യേശുദാസിന്റെ ശബ്ദമായിരുന്നെങ്കിൽ റഹ്മാൻ പരിഗണിക്കുമായിരുന്നോ? അൽഫോൺസ്

അൽഫോൺസ്...ആ പേരിനു തന്നെ സംഗീതത്തിന്റെ ഒഴുക്കാണ്. സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് അങ്ങനെ പലപേരുകൾ ചേർന്നതാണ് അൽഫോൺസ് എന്ന പേര്. വെള്ളിത്തിര എന്ന ചിത്രത്തിലൂടെ മലയാളിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്നു. ഒടുവിൽ എ.ആർ. റഹ്മാന്റെ പ്രിയപാട്ടുകാരുടെ ഇടയിലും ഈ പേരു കേൾക്കാം. സംഗീതമാണ് ഈ ജീവിതം . സ്വതസിദ്ധമായ പുഞ്ചിരിയോടെ ജീവിത കഥ പറയുകയാണ് അൽഫോൺസ്. 

പിറന്നത് സംഗീത കുടുംബത്തിൽ

അപ്പച്ചൻ സംഗീതജഞ്നായിരുന്നു. എളയപ്പൻ ശരിക്കും മ്യൂസിക് ഡയറക്ടർ ആയിരുന്നു. കെ. കെ പോൾ എന്നു പറയും. രണ്ടുമൂന്ന് ഓർക്കെസ്ട്രാ ടീമുകളിൽ ലീഡർഷിപ്പ് എടുത്തിട്ടുണ്ട്. ഔസേപ്പച്ചൻ സാറിന്റെയും ജോൺസൺ മാഷിന്റെയും എല്ലാം കൂടെ വയലിൻ വായിച്ചിരുന്നു. ഇവരിൽ നിന്നെല്ലാമാണ് മ്യൂസിക്കിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. അപ്പച്ചനായാലും ഇളയപ്പനായാലും മ്യൂസിക് ആദ്യം പഠിപ്പിക്കുന്നത് എന്നെയാണ്. ആദ്യത്തെ 'ടെസ്റ്റ് ഡോസ്' എന്റെ അടുത്താണ്. ചെറുപ്പത്തിൽ ഇവരുടെ എല്ലാം ഉപദേശങ്ങൾ ലഭിച്ചത് വലിയ അനുഗ്രഹമായിരുന്നു. വീട്ടിൽ മക്കൾ ഞങ്ങൾ ഏഴുപേരുണ്ട്. മൂത്തചേട്ടൻ ജോമോൻ പിയാനിസ്റ്റാണ്. അനിയൻ പോൾസൺ സിത്താറിസ്റ്റാണ്. ഗാർവാർഡ് യുനിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലിസ്റ്റായിരുന്നു. പിന്നെയുള്ള ഒരാളും പിയാനിസ്റ്റാണ്

റെക്സ് ബാന്റിന്റെ ഉദയം

1989ലാണു ഞാൻ റെക്സ്ബാന്റിലുള്ളവരുമായി പരിചയപ്പെടുന്നത്. ഒരു സംഗീത പരിപാടിയിലൂടെയായിരുന്നു ഞാൻ എല്ലാവരെയും പരിചയപ്പെട്ടത്. ഒരു ബാന്റ് ഉണ്ടാക്കണം എന്നു കരുതി ഉണ്ടായതല്ല  റെക്സ്ബാന്റ്. 89ൽ എറണാകുളത്തു വച്ചു നടന്ന ഒരു പരിപാടിയിൽ ആണ് യഥാർഥത്തിൽ ഈ ബാന്റ് പിറക്കുന്നത്. കാരണം അന്ന് അവിടെ വരാമെന്നു പറഞ്ഞിരുന്ന ബാന്റിന് എത്താൻ കഴിഞ്ഞില്ല. ഇംഗ്ലീഷ് പാട്ടുകളായിരുന്നു വേണ്ടത്. തുടർന്ന് അന്ന് സിംഗപ്പൂരിൽ നിന്നും വന്ന ഒരു ഫാദർ നിങ്ങൾക്കു തന്നെ ഇവിടെ ഒരു ഗ്രൂപ്പ് തുടങ്ങിക്കൂടെ എന്നു ചോദിച്ചു. അന്ന് അവിെട അവതരിപ്പിച്ച പരിപാടി വളരെ ജനശ്രദ്ധനേടുകയും ചെയ്തു. അങ്ങനെയാണു റെക്സ് ബാന്റ് പിറക്കുന്നത്. പല മ്യൂസിക് ജോണറിലുള്ളവർ ഒരുമിച്ചെത്തുന്നു എന്നതാണ് ഇതിന്റെ ഒരു പ്രത്യേകതയായി മനസ്സിലായത്. അന്ന് കേരളത്തിൽ ഫ്യൂഷൻ മ്യൂസിക് എന്നത് അത്ര പോപ്പുലർ ആയിരുന്നില്ല. ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെതായ സംഭാവനകള്‍ നൽകി. അങ്ങനെ ആയപ്പോൾ അത് മനോഹരമായ ഒരു സിംഫണിയായി മാറുന്നതു മനസ്സിലായി. ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി കാനഡയിലാണു ഞങ്ങൾ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. പിന്നീട് റെക്സ്ബാന്റ് നിരവധി സ്റ്റേജ് ഷോകളും ആൽബങ്ങളും സംഘടിപ്പിച്ചു. 

പതുക്കെ പടികള്‍ കയറി സിനിമയിൽ

റെക്സ്ബാന്റിന്റെ നിരവധി ഗാനങ്ങള്‍ ചെയ്തു പതുക്കെ പതുക്കെയാണ് സിനിമയിലേക്കു വരുന്നത്. സിനിമയിലേക്കു വരുമ്പോൾ എനിക്ക് എന്റെതായ ഒരു രീതിയിൽ എത്താൻ കഴിഞ്ഞിരുന്നു. റെക്സ് ബാന്റിലെ എക്സ്പീരയൻസാണ് അതിനു സഹായമായത്. എന്റെ സുഹൃത്ത് ലിയോ ആണ് ഭദ്രൻ സാറിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം തന്റെ പുതിയ സിനിമയിൽ പുതിയ ഒരു സംഗീത സംവിധായകനെ തിരയുന്നു എന്നു പറഞ്ഞപ്പോൾ ലിയോ ആണ് എന്റെ പേര് നിർദ്ദേശിച്ചത്. അന്ന് ഞാൻ ജോലി സംബന്ധമായി ദുബായിൽ ആണ്. ദുബായിൽ ഇരുന്നു തന്നെ ആ സിനിമയുടെ രണ്ടുപാട്ടുകൾ ഞാൻ ചിട്ടപ്പെടുത്തി. ലീവെടുത്തു നാട്ടിൽ വന്ന ് ഭദ്രൻ സാറിനെ കേൾപ്പിച്ചു. അത് എല്ലാവർക്കും ഇഷ്ടമായി. വെള്ളിത്തിരയിലെ പാട്ടുകൾ റിലീസ് ആയതിനു ശേഷം വീണ്ടും ദുബായിലേക്കു പോയി.. പിന്നീട് വന്നു ജലോത്സവവും മഞ്ഞുപോലൊരു പെൺകുട്ടിയുമൊക്കെ ചെയ്തു. അതിനു ശേഷം ഞാൻ ജോലി ഉപേക്ഷിച്ചു പൂർണമായും സംഗീതത്തിലേക്കു കടന്നു. അങ്ങനെ പലഘട്ടങ്ങളിലൂടെ കടന്നു പോയതിനു ശേഷമാണ് ഈ  മേഖലയിൽ എത്തിച്ചേരുന്നത്. 

മുറിവേൽപ്പിച്ച പേരും ശബ്ദവും

ചെറുപ്പം മുതലേ എനിക്ക് പാട്ടുകാരനാകണം എന്നൊരു മോഹം ഉണ്ടായിരുന്നു. പക്ഷേ, എന്റെ ശബ്ദം മോശമാണെന്നു തോന്നി. കാരണം അന്നത്തെ കാലത്ത് ദാസേട്ടനെ പോലെ ശബ്ദമുള്ളവർക്കു മാത്രമേ ഗാനമേളയ്ക്കും മറ്റും അവസരങ്ങളുള്ളൂ. എന്റേതാണെങ്കിൽ അൽപം ഫീമെയ്ൽ ടച്ചുള്ള വോയ്സാണ്.  എനിക്കെന്തിനാണ് ഇങ്ങനെ ഒരു ശബ്ദം നൽകിയതെന്ന് അന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. രണ്ടുകാര്യങ്ങളാണു ചെറുപ്പം മുതൽ എന്നെ മുറിവേൽപ്പിച്ചിരിക്കുന്നത്. ഒന്ന് എന്റെ പേരും മറ്റൊന്ന് എന്റെ ശബ്ദവും. അൽഫോൺസ് എന്ന പേര് ഞങ്ങളുടെ നാട്ടിൽ അധികം ആർക്കും ഉണ്ടായിരുന്നില്ല. പലപ്പോഴും അൽഫോൺസാമ്മ എന്നു പറഞ്ഞ് എന്നെ പലരും കളിയാക്കിയിരുന്നു. അപ്പോൾ ഞാൻ ചിന്തിക്കും അച്ഛനും അമ്മയും എന്തിനാണ് എനിക്ക് ഇങ്ങനെ ഒരു പേര് നൽകിയത്. എന്നാൽ ഭാവിയിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ നേട്ടങ്ങളായി ഈ രണ്ടു കാര്യങ്ങളും.  കാരണം എന്റെ പേരു അധികം ആർക്കും ഇല്ലാതിരുന്നതു കൊണ്ടു പെട്ടന്നു തന്നെ ആളുകൾ  എന്നെ മനസ്സിലാകാൻ തുടങ്ങി. പിന്നെ എന്റെ വോയ്സ്. എന്റെ ഈ ശബ്ദമുണ്ടായിരുന്നില്ലെങ്കിൽ എനിക്ക് എ. ആർ. റഹ്മാനു വേണ്ടി പാടാൻ കഴിയില്ലായിരുന്നു. ഇന്ന് നമുക്കറിയാം ദാസേട്ടന്റെ പോലെ ഒരു ശബ്ദമാണെന്നു പറഞ്ഞാൽ ഒരു പക്ഷേ, ആരും പരിഗണിക്കണമെന്നില്ല. ഇന്നു വേണ്ടത് ഒരു ഇന്റിവിജ്വൽ വോയ്സ് ആണ്. അങ്ങനെ ഒരു ശബ്ദം ഉണ്ടായതു കൊണ്ടാണ് എനിക്ക് റഹ്മാനു വേണ്ടി പാടാൻ സാധിച്ചത്. പിന്നെ ഞാൻ ഗാനങ്ങൾക്കു സംഗീതം നല്‍കുമ്പോൾ തന്നെ എനിക്ക് പാട്ടുപാടാൻ ആഗ്രഹം ഉണ്ടായിരുന്നു. ചിലപാട്ടുകൾ ചെയ്യുമ്പോൾ എനിക്കു തോന്നും ഈ ഗാനത്തിന് എന്റെ ശബ്ദം നന്നായി ഇണങ്ങും. ചില സംവിധായകര്‍ അങ്ങനെ എനിക്ക് അവസരം നൽകി. അത്തരത്തിൽ ഒരു ഗാനമായിരുന്നു ബിഗ് ബിയിലേത്. ചിലര്‍ പറയും. വേണ്ട അൽ‌ഫോൺസ്, നമുക്കു പേരുള്ള പാട്ടുകാരെകൊണ്ടു പാടിക്കാം. അങ്ങനെ നിൽക്കുന്ന സമയത്താണ് റഹ്മാൻ സാർ പാടാൻ വേണ്ടി വിളിക്കുന്നത്. റഹ്മാൻ സാറിന്റെ ഒരു ഗാനം പാടിക്കഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ  അവസ്ഥ ആകെ മാറി. പിന്നീട് ചെന്നൈയിൽ നിന്നു നിരവധിപേർ വിളിക്കാൻ തുടങ്ങി. യുവൻ ശങ്കർ രാജ, ഡി. ഇമ്മൻ എന്നിങ്ങനെ തമിഴിലെ പ്രശസ്ത സംവിധായകരെല്ലാം എന്നെ വിളിച്ചു. എന്നാൽ ഒരു പാട്ടുകാരനായാണ് തമിഴിലേക്ക് എത്തിയതെങ്കിലും അവരും എന്നെ ഒരു സംഗീത സംവിധായകനായിട്ടാണു കാണുന്നത്. അതുകൊണ്ടു നമുക്കു കുറെ ഗുണങ്ങളുണ്ട്. ഉദാഹരണത്തിന് 'രാജാറാണി' എന്ന ചിത്രത്തിനായി 'സില്ലിന ഒരു മഴൈത്തുളളി പാടി കഴിഞ്ഞപ്പോൾ അതിന്റെ ഡയറക്ടർ എന്നോട് ആ പാട്ടിൽ ഏതാനും മലയാളം ലിറിക്സ് ആവശ്യമാണെന്നു പറഞ്ഞു. ഞാൻ നാട്ടിലെ നമ്മുടെ എഴുത്തുകാരെ എല്ലാം വിളിച്ചു പക്ഷേ, എല്ലാവരും തിരക്കിലായിരുന്നു. അങ്ങനെ ഞാൻ തന്നെ എഴുതിയതാണ് അതിലെ 'സുന്ദരി കിന്നരി മണി കൊലുസ്' എന്നു തുടങ്ങുന്ന മലയാളം വരികൾ.

റഹ്മാന്റെ മുന്നിൽ നിന്നപ്പോൾ ഒരുവരി പാടാനായില്ല

ഞാൻ ആദ്യമായി റഹ്മാൻ സാറിന്റെ മുന്നിൽ പോയി നിന്നപ്പോൾ ആദ്യത്തെ വരി പോലും എനിക്കു പാടാൻ കഴിഞ്ഞില്ല. അദ്ദേഹം എനിക്കു പാടി തന്നിട്ടും എനിക്കു പാടാൻ കഴിഞ്ഞില്ല. അപ്പോൾ ശ്രീനിയേട്ടന്‍ അവിടെ നിന്ന് എന്നോടു പറഞ്ഞു. എടോ എത്ര പാട്ടുകാരെ താൻ പാടിച്ചിട്ടുണ്ട്. എന്നിട്ടും താനെന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നത്. പിന്നെ റഹ്മാൻ സാർ എന്നെ കൂളാക്കി. താങ്കൾ ഇഷ്ടമുള്ള അത്രയും സമയം എടുത്തോളാൻ എന്നോടു പറയുകയും പിന്നെ ഓരോ വരികളായി പാടിച്ചു.ആദ്യത്തെ ആ കോറസിന്റെ നാലുവരി ഒരുപാട് സമയം എടുത്തു. പിന്നീട് പെട്ടന്നു ശരിയായി. നിരവധി പാട്ടുകാരെ കൊണ്ടു ഞാൻ പാടിപ്പിച്ചിട്ടുണ്ടെങ്കിലും റഹ്മാൻ സാറിന്റെ മുന്നിൽ പാടാനായി ഇരുന്നപ്പോഴാണ് എനിക്കു പാടാനിരിക്കുമ്പോഴുണ്ടാകുന്ന ടെൻഷൻ മനസ്സിലായത്.