കിങ് ഖാനെ വിസ്മയിപ്പിച്ച ആ പാട്ടുകാരൻ!

ആയിരക്കണക്കിന് ആരാധകരെ നിമിഷനേരം കൊണ്ടു കയ്യിലെടുത്തു വിസ്മയിപ്പിക്കുന്ന ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ മണിക്കൂറുകളോളം പാട്ടുപാടി പിടിച്ചിരുത്തിയതിന്റെ ക്രെഡിറ്റ് ഈ തൃശൂരുകാരനാണ്. ഗായകൻ അനൂപ് ശങ്കർ ഇങ്ങനെയാണ്. ആളുകളെ പിടിച്ചിരുത്തി കളയും! കിങ് ഖാനെ അതിശയിപ്പിച്ച സംഗീതനിശയെക്കുറിച്ചും സ്വന്തം പാട്ടുവഴികളെക്കുറിച്ചും ഗായകൻ അനൂപ് ശങ്കർ മനസു തുറക്കുന്നു. 

കിങ് ഖാനെ വിസ്മയിപ്പിച്ച പാട്ട്

ദുബായ് വച്ചു നടന്ന ഒരു പരിപാടിയിൽ അതിഥി ആയാണ് ഷാരൂഖ് ഖാൻ എത്തിയത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായ പാട്ടുകൾ കോർത്തിണക്കി ഒരു ഗാനോപഹാരമായി പരിപാടി ഒരുക്കുകയായിരുന്നു. സാധാരണ ഒരു സ്റ്റേജ് ഷോയിൽ അധികം കേൾക്കാത്ത പാട്ടുകളായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. പാട്ടുകളുടെ തിരഞ്ഞെടുപ്പ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഓരോ പാട്ടിനു ശേഷവും അദ്ദേഹം അത് പങ്കുവച്ചു കൊണ്ടേയിരുന്നു. ആംഖോ പേ തേരി (ഓം ശാന്തി ഓം), ഏയ് അജ്നബി (ദിൽ സേ), ജിയാ ജലേ (ദിൽ സേ), ബാസിഗരോ ബാസിഗർ (ബാസിഗർ), സൂരജ് ഹുവാ മദ്ദം (കഭീ ഖുശീ കഭീ ഘം) തുടങ്ങിയ പാട്ടുകൾ. ഷാരൂഖ് ഖാൻ വേദിയിൽ വരുമ്പോൾ സാധാരണ കേൾക്കാറുള്ളത് ഹൈ എനർജി പാട്ടുകളാണല്ലോ! എന്നാൽ അദ്ദേഹം അവതരിപ്പിച്ച ഇത്തരം മെലഡികളാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഓരോ പാട്ടിനെക്കുറിച്ചും അദ്ദേഹം ഓർമകൾ പങ്കു വച്ചു. ഇങ്ങനെ പാട്ടുകളുടെ ഓർമകൾ പങ്കുവയ്ക്കുന്ന ഷാരൂഖ് കാണികൾക്കും ഒരു പുതിയ അനുഭവമായിരുന്നു. വേദികളെ ഇളക്കി മറയ്ക്കുന്ന ഷാരൂഖ്, ഒരു സോഫയിലിരുന്ന് മെലഡികൾ കേട്ട് ഓർമകൾ പങ്കു വയ്ക്കുന്നു.... അതു തന്നെയായിരുന്നു ഞങ്ങൾ ആഗ്രഹിച്ചതും!   

കലാകാരന്മാരെ ആദരിക്കുന്ന മനസ്

ഞങ്ങളുടെ ബാന്റിൽ ഓടക്കുഴൽ വായിച്ചിരുന്നത് നിഖിലായിരുന്നു. ഷാരൂഖ് ഖാൻ വേദിയിൽ എത്തിയ സമയത്ത് ബാന്റിനെ പരിചയപ്പെടുത്തിയിരുന്നു. പരിപാടിയിൽ 'കൽ ഹോ ന ഹോ' എന്ന ചിത്രത്തിലെ ഒരു ഇൻസ്ട്രമെന്റൽ പീസ് വായിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട്, രണ്ടും കയ്യും ആകാശത്തേക്കു പതുക്കെ ഉയർത്തിയുള്ള അദ്ദേഹത്തിന്റെ സിഗ്നേച്ചർ ആക്ഷൻ കാണിക്കാമോ എന്നു കാണികളിൽ ഒരാൾ അഭ്യർത്ഥിച്ചപ്പോൾ ഷാരൂഖ് പശ്ചാത്തലസംഗീതത്തിനായി ബാന്റിലെ നിഖിലിനെ നോക്കി. അദ്ദേഹത്തിന്റെ പേരെടുത്ത് വിളിച്ചാണ് അതൊന്നു കൂടി വായിക്കാമോ എന്നു ചോദിച്ചത്. കൂടെ, എന്നോടു ഒരു ക്ഷമാപണവും. എന്റെ ബാന്റിലെ ഒരു അംഗത്തോടു നേരിട്ടു ഇക്കാര്യം ചോദിച്ചതിൽ പരിഭവപ്പെടില്ലല്ലോ എന്ന്! ഷാരൂഖ് ഖാനെപ്പോലെ ഇത്രയും വലിയ താരം ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നു, കലാകാരന്മാരെ ബഹുമാനിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.  

വഴിത്തിരിവായ ദീപാവലി വിരുന്ന്

അതുപോലെ തന്നെ ദീപാവലി വിരുന്നിലും പാട്ടു പാടാൻ അവസരം ലഭിച്ചിരുന്നു. അത് സംഭവിച്ചത് കഴിഞ്ഞ വർഷമായിരുന്നു. അന്ന് അമിതാഭ് ബച്ചൻ, സച്ചിൻ , നാഗാർജുന, മമ്മൂട്ടി, അമല, മഞ്ജു വാര്യർ, നിവിൻ പോളി, ജയറാം, ഹരിഹരൻ, സുജാത, ശ്വേത തുടങ്ങിയവരായിരുന്നു അന്നത്തെ പരിപാടിയിൽ അതിഥികളായുണ്ടായിരുന്നത്. ആ വീഡിയോ വൈറലായിരുന്നു. അത് എന്റെ കരിയറിൽ വലിയ വഴിത്തിരിവായി. അംബാനി കുടുംബത്തിലെ ഒരു ചടങ്ങിന് പാടാൻ ക്ഷണം ലഭിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു അത്. ഉത്തരേന്ത്യയിൽ കുറച്ച് സ്റ്റേജ് ഷോകൾ ലഭിക്കാനും ആ വീഡിയോ കാരണമായി. 

വേദിയെ ഇളക്കി മറിയ്ക്കുന്ന പാട്ടുകാരനല്ല ഞാൻ

ഗായകൻ എന്ന നിലയിൽ എനിക്കു തോന്നിയിട്ടുളളത്, വേദിയെ ഇളക്കി മറിയ്ക്കുന്ന ഒരു ഗായകനല്ല ഞാനെന്നാണ്. അതെനിക്കൊരു വലിയ വെല്ലുവിളിയാണ്. എന്റെ ശൈലിയെ പരിചയപ്പെടുത്തുക എന്നതു വളരെ പ്രധാനമാണ്. ഒരു ആർടിസ്റ്റിനെ സംബന്ധിച്ചിടത്തോളം അതു നിർണായകമാണ്. ഞാൻ വിശ്വസിക്കുന്ന, എനിക്കുറപ്പുള്ള എന്റെ പാട്ടുരീതിയെ പരിചയപ്പെടുത്തുന്നതിനായി ഞാൻ ഒരുപാടു കാലം കാത്തിരുന്നിട്ടുണ്ട്. എന്റെ ശൈലിയെ പരിചയപ്പെടുത്താൻ എനിക്ക് ആ ദീപാവലി വിരുന്നിലൂടെ അവസരം ലഭിച്ചു. അതുവഴി എനിക്ക് പുതിയ സാധ്യതകൾ തുറന്നു കിട്ടി. മെലഡികളുമായി ഉത്തരേന്ത്യയിൽ നിരവധി ഇടങ്ങളിൽ സഞ്ചരിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു ഗായകൻ പാടുന്ന ഹിന്ദി ഗാനങ്ങൾ കേൾക്കാൻ ഉത്തരേന്ത്യയിലെ സംഗീത ആസ്വാദകർ താൽപര്യം കാണിച്ചെന്നു പറയുന്നതു തന്നെ വലിയ അംഗീകാരമാണ്.