യന്തിരലോകത്തെ സുന്ദരിക്കു പിന്നാലെയാണു ഇപ്പോൾ രജനി ആരാധകരെല്ലാം. യന്തിര ലോകത്തെ സുന്ദരിയേ എന്ന ഗാനം എപ്പോഴാണെന്ന ആകാംക്ഷയിൽ 2.O കാണാൻ തീയറ്ററിൽ എത്തുന്നവരുമുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നരക്കോടിയിലേറെ കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം.
റഹ്മാനാണു ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത്. മദൻകർക്കിയുടെതാണു വരികൾ. സിദ്ദ് ശ്രീറാമും ഷാഷ തിരുപ്പതിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ഒരേസമയം പത്തു തവണ കേട്ടതായാണു പലരുടെയും കമന്റുകൾ.
യന്തിരനിലെ ഗാനങ്ങളെല്ലാം തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഇടം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ രജനിയുടെ വില്ലനായി എത്തുന്നത് അക്ഷയ്കുമാറാണ്. അക്ഷയ് കുമാറിന്റെ മേയ്‌ക്കോവറും ഭീകര രൂപവും ട്രെയിലർ പുറത്തുവന്നതോടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീയറ്ററുകളിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണു ചിത്രം.
ഒന്നാംദിവസം 115 കോടി രൂപ ചിത്രം സ്വന്തമാക്കിയതായാണു കണക്കുകൾ. 6.09 കോടിയാണു കേരളത്തിൽ ചിത്രത്തിനു ഒന്നാം ദിവസം ലഭിച്ച കളക്ഷൻ. ഈ വർഷത്തെ ആദ്യദിന കളക്ഷൻ റെക്കോർഡും 2.0യ്ക്കു തന്നെയാണ്. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡും 2.0 സ്വന്തമാക്കി. ഇതിനൊപ്പം ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി