'ഋതുമതിയെ ആചാര മതിലാൽ' വരികൾ വിശ്വാസത്തിന് എതിരോ?

ശബരിമലയുടെ പേരിൽ വാക്പോരും രാഷ്ട്രീയയുദ്ധവും മുറുകുമ്പോൾ അയ്യപ്പ സങ്കൽപത്തിന്റെ ഉള്ളറിവുകളിലേക്ക് സംഗീതത്തിലൂടെ ക്ഷണിക്കുകയാണ് സംഗീതസംവിധായകൻ ബിജിപാലും എഴുത്തുകാരൻ ഹരിനാരായണനും. ഇരുവരും ചേർന്ന് പുറത്തിറക്കിയ അയ്യപ്പഗാനം അതിന്റെ പ്രമേയം കൊണ്ടു തന്നെ ചർച്ചയാകുകയാണ്. പുതിയകാലത്തെ വിപ്ലവ വരികളെന്ന് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്ന അയ്യന്റെ പാട്ടുവഴികളെക്കുറിച്ച് ഹരിനാരായണൻ മനോരമ ഓൺലൈനിനോടു മനസു തുറന്നു. 

വിമർശനങ്ങളോടു ബഹുമാനം

ഒരു അഭിപ്രായം പറയുമ്പോൾ രണ്ടു രീതിയിലുള്ള വിമർശനങ്ങൾ തീർച്ചയായും വരും. അതിനെ ബഹുമാനപൂർവം സമീപിക്കുന്നു. അയ്യൻ എന്ന സങ്കല്പം ഭക്തിക്കെതിരെയുള്ളതല്ല. ഭക്തനും വിഭക്തനുമുള്ളതാണ് ആ സങ്കൽപം. തത്വമസി എന്നാണ് ശബരിമല അയ്യപ്പൻ പറയുന്നത്. 'നീ തന്നെയാണ് ഞാൻ' അല്ലെങ്കിൽ ഭേദങ്ങളില്ലാത്തതാണ് അവിടം. വേദകാലത്തിൽ യാജ്ഞവൽക്യനാണ് പറപ്പെടുന്നൊരു മുനി. അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്ന മൈത്രേയിയും ഗാർഗിയും. യാജ്ഞവൽക്യനൊപ്പം അല്ലെങ്കിൽ അതിനും മുകളിൽ തർക്കങ്ങളിലേർപ്പെടുകയും വേദം പഠിപ്പിക്കുകയും യജ്ഞങ്ങൾ ചെയ്യുകയും ചെയ്തിരുന്നവരായിരുന്നു അവർ. അങ്ങനെയൊരു സംസ്കാരം നമുക്കുണ്ട്. ചരിത്രം നമുക്കുണ്ട്. ഒന്നിന്റെയും നിഷേധമല്ല ഞങ്ങൾ ചെയ്തിരിക്കുന്നത്. അയ്യൻ എന്ന പറയുന്ന സങ്കൽപത്തിന്റെ ചരിത്രമാണ്. 

ഇത് ചരിത്രത്തിന്റെ ഭാഗം

പലരും പറയുന്ന വിമർശം ആര്യ–ദ്രാവിഡ വ്യത്യാസത്തെ പാട്ടിൽ കൊണ്ടുവരുന്നു എന്നതാണ്. ആര്യ–ദ്രാവിഡ വ്യത്യാസം നമ്മുടെ ചരിത്രത്തിന്റെ ഭാഗം തന്നെയായിരുന്നു. അങ്ങനെയൊരു ചരിത്രപ്പറ്റി, ഭക്തിയെപ്പറ്റി, അങ്ങനെയൊരു ഈശ്വരനെപ്പറ്റി പറയുമ്പോൾ എല്ലാവരെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ആ ചരിത്രവും പറഞ്ഞുപോകുന്നത്. ഭക്തിക്കോ വിശ്വാസത്തിനോ എതിരായ ഒന്നല്ല അത്. ഭക്തിയുടെ വേറൊരു തലമാണ് ഈ അയ്യപ്പഗാനത്തിലൂടെ പങ്കുവയ്ക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭക്തി. എങ്കിലും വിപരീത ശബ്ദങ്ങൾ ഉയരുന്നുണ്ടായിരിക്കും. ഈ ഗാനത്തിൽ ഭക്തിയെയോ വിശ്വാസത്തെയോ എതിർക്കുന്നതായി ഒന്നുമില്ല. ശാന്തിയുടെ സന്ദേശമാണ് അത് പറയുന്നത്.  

വേദങ്ങളല്ല, ഭേദങ്ങൾ

വീഡിയോയ്ക്കൊപ്പം പാട്ടിന്റെ വരികൾ കൃത്യമായി നൽകിയിട്ടുണ്ട്. എങ്കിലും പലരും 'ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന ആത്മാനുഭൂതിയാണയ്യൻ' എന്ന വരിയിലെ 'ഭേദങ്ങൾ' എന്ന വാക്കിനെ വേദങ്ങൾ എന്നു തെറ്റിദ്ധരിച്ചതായി കാണുന്നു. പാടിക്കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു എന്നാണ് അവർ പറയുന്നത്. റെക്കോർഡിങ്ങിന്റെ സമയത്ത് കേട്ടവർക്കൊന്നും അങ്ങനെ തോന്നിയില്ല. പിന്നീട് ജനങ്ങളിലേക്ക് എത്തുമ്പോഴാണ് ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടെന്നു മനസിലാക്കുന്നത്. 'വേദം' അല്ല 'ഭേദം' എന്നു തന്നെയാണ് ആ വരികൾ. ഒരു ഭേദവും ഇല്ലാത്ത ഇടമാണ് ശബരിമല. അത് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. അതാണ് ആ വരിയിലൂടെ പറയാൻ ശ്രമിച്ചതും. വേദങ്ങളില്ലാതാകുന്ന ഒരു സ്ഥലം എന്ന നിലയിൽ അല്ല ശബരിമലയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 

ഭക്തന് അപ്രാപ്യമാകരുതു ഭഗവാൻ

ഞാനും ബിജിയേട്ടനും (സംഗീതസംവിധായകൻ ബിജിപാൽ) പല തവണ ഈ വിഷയത്തെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഞങ്ങളുടെ ചിന്തകളിൽ സമാനതയുള്ള ചില ഭാഗങ്ങളുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട സൗഹൃദ സംഭാഷണത്തിനിടയ്ക്ക്  പലപ്പോഴായി പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസം ബിജിയേട്ടൻ എന്നോടു ഒരു പാട്ടു ചെയ്യാമോ എന്നു ചോദിച്ചു. ഭക്തനും വിഭക്തനും ഉള്ള രീതിയിലുള്ള ഒരു പാട്ട്. ഞാൻ വിശ്വാസത്തിന് എതിരായ ഒരാളല്ല. വിശ്വാസത്തിന്റെ ഭാഗമായി ജീവിച്ചിട്ടുള്ള ഒരാൾ തന്നെയാണ്. വിശ്വാസത്തിനും ഭക്തിയ്ക്കും ഒക്കെ അപ്പുറത്ത് ജാതി–ലിംഗ-മതഭേദങ്ങൾക്കും അപ്പുറത്തു നിന്നുകൊണ്ടാണ് ഈ ചിന്തയുണ്ടാകുന്നത്. ഭക്തൻ ആരായാലും അവന് അപ്രാപ്യമാകരുത് ഭഗവാൻ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ബിജിയേട്ടൻ പറഞ്ഞപ്പോൾ‌ ഞാൻ ഉടനെ സമ്മതിച്ചു. എന്റെ മനസിൽ വന്ന ആശയവും ചിന്തയും കൂട്ടിച്ചേർത്ത് വരികളൊരുക്കി. സിനിമാ പാട്ടെഴുതുന്ന പോലെ ഒരു ആശയം തന്നിട്ട് അതിലൂടെ പോവുകയായിരുന്നില്ല. എന്റെ മനസിലെ ആശയത്തിനു വരികളൊരുക്കി. ബിജിയേട്ടൻ അതിന് ഇണങ്ങുന്ന ഈണം ഒരുക്കി. അങ്ങനെയാണു പാട്ടിലേക്കു വരുന്നത്. 

ശബ്ദവും രാഷ്ട്രീയമാണ്

പാട്ടിന് ഈണമിട്ടതും പാടിയിരിക്കുന്നതും ബിജിയേട്ടനാണ്. എഡിറ്റ് ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെ. ഞങ്ങളുടെ രണ്ടുപേരുടെയും സമാനസ്വഭാവത്തിലുള്ള ചിന്ത ആയതിനാൽ അത് അവതരിപ്പിക്കേണ്ടതും ഞങ്ങൾ തന്നെയാണെന്നു തോന്നി. ആ കാര്യങ്ങൾ പ്രതിനിധീകരിക്കേണ്ടത് ഞങ്ങൾ തന്നെയാണ്. എന്റെ ശബ്ദം പോലും അയ്യനിലെ കോറസിലുണ്ട്. ഞാനൊരു ഗായകനേ അല്ല. ബിജിയേട്ടൻ പക്ഷേ അത് അങ്ങനെത്തന്നെ വേണമെന്ന് നിർബന്ധിച്ചു. ചില വരികൾ ഞാൻ പറയുന്നതുണ്ട്. എന്റെ ശബ്ദം നല്ലതാണെന്നെന്നും എന്നാൽ പാടാൻ അറിയില്ലെന്നും അദ്ദേഹത്തിന് അറിയാം. എന്നാൽ പാട്ടിന്റെ ജൈവികതയ്ക്കു വേണ്ടി ഞാൻ പറയുന്ന വരികൾ കൂടി അതുപോലെ ചേർത്തു. അതും ഒരു രാഷ്ട്രീയമാണ്. 

ഇത് ഞങ്ങളുടെ ബോധ്യം

ഇപ്പോഴത്തെ കാലത്ത് ആളുകൾ കൃത്യമായി നിലപാടുകൾ പറയുന്നുണ്ട്. വിവാദവിഷയം എന്നൊക്കെ പറയുമെങ്കിലും നമ്മുടെ ഉള്ളിലുള്ള ബോധ്യമാണ് പ്രകടിപ്പിക്കുന്നത്. ബിജിയേട്ടൻ ചോദിച്ചപ്പോൾ എനിക്കും അങ്ങനെയൊരു ബോധ്യമുള്ളതുകൊണ്ടു പ്രകടിപ്പിച്ചു. അതു നമ്മുടെ ഒരു കടമയാണ്. നമ്മുടെ ഉള്ളിൽ ബോധ്യമുള്ളതുകൊണ്ട് പറ്റാവുന്ന ഒരു മാധ്യമത്തിലൂടെ അത് പ്രകടിപ്പിച്ചു. പ്രസംഗിക്കാവുന്നവർ പ്രസംഗിക്കുന്നു... എഴുതാൻ കഴിയുന്നവർ അങ്ങനെ ചെയ്യുന്നു. നമ്മൾ പ്രവർത്തിക്കുന്ന ഒരു മാധ്യമത്തിലൂടെ ഒരു സ്വതന്ത്രാവിഷ്കാരം എന്ന നിലയിൽ ചെയ്യുന്നു. ഈ പാട്ട് ഭക്തിയ്ക്കോ വിശ്വാസത്തിനോ ഭരണഘടനയ്ക്കോ എതിരല്ല. അഥവാ അയ്യപ്പൻ എന്നു പറയുന്ന നമ്മുടെ കാലാതീതമായ സങ്കൽപം ഉദ്ഘോഷിക്കുന്ന സമതയെ തന്നെയാണ് ഇവിടെയും നമ്മൾ പറഞ്ഞിട്ടുള്ളൂ. ആ ബോധ്യം തീർച്ചയായും ഉണ്ട്.