കത്തിപ്പിടിച്ച് കത്രീന; ആക്ഷനിൽ തിളങ്ങി ബച്ചനും ആമിറും

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കെയ്ഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഒടുവിൽ പുറത്തിറങ്ങിയ മൻസൂർ ഇ ഖുദാ എന്ന ഗാനത്തിന്റെ ടീസറും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

കത്രീന കെയ്ഫിന്റെ തകർപ്പൻ ഡാൻസും ബച്ചന്റെയും ആമിറിന്റെയും ആക്ഷൻ സീനുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ശ്രേയ ഘോഷാൽ, സുനീതി ചൗഹാൻ, സുഖ്‌വിന്ദർ സിങ്, അജയ് ഘോഗാവലെ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. അജയ് അതുലാണ് സംഗീതം. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികൾ. 

റിലീസ് ചെയ്തു ദിവസങ്ങൾക്കകം ഗാനം എട്ടുലക്ഷത്തോളം പേർ യൂട്യൂബിൽ കണ്ടുകഴിഞ്ഞു. നിലവിൽ ട്രന്റിങ്ങിൽ ആറാമതാണു ഗാനം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കത്രീനയുടെ റോയൽ ലുക്കിനെ പ്രശംസിക്കുന്നവരാണ് ഏറെയും. 

ബ്രിട്ടീഷ് ഭരണകാലത്തെ ഒരുകൂട്ടം കവർച്ചക്കാരുടെ കഥയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ പറയുന്നത്. കവർച്ചാ സംഘത്തിന്റെ തലവനായ ഖുദാബക്ഷ് ആയാണു അമിതാഭ് ബച്ചൻ എത്തുക. ആക്ഷൻ അഡ്വൻജർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ്കൃഷ്ണ ആചാര്യയാണ്. നവംബർ എട്ടിനു തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ തീയറ്ററുകളിലെത്തും.