പാട്ട് കോപ്പിയടി: ഗായകന് 20 മില്യൺ ഡോളർ പിഴ

മറ്റ് കാഡിലിന്റെ പാട്ട് പകർത്തിയെടുത്ത കേസിൽ 20 മില്യൺ യുഎസ് ഡോളർ(ഏകദേശം 129കോടി രൂപ) പിഴയായി നൽകി എഡ് ഷീരൻ‍. കോടതിയ്ക്കു പുറത്തു നടന്ന ചർച്ചകൾക്കൊടുവിലാണ് വൻ തുക പിഴയായി നൽകി പകർപ്പവകാശ നിയമപ്രകാരമുള്ള കേസ് ഗായകൻ ഒത്തുതീർപ്പാക്കിയത്. പാശ്ചാത്യ സംഗീത ലോകത്ത് ഉദിച്ചുയരുന്ന നക്ഷത്രമാണ് എഡ് ഷീരൻ. എന്നാല്‍ ഗായകനും സംഗീത സംവിധായകനുമായ എഡ് ഷീരന്റെ സംഗീതയാത്രയിലെ കളങ്കമാകുകയാണ് ഈ സംഭവം. 

എഡ് ഷീരന്റെ 'ഫോട്ടൊഗ്രാഫ്' എന്ന ഹിറ്റ് ഗാനമാണു വിവാദമായത്. ഈ ഗാനത്തിന് മറ്റ് കാഡിലിന്റെ അമേസിങ് എന്ന പാട്ടിന്റെ ഈണത്തിനോടാണ് സാമ്യമുണ്ടായിരുന്നത്. 'ഗാനത്തിന്റെ കോറസും 39 മ്യൂസികൽ നോട്സും' ഷീരൻ അതേപടി പകര്‍ത്തിയെടുത്തന്ന ആരോപണത്തിനാണ് ഒടുവിൽ എഡ്ഷീരൻ വലിയ വില കൊടുക്കേണ്ടി വന്നത്. എക്സ് ഫാക്ടർ എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലെ ജേതാവായ മറ്റ് കാഡിൽ‌ അഞ്ചു വർഷം മുൻപാണ് ഈ ഗാനം പുറത്തിറക്കിയത്. തോമസ് ലെനാഡ്, മാർട്ടിൻ ഹാരിങ്ടൺ എന്നിവർ ചേർന്നാണീ പാട്ട് എഴുതിയത്. സാധാരണക്കാർക്കു പോലും കേട്ടാൽ മനസിലാകുന്ന വിധത്തിലാണ് എഡ് ഷീരൻ തന്റെ ഗാനത്തിന്റെ ഈണം പകര്‍ത്തിയതെന്നാണ് മറ്റ് കാഡിൽ കാലിഫോർണിയ കോടതിയിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നത്.

പകർപ്പവകാശ നിയമ കേസുകളിൽ പരാതിക്കാരന് അനുകൂല വിധി സമ്പാദിക്കുന്നതിലൂടെ പ്രശസ്തനായ റിച്ചാർ ബഷ് എന്ന അഭിഭാഷകൻ മുഖേനയാണ് മറ്റ് കാഡിൽ വിജയം നേടിയെടുത്തത്. മാർവിൻ ഗയേയുടെ 'ഗോട് റ്റു ഗിവ് ഇറ്റ് അപ് എന്ന പാട്ട് പകർത്തിതിന് അദ്ദേഹത്തിന്റെ കുടുംബം റോബിൻ തിക്കേ, ഫാരൽ വില്യംസ് എന്നിവർക്കെതിരെ കേസ് നടത്തി വിജയം നേടിയതും ഈ അഭിഭാഷകൻ മുഖേനയാണ്.