യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കേണ്ടി വന്ന ഹതഭാഗ്യനാണ് എം.ജി. ശ്രീകമാർ. സ്വന്തം ചേട്ടൻ ഇൗണമിട്ട ആ ഗാനം എം.ജി. ശ്രീകുമാറിനെ സംബന്ധിച്ച് ഒരു വേദനയാണ്. റേഡിയോ മാംഗോ സ്പോട്ട് ലൈറ്റിലാണ് തന്റെ ആദ്യ പാട്ടിന്റെ അനുഭവം എം.ജി. ശ്രീകുമാർ പങ്കുവച്ചത്.

‘മധു നിർമിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ സത്യൻ അന്തിക്കാട് രചിച്ച ‘പ്രണയവസന്തം തളിരണിയാനായി’ എന്ന ഗാനമാണ് ഞാൻ ആദ്യമായി പാടുന്നത്. പാട്ടിന് സംഗീതം കൊടുത്തത് എന്റെ സഹോദരൻ എം.ജി. രാധാകൃഷ്ണനായിരുന്നു. ചിത്രയോടൊപ്പമായിരുന്നു ആ പാട്ട് പാടിയത്. സിനിമാപാട്ടുകളുള്ള പാട്ടുപുസ്തകങ്ങൾ അക്കാലത്ത് വിൽ‌പനയ്ക്കുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഗായകന്റെ പേരും ആ പുസ്തകത്തിലുണ്ടാകും. യേശുദാസ്, ജാനകി, ജയചന്ദ്രൻ ഇൗ മൂന്നു പേരുകളുമായിരിക്കും പാട്ടുകാരുടെ പേരിന്റെ‌ സ്ഥാനത്തു മിക്കവാറും ഉണ്ടായിരിക്കുക. ഇൗ പാട്ടു പാടിയതിനു ശേഷം കൂട്ടുകാരോടു പറഞ്ഞു ആയിരം യേശുദാസിന്റെ ഇടയിൽ ഇനിയൊരു എം.ജി. ശ്രീകുമാറിനെ കാണാമെന്ന്.’

‘സിനിമയിറങ്ങിയപ്പോൾ ആ പാട്ടു പാടിയിരിക്കുന്നത് യേശുദാസ്. പാട്ടു പുസ്തകത്തിൽ ആ പാട്ടിന്റെ അവിടെയും യേശുദാസ് തന്നെ. മദ്രാസിലെത്തിയപ്പോൾ പാട്ട് ആരോ യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു. അങ്ങനെ പാട്ടു പുസ്തകത്തിലെ പേരെന്ന സ്വപ്നം തകർന്നു. താൻ നന്നായി പാടിയ പാട്ടിനു എന്തു സംഭവിച്ചുവെന്ന് ഇന്നും അറിയില്ല. ചേട്ടൻ ഇക്കാര്യം അറിഞ്ഞിട്ടുമില്ല.’ ആദ്യ പാട്ടിന്റെ വേദന എം.ജി. ശ്രീകുമാർ പങ്കു വച്ചു.