Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നണി ഗായകരുടെ ടീച്ചറുടെ കിടിലൻ മെഡ്‍ലി

binny-krishnakumar-medly

വിഖ്യാത കര്‍ണ്ണാടക സംഗീതജ്ഞന്‍ ബാലമുരളി കൃഷ്ണയുടെ പ്രിയപ്പെട്ട ശിഷ്യരാണ് കെ. കൃഷ്ണകുമാര്‍-ബിന്നി കൃഷ്ണകുമാര്‍ ദമ്പതികള്‍. കര്‍ണ്ണാടക സംഗീതത്തിലും ചലച്ചിത്ര സംഗീതത്തിലും അവരവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകര്‍. തെന്നിന്ത്യയിലെ ഏറെ തിരക്കേറിയ പിന്നണി ഗായകര്‍ക്കു സംഗീതം അഭ്യസിപ്പിക്കാനും പാട്ടില്‍ പരീശിലനം നല്‍കാനും ഭാഗ്യം സിദ്ധിച്ചവരാണ് ഈ സംഗീത ദമ്പതികള്‍. 

'രതിപതിപ്രിയ' എന്ന അപൂര്‍വ്വരാഗത്തില്‍ ചിട്ടപ്പെടുത്തിയ മെഡ്‌ലിയിലൂടെ ടി.വി. ഗോപാലകൃഷ്ണന്‍, ബി. ശശികുമാര്‍, ഇളരരാജ എന്നീ മഹാരഥന്‍മാരായ സംഗീതജ്ഞര്‍ക്കു ആദരം നല്‍കുകയാണ് ബിന്നി കൃഷ്ണകുമാര്‍. ആശയവും ആവിഷ്‌കാരവും ബിന്നിയുടേതാണ്. പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് കെ. കൃഷ്ണകുമാറും ഒപ്പമുണ്ട്. ശ്വേത മോഹന്‍ ഉള്‍പ്പടെയുള്ള ശിഷ്യഗണങ്ങളാണ് ബിന്നിക്കും കൃഷ്ണകുമാറിനുമൊപ്പം പിന്നണി തീര്‍ത്തിരിക്കുന്നത്. ബിന്നികൃഷ്ണകുമാറിന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുള്ള ഈ മെഡ്‌ലിയുടെ വിഡീയോ ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആസ്വാദകരുടെ കാതുകളിലേക്ക് എത്തികഴിഞ്ഞു. തികച്ചും വ്യത്യസ്തമായ ഈ മെഡ്‌ലിയുടെ വിശേഷങ്ങള്‍ ബിന്നി കൃഷ്ണകുമാര്‍ പങ്കുവെക്കുന്നു... 

വ്യത്യസ്തമായ ഈ മെഡ്‌ലിയുടെ പ്രചോദനം എന്താണ് 

രതിപതിപ്രിയ എന്ന രാഗമാണ് ഈ മെഡ്‌ലിക്കു പിന്നിലെ പ്രധാന പ്രചോദനം. ഇതൊരു അപൂര്‍വ്വരാഗമാണ്. എപ്പോഴും അധികം ഉപയോഗിച്ചിട്ടില്ലാത്ത രാഗങ്ങളെയാണല്ലോ നമ്മള്‍ അപൂര്‍വ്വരാഗങ്ങള്‍ എന്നു പറയുന്നത്. എനിക്ക് 15 വയസ്സുള്ള സമയത്താണ് കെ. ബാലചന്ദ്രന്റെ 'സിന്ധുഭൈരവി' സിനിമ റിലീസാകുന്നത്. സംഗീതത്തിനു ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ ഇസൈജ്ഞാനി ഇളയരാജ ഈണം നല്‍കിയ ഒട്ടെറെ ഗാനങ്ങളുണ്ട്. എന്നാല്‍ കൊച്ചുകുട്ടിയായ എന്നെ ആകര്‍ക്ഷിച്ചത് ഒരു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള 'ആനന്ദാനടനം ആടിനാര്‍' എന്ന ഗാനശകലമാണ്. എന്നെ ഒരുപാട് സ്വാധീനിച്ച ഗാനമായിരുന്നു അത്. ആ പാട്ടിനോടുള്ള ഇഷ്ടം കാരണം അത് ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നു അന്വേഷിക്കുകയും അത് രതിപതിപ്രിയ എന്ന രാഗമാണെന്ന് ഞാന്‍ മനസ്സിലാക്കുകയും ചെയ്യുന്നത്. ആ രാഗത്തിലുള്ള കോംപസിഷന്‍ 'ജഗത് ജനനി' അല്ലാതെ വെറെയൊന്നുമില്ല. അപ്പോഴാണ് ടി.വി. ഗോപാലകൃഷ്ണന്‍ സാറിന്റെ ഇതേ രാഗത്തിലുള്ള തില്ലാന ഞാന്‍ കേള്‍ക്കാനിടയാകുന്നത്. ബി. ശശികുമാര്‍ സാറായിരുന്നു അന്ന് എന്റെ ഗുരുനാഥന്‍. അദ്ദേഹം സംഗീത പണ്ഡിതനാണ്. അദ്ദേഹത്തിന്റെ അടുത്തുചെന്നു ഞാന്‍ ഈ രാഗത്തെക്കുറിച്ചു കൂടൂതല്‍ ചോദിക്കുകയും 'ആനന്ദാനടനം ആടിനാര്‍' പാടി കേള്‍പ്പിക്കുകയും ചെയ്തു. ഈ രാഗത്തിലുള്ള ഒരു കോംപസിഷന്‍ എന്നിക്കു വേണമെന്നു ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ  അദ്ദേഹം എനിക്ക് ഈ രാഗത്തിലുള്ള 'വേണുഗാനലോലം' ചിട്ടപ്പെടുത്തി തരുകയും ചെയ്തു. ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ഈ മെഡ്‌ലിയുടെ തുടക്കത്തില്‍ ഉപയോഗിക്കിച്ചിരിക്കുന്നത് വേണുഗാനലോലമാണ്. അതിന്റെയൊരു പല്ലവി മാത്രമേ എടുത്തിട്ടുള്ളു.

ഇതു മൂന്നും ('ആനന്ദം നടനം ആടിനാര്‍', 'തില്ലാന', 'വേണുഗാനലോലം') തമ്മില്‍ രസകരമായൊരു ബന്ധവുമുണ്ട്. ഇളയരാജാ സാറിന്റെ ഗുരുവായി കാണക്കാക്കപ്പെടുന്ന വ്യക്തിയാണ് ടി.വി. ഗോപാലകൃഷ്ണന്‍ സാര്‍. അദ്ദേഹമാണ് രതിപതിപ്രിയ എന്ന രാഗം കൂടുതലായി പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടിട്ടാകാം ഇളയരാജാ സാര്‍ സിന്ധുഭൈരവി സിനിമയില്‍ ആ രാഗത്തിലുള്ള 'ആനന്ദനടന ആടിനാര്‍' ചിട്ടപ്പെടുത്തിയത്. അത് കേട്ടിട്ടാണ് ശശികുമാര്‍ സാറിനെ ഞാന്‍ സമീപിക്കുന്നതും അദ്ദേഹം 'വേണുഗാനലോലം' ചിട്ടപ്പെട്ടുത്തി നല്‍കുന്നതും. ഇത് പെട്ടെന്ന് എന്റെ മനസ്സിലൂടെ ഒരു മിന്നലുപോലെ കടന്നുപോയി. ഉടനെ ഞാന്‍ അതിന്റെ സ്വരങ്ങളെല്ലാം എഴുതി, ബിജിഎം എല്ലാം കംപോസ് ചെയ്തു. പിന്നീട് ഞാന്‍ രഞ്ചിത്ത് വാസുദേവിന്റെ (സംഗീത സംവിധായകന്‍ ശരത്തിന്റെ സഹോദരന്‍) അടുത്തുപോകുകയും അദ്ദേഹത്തിനു നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹമാണ് ഉപകരണസംഗീതത്തിലൂടെ മെഡ്‌ലിക്കു പിന്നണി തീര്‍ത്തിരിക്കുന്നത്. എന്റെ ഭര്‍ത്താവുമായി ഇങ്ങനെയൊരു ആശയം പങ്കുവെച്ചപ്പോള്‍ അദ്ദേഹം ഏറെ സന്തോഷത്തോടെ എനിക്കു പൂര്‍ണ്ണ പിന്തുണ നല്‍കി. ഇതാണ് ഈ മെഡിലിയുടെ പിന്നിലെ കഥ. ഈ രാഗത്തോടുള്ള പ്രണയം തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. 

ഗുരു-ശിഷ്യ സമാഗമം കൂടിയാണല്ലോ ഈ മ്യൂസിക്ക് വിഡീയോ

ഞാന്‍ സംഗീതം പഠിപ്പിക്കുന്ന കുട്ടികളെയെല്ലാം ഞാന്‍ Children എന്നാണ് വിളിക്കുന്നത്. എന്റെ മക്കളെ പോലെ തന്നെയാണ് കാണുന്നത്. ഗുരു പുരുഷനാണെങ്കില്‍ പിതൃതുല്നും സ്ത്രീയാണെങ്കില്‍ മാതാവിന്റെ സ്ഥാനത്തുമാണ് കാണേണ്ടത് എന്നാണല്ലോ. അങ്ങനെ ഞാന്‍ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും കൊണ്ടുനടക്കുന്ന ഒരു വലിയ ശിഷ്യഗണമുണ്ട്. അതിലെ ഏറ്റവും സീനിയറായ കുട്ടികളാണ് ഇതില്‍ പാടിയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ വിദ്യാര്‍ഥികളെ ഇതില്‍ ഉള്‍പ്പെടുത്തുപ്പോള്‍ അവര്‍ക്ക് ഇത് വലിയൊരു പ്രചോദനമാണ്. അവര്‍ക്ക് ഈ രാഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാനും കൂടുതല്‍ അടുക്കും ചിട്ടയോടെയും സംഗീതം പരിശീലിക്കാനുമുള്ള ഒരു അവസരം കൂടിയാണിത്. നാളെ ഇതുപോലെയുള്ള സംരഭങ്ങള്‍ ചെയ്യാന്‍ അവര്‍ക്കു ഇത് പ്രേരണയും പ്രചോദനവും നല്‍കും. എനിക്കും അവര്‍ക്കും ഒരുപോലെ സന്തോഷം പകരുന്ന ഒരു കാര്യമാണത്. ഈ വീഡിയോ കണ്ടത്തിനു ശേഷം ഇതില്‍ പാടിയിരിക്കുന്ന കുട്ടികളെക്കുറിച്ച് പലരും എന്നോടു അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അവരെ സംബന്ധിച്ചു ഇത് മികച്ചൊരു ഫ്‌ളാറ്റ്‌ഫോമാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംരഭങ്ങള്‍ ഗുരു-ശിഷ്യ ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാകാന്‍ സഹായിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതിന്റെ ഷൂട്ടിങും റെക്കോര്‍ഡിങും ഏറെ രസകരമായിരുന്നു. 

എത്രകാലത്തെ പരിശീലനം വേണ്ടി വന്നു ഏറെ ശ്രമകരമായ ഈ മെഡ്‌ലി പൂര്‍ത്തിയാക്കാന്‍

ഇതിനു മുമ്പ് 'നഗുമോ' ഇതുപോലെ ചെയ്തിരുന്നു. താളങ്ങള്‍ക്കു പ്രധാന്യം കൊടുത്താണ് അത് ചെയ്തത്. ഓഫ് ബീറ്റ് താളങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി ചെയ്തതാണ്. താളവും പാട്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ വളരെ ബുദ്ധിമുട്ടാണ്. അതില്‍ കുട്ടികള്‍ക്കൊരു പരിശീലനമാകട്ടെ എന്നു കരുതിയാണ് ചെയ്തത്. സത്യത്തില്‍ ഈ മെഡ്‌ലിക്കു വേണ്ടി നീണ്ട പരിശീലനം നടത്തിയിട്ടില്ല. കുട്ടികള്‍ ക്ലാസില്‍ വരുന്ന സമയത്ത് ഓരോരുത്തര്‍ക്കും അവര്‍ പാടേണ്ട ഭാഗങ്ങള്‍ വിഭജിച്ചു നല്‍കുകയായിരുന്നു ചെയ്തത്. ഇടക്കുള്ള ജതികള്‍, സ്വരങ്ങള്‍ ഇതൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. കുട്ടികള്‍ അത് നന്നായി പഠിച്ചു വന്നു നേരേ റെക്കോര്‍ഡിങിനു പോകുകയായിരുന്നു. 40 മിനിട്ടിനുള്ളില്‍ റെക്കോര്‍ഡിങ് പൂര്‍ത്തിയായി എന്നതാണ് സത്യം. റെക്കോര്‍ഡിങിനു മുമ്പ് ഒരേയൊരു ദിവസം ഗ്രൂപ്പ് പ്രാക്ടീസ് ഉണ്ടായിരുന്നു. 

ഇത്തരത്തിലുള്ള വ്യത്യസ്തമായ സംഗീത സമ്മാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമോ

സത്യം പറയമാല്ലോ ഇത് മുന്‍കൂട്ടി തീരുമാനിച്ചു ആലോചിച്ചു ചെയ്തതല്ല. പെട്ടന്നുണ്ടായ ഒരു തോന്നലിന്റെ പുറത്ത് ചെയ്തതാണ്. തീര്‍ച്ചയായും അത്തരം തോന്നലുകള്‍ ഉണ്ടായാല്‍ ഇത്തരം സംരഭങ്ങള്‍ പ്രതീക്ഷിക്കാം. 

ഹരഹരപ്രിയയുടെ ജന്യരാഗമാണ് രതിപതിപ്രിയ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജീവിച്ചിരുന്ന നാദമുനി പണ്ഡിതരാണ് ഈ രാഗത്തിന്റെ ഉപജ്ഞാതാവ് എന്ന കണക്കാക്കപ്പെടുന്നു. ടി.വി. ഗോപാലകൃഷ്ണന്‍ ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള തില്ലാനയാണ് രതിപതിപ്രിയക്കു സംഗീതലോകത്ത് കൂടുതല്‍ പ്രീതി നല്‍കിയത്. ശോകരസം പ്രധാനമാണെങ്കിലും കേള്‍വിക്കാരിലേക്ക് പോസ്റ്റീവ് ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നു എന്നതാണ് ഈ രാഗത്തിന്റെ പ്രത്യേകത. 

തിരക്കുകളെല്ലാം സന്തോഷത്തോടെ മാറ്റിവെച്ചാണ് ശ്വേത മോഹന്‍ മെഡ്‌ലി പാടാനായി തന്റെ ഗുരുകുലത്തിലേക്ക് എത്തിയത്. ഓഎന്‍വി കുറുപ്പിന്റെ ചെറുമകള്‍ അപര്‍ണ ഇതില്‍ പങ്കാളിയാകാന്‍ വേണ്ടി മാത്രം തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തി. ചലച്ചിത്ര ഗാനങ്ങളിലൂടെയും റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയരായ ധനശ്രീ എസ്, മേനോന്‍, നേഹാ വേണുഗോപാല്‍, ജെസിക്കാ ജൂഡ്‌സ്, ജനനി സുബ്രമണ്യന്‍, നമിത ബാബു, ശിവാന്‍ഗി കൃഷ്ണകുമാര്‍, ദര്‍ശന മാധവന്‍, രാജേഷ് സന്താനം, റിതേഷ് മണികണ്ഠന്‍, അഭിജിത്ത് എന്നിവര്‍ കൃഷ്ണകുമാറിനും ബിന്നിക്കുമൊപ്പം പിന്നണി തീര്‍ക്കുന്നു. 

എം.എസ്. സെന്തില്‍കുമാറാണ് മെഡ്‌ലി ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. ശാന്തശേഖറാണ് ഓഡിയോ മിക്‌സ് ചെയ്തിരിക്കുന്നത്. കീബോര്‍ഡ്, സിത്താര്‍, മൃദംഗം, ഘടം എന്നീ ഉപകരണങ്ങളുടെ വാദനത്തിലൂടെ ഈ സംഗീത സംരഭത്തെ മനോഹരമാക്കിയിരിക്കുന്നു വി.ഐ. രഞ്ചിത്ത്.