ശബരിമല യുവതീപ്രവേശന വിഷയത്തിലെ കോലാഹലങ്ങൾക്കിടെ അഭിപ്രായം തുറന്നു പറഞ്ഞു ഗായകൻ കെ.ജെ. യേശുദാസ്. ശബരിമലയിൽ ധർമശാസ്താവാണ് ഉള്ളതെന്നും അതുകൊണ്ടു തന്നെ അവിടെ ധർമം മാത്രമേ നടക്കൂ എന്നും യേശുദാസ് പറഞ്ഞു. സൂര്യ ഫെസ്റ്റിവെൽ വേദിയിൽ ശരണം വിളിയോടെയായിരുന്നു യേശുദാസിന്റെ അഭിപ്രായ പ്രകടനം.
യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ: 'സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന പ്രകാശം മാത്രം മതി ഈ ലോകത്തെ നിലനിർത്താൻ. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ. എന്റെ അച്ഛൻ രഹസ്യമായി 41 ദിവസം കഠിനവ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് 1947 ല്‍ അച്ഛന്‍ വ്രതം നോറ്റ് ശബരിമലയിൽ പോയ കാര്യം പറയുന്നത്. ആ പുസ്തകം വായിച്ചപ്പോഴാണു ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. എന്റെ അച്ഛനാണു സിനിമയില്‍ അയ്യപ്പ ഭക്തിഗാനം ആദ്യം പാടിയ വ്യക്തി. പിന്നീട് എന്നെക്കൊണ്ടു ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണം?'