ബേണി–ഇഗ്നേഷ്യസ് ഞങ്ങളുടെ ഭാഗ്യമാണ്, കീർത്തൻ ബേണി പറയുന്നു

സംഗീതാസ്വാദകർക്ക് ബേണി ഇഗ്നേഷ്യസ് രണ്ടു പേരായിരുന്നില്ല. സംഗീതമായിരുന്നു അവരുടെ മേൽവിലാസം. സംഗീതലോകത്ത് അവർ ഒന്നായൊഴുകി. മെലഡിയാണെങ്കിലും അടിച്ചുപൊളി പാട്ടാണെങ്കിലും ബേണി ഇഗ്നേഷ്യസ് ഈണം നൽകിയ പാട്ടുകൾ മലയാളികൾ സ്നേഹത്തോടെ ഏറ്റു പാടി. കാലങ്ങൾക്കിപ്പുറം ആ സംഗീതകുടുംബത്തിലെ ഇളമുറക്കാരും സംഗീതലോകത്ത് സജീവമാവുകയാണ്. റിലീസിനൊരുങ്ങുന്ന സകലകലാശാല എന്ന ചിത്രത്തിലൂടെ ബേണിയുടെ മകൻ കീർത്തൻ ബേണി പിന്നണിഗാനരംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. സംഗീതലോകത്തിലെ ഹൃദയബന്ധങ്ങളെക്കുറിച്ചും പുതിയ പാട്ടിനെക്കുറിച്ചും കീർത്തൻ ബേണി മനസു തുറക്കുന്നു. 

ട്രാക്ക് പാടാനെത്തി പാട്ടുകാരനായി

എബി ടോം സിറിയക് ആണ് സകലകലാശാല എന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ. പാവാട എന്ന ചിത്രത്തിനു വേണ്ടി പാട്ടൊരുക്കിയത് എബി ചേട്ടനായിരുന്നു. അന്നു മുതലുള്ള പരിചയമാണ്. അദ്ദേഹത്തിന്റെ വർക്കുകളിൽ ട്രാക്ക് പാടാൻ വിളിക്കാറുണ്ട്. സകലകലാശാല എന്ന ചിത്രത്തിലും ട്രാക്ക് പാടാനാണ് ഞാൻ വന്നത്. അത് പാടി റെക്കോർഡ് ചെയ്തു പോരുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം വേറൊരു ഗാനത്തിന് കോറസ് പാടാനായി ഞാൻ ചെന്നു. ഞാൻ ട്രാക്ക് പാടിയ പാട്ട് ആരാണ് സിനിമയിൽ പാടുന്നത് എന്നറിയാനുള്ള കൗതുകം ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ അതൊരു സർപ്രൈസ് ആണെന്ന മറുപടിയാണ് കിട്ടിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ ഒരു ഫോൺ കോൾ എനിക്കു വന്നു. ട്രാക്ക് പാടിയ ശബ്ദത്തിൽ തന്നെ ആ ഗാനം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു എന്ന പറഞ്ഞായിരുന്നു കോൾ. എനിക്ക് വിശ്വസിക്കാനായില്ല. വലിയ സന്തോഷമായിരുന്നു ആ വാർത്ത സമ്മാനിച്ചത്.  

തുടക്കം അടിപൊളിപാട്ടിൽ

സകലകലാശാല എന്ന ചിത്രത്തിൽ ഒരു അടിച്ചുപൊളി പാട്ടാണ് ഞാൻ പാടിയിട്ടുള്ളത്. 'വമ്പു വേണ്ട, കൊമ്പു വേണ്ട' എന്നു തുടങ്ങുന്ന പാട്ട്. പാടിയതിന്റെ റഫ് ഞാൻ അപ്പച്ചനെ (സംഗീതസംവിധായകൻ ബേണി) കേൾപ്പിച്ചു. നന്നായിട്ടുണ്ടെന്ന് അപ്പച്ചൻ പറഞ്ഞു. പാട്ട് റിലീസ് ചെയ്യുന്നതും കാത്തിരിപ്പാണ് ഇപ്പോൾ എല്ലാവരും. സകലകലാശാലയിലെ പാട്ട് ജനങ്ങൾ ഏറ്റെടുക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല പാട്ടാണ്. ഹിറ്റാകുമെന്നാണ് പ്രതീക്ഷ. സംവിധായകൻ വിനോദ് ഗുരുവായൂർ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നന്നായി ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാവ്, സംവിധായകൻ വിനോദ് ഗുരുവായൂർ, തിരക്കഥാകൃത്തുക്കളായ ജയരാജ്, മുരളി ഗിന്നസ്, സംഗീത സംവിധായകൻ എബി എന്നിവരോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അവരുടെ തീരുമാനമാണ് എന്റെ ശബ്ദത്തിൽ തന്നെ ഈ പാട്ട് ജനങ്ങളിലേക്കെത്താൻ നിമിത്തമായത്.   

സൗഹൃദത്തിന്റെ കാരവൻ

ഞാനും എന്റെ ഏട്ടൻ താൻസെൻ അനിയത്തി സെറി, ഇഗ്നേഷ്യസ് അങ്കിളിന്റെ മകൻ സുബിൻ എന്നിവരൊക്കെ ചേർന്ന് ടീൻ താൽ (Teen Taal) എന്ന പേരിൽ ഒരു മ്യൂസിക് ചാരിറ്റി ബാൻഡ് ഉണ്ടാക്കിയിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് അന്ന് അത് ചെയ്തത്. ഞങ്ങളുടെ ടീനേജ് കാലം കഴിഞ്ഞതോടെ ആ ബാൻഡ് അത്ര സജീവമല്ലാതായി. പലരുടെയും വിവാഹം കഴിഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഞങ്ങൾ ഒരു പുതിയ ബാൻഡ് ഉണ്ടാക്കിയിട്ടുണ്ട്. ഇതൊരു ഗസൽ ബാൻഡ് ആണ്. പേര് കാരവൻ. ഗസൽ, ഖവാലി, സൂഫി തുടങ്ങിയ സംഗീതവഴികളിലുള്ള പാട്ടുകൾ പാടുന്ന ബാൻഡ്. ഗസൽ ഗായകൻ ഉമ്പായി സാബിന്റെ മകൻ സമീർ ഇബ്രാഹിമാണ് അത് ഏകോപിപ്പിക്കുന്നത്. സമീർ ഇബ്രാഹിം ഗിറ്റാറിസ്റ്റാണ്. കഴിഞ്ഞ മാസം കടവന്ത്രയിൽ വച്ചാണ് ബാൻഡ് ലോഞ്ച് ചെയ്തത്.  

 

ആ സ്നേഹത്തിന്റെ തണലിൽ

അപ്പച്ചന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള പലരുടെയും മക്കൾ ഞങ്ങളുടെ സംഗീത കൂട്ടത്തിലുണ്ട്. അപ്പച്ചന്റെ കാലത്ത് അവരുടെ ഇടയിൽ ഉണ്ടായിരുന്ന സൗഹൃദം പോലെ പുതിയ കാലത്ത് ഞങ്ങളുടെ തലമുറയിലും ആ സ്നേഹബന്ധം അതുപോലെ നിലനിൽക്കുന്നു. അപ്പച്ചനും അങ്കിളുമൊക്കെ ചെയ്ത പാട്ടുകൾ ഞങ്ങൾ മെഡ്ലിയായി ചെയ്തു കേൾപ്പിക്കും. അതൊക്കെ കേട്ട് അപ്പച്ചൻ അഭിപ്രായങ്ങൾ പറയും. കൂടുതൽ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളൊക്കെ പങ്കു വയ്ക്കും. ഞങ്ങളുടെ സംഘത്തിലെ എല്ലാ പാട്ടുകളും അപ്പച്ചനെയും അങ്കിളിനെയും കേൾപ്പിച്ച് അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടേ പുറത്തിറക്കാറുള്ളൂ.  

ആ പേരാണ് ഞങ്ങളുടെ ഭാഗ്യം

സംഗീതവും സൗണ്ട് എൻജിനീയറിങ്ങുമാണ് എപ്പോഴും എന്റെ മനസിൽ ഉണ്ടായിരുന്നത്. എന്റെ മാത്രമല്ല, ഞങ്ങൾ സഹോദരങ്ങളിൽ എല്ലാവരിലുമുണ്ട് സംഗീതം. ഞങ്ങളിൽ നിന്നു വരുന്ന സംഗീതം നല്ലതായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെയാണ് അപ്പച്ചനും അങ്കിളും ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നതും. ഒരു പാട്ടു പാടുകയാണെങ്കിലും ഈണം ഉണ്ടാക്കുകയാണെങ്കിലും ആത്മാർത്ഥതയോടെ പൂർണമായും നൽകണം. ഞങ്ങളെ കാണുമ്പോഴൊക്കെ ആളുകൾക്ക് ബേണി ഇഗ്നേഷ്യസ് ദ്വയത്തെക്കുറിച്ചാണ് ചോദിക്കാനുള്ളത്. ബേണി–ഇഗ്നേഷ്യസ് എന്ന പേര് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യമാണ്. അതിന്റെ പേരിൽ സമ്മർദ്ദങ്ങളില്ല.